ADVERTISEMENT

കുന്നംകുളം ∙ 7 നിലകളിൽ താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിന്റെ കോൺക്രീറ്റിങ് തുടങ്ങി. കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 76.50 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം ഉയരുന്നത്. പഴയ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കി ഭൂമിയുടെ ലവലിങ് പൂർത്തിയാക്കിയ ശേഷം പില്ലറുകളുടെ നിർമാണത്തിനുള്ള കോൺക്രീറ്റിങ്ങാണു ഇന്നലെ ആരംഭിച്ചത്. 100 പേർക്കുള്ള ലേബർ ഷെ‍ഡ്, ഭക്ഷണശാല, നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നവരുടെയും എൻജിനീയർമാരുടെയും ഓഫിസ് എന്നിവ ഇതിനകം ആശുപത്രി വളപ്പിൽ നിർമിച്ചു കഴിഞ്ഞു. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ആശുപത്രി കെട്ടിട നിർമാണത്തിന്റെ കരാറുകാർ.ഇൻകലാണ് കെട്ടിടത്തിന്റെ വിശദ പദ്ധതി രേഖ തയാറാക്കിയത്. ഒന്നര വർഷം മുൻപ് സാങ്കേതികാനുമതി ലഭിച്ച കെട്ടിടത്തിന് മാർച്ച് 12നു മന്ത്രി വീണ ജോർജ് നിർമാണോദ്ഘാടനം നടത്തി. 18 മാസമാണ് നിർമാണ കാലാവധിയെങ്കിലും വൈകുമെന്നാണ് സൂചനകൾ. 1888ലാണ് ആശുപത്രി പ്രവർത്തനം തുടങ്ങിയത്.  

ഒട്ടേറെ ആധുനിക സൗകര്യങ്ങൾ 
1,45,032 സ്ക്വയർഫീറ്റ് വിസ്തീർണത്തിലാണു കെട്ടിടം നിർമിക്കുന്നത്. 22 ഐസിയു ബെഡ് അടക്കം 112 കിടക്കകൾ കെട്ടിടത്തിൽ സജ്ജീകരിക്കും. അടിവശത്തെ നിലയിൽ സ്റ്റോർ, സർവീസ്, മോർച്ചറി, അഗ്നിരക്ഷാ സംവിധാനങ്ങൾ, വൈദ്യുത വിതരണ സംവിധാനങ്ങൾ, 100 കെഎൽഡി ശേഷിയുള്ള മലിനജല സംസ്കരണ പ്ലാന്റ് എന്നിവ സ്ഥാപിക്കും. ഗ്രൗണ്ട് നിലയിൽ റിസപ്ഷൻ, അത്യാഹിത വിഭാഗം, സ്കാനിങ് വിഭാഗം, മാമോഗ്രാം എന്നിവ സ്ഥാപിക്കും. ഒന്നാം നിലയിൽ ഒപി വിഭാഗത്തിന് 19 പരിശോധന മുറികളും അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. രണ്ടാം നിലയിൽ 60 വാർഡ് കിടക്കകൾ, 4 ഐസലേഷൻ മുറികൾ എന്നിവയാണ്. മൂന്നാം നിലയിൽ 12 ഐസിയു കിടക്കകൾ, 8 ഐസലേഷൻ മുറികൾ, 30 കിടക്കകൾ ഉള്ള വാർഡ് എന്നിവ ഉണ്ട്.നാലാം നിലയിൽ സർജറി തിയറ്റർ, അനുബന്ധ ഐസിയു തുടങ്ങിയവ ഉണ്ടാകും. അഞ്ചാം നിലയിൽ എച്ച് വിഎസി, സിഎസ്എസ്ഡി തുടങ്ങിയ സേവനങ്ങൾ ക്രമീകരിക്കാനും പദ്ധതിയുണ്ട്. 

നിർമാണ പുരോഗതി വിലയിരുത്തി അധികൃതർ
താലൂക്ക് ആശുപത്രിയിലെ മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിന്റെ നിർമാണ പുരോഗതി എ.സി.മൊയ്തീൻ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം വിലയിരുത്തി. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, സ്ഥിരസമിതി അധ്യക്ഷൻമാരായ പി.എം.സുരേഷ്, ടി.സോമശേഖരൻ, വാർഡ് കൗൺസിലർ ലെബീബ് ഹസൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി.മണികണ്ഠൻ എന്നിവരും‍ സംഘത്തിലുണ്ടായിരുന്നു.

English Summary:

Taluk Hospital is undergoing a major upgrade with the construction of a new 7-storey multi-specialty block. Funded by KIIFB, the Rs 76.50 crore project will provide state-of-the-art healthcare facilities. The project is being executed by Uralungal Labor Contract Society, with Inkal providing the architectural design. The construction, inaugurated on March 12 by Minister Veena George, is expected to be completed within 18 months.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com