ADVERTISEMENT

തൃശൂർ ∙ നിരത്തിൽ നിന്ന് 6 മീറ്റർ ഉയരത്തിൽ 280 മീറ്റർ വൃത്താകൃതിയിൽ ആകാശത്ത് വട്ടമിട്ടു നടക്കാം. വൃത്താകൃതിയിലുള്ള കേരളത്തിലെ ആദ്യ ആകാശപ്പാത ഇനി തൃശൂരിനു സ്വന്തം. പൂർണമായി ശീതീകരിച്ചും സൗരോർജത്താൽ വൈദ്യുതീകരിച്ചും ആധുനിക സൗകര്യങ്ങളോടെ 11 കോടി രൂപ ചെലവിൽ കോർപറേഷൻ നിർമാണം പൂർത്തീകരിച്ച ശക്തൻ നഗർ ആകാശപ്പാത നാടിനു സമർപ്പിച്ചു. 3 മീറ്റർ ആണ് നടപ്പാതയുടെ വീതി. ഇറങ്ങാനും കയറാനും പടികൾക്കു പുറമെ, 4 വശങ്ങളിലായി ലിഫ്റ്റും സുരക്ഷയ്ക്കായി 20 സിസിടിവി ക്യാമറകളും ഉണ്ട്. 2 സെക്യൂരിറ്റി ഗാർഡുമാരും 4 ലിഫ്റ്റ് ഓപ്പറേറ്റർമാരും സേവനത്തിനുണ്ട്. രാവിലെ 8 മുതൽ രാത്രി 9 വരെയാണ് ആകാശപ്പാതയുടെ സമയം. ആകാശപ്പാതയുടെ സമർപ്പണം മന്ത്രി എം.ബി.രാജേഷും സൗരോർജ പാനലിന്റെയും സിസിടിവി ക്യാമറകളുടെയും ഉദ്ഘാടനം മന്ത്രി കെ.രാജനും നിർവഹിച്ചു.

മേയർ എം.കെ.വർഗീസ് അധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എംഎൽഎ, ഡപ്യൂട്ടി മേയർ എം.എൽ.റോസി, മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് അഡീഷനൽ സെക്രട്ടറി ഡി.താര, കലക്ടർ അർജുൻ പാണ്ഡ്യൻ, അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ വർഗീസ് കണ്ടംകുളത്തി, കരോളിൻ ജെറീഷ്, ശ്യാമള മുരളീധരൻ, പി.കെ.ഷാജൻ, മുകേഷ് കൂളപ്പറമ്പിൽ, സാറാമ്മ റോബ്സൺ, ജയപ്രകാശ് പൂവത്തിങ്കൽ, ഡിവിഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള എന്നിവർ പ്രസംഗിച്ചു.

ശക്തനിൽ ഇനി ആകാശ സഞ്ചാരം
തൃശൂർ ∙ തൃശൂർ കോർപറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അർബൻ ട്രാൻസ്പോർട്ട് സെക്ടറിൽ നടപ്പാക്കിയ പദ്ധതിയാണ് ആകാശപ്പാത. ശീതീകരണം, സോളർ പാനലുകൾ, ലിഫ്റ്റുകൾ, സിസിടിവികൾ എന്നിവ ഉൾപ്പെടുന്ന നവീകരണം അടക്കം ആകെ ചെലവ് 11 കോടി രൂപയാണ്. കേന്ദ്ര സർക്കാരിന്റെ അംഗീകൃത ഏജൻസിയായ കിറ്റ്കോയുടേതാണു രൂപകൽപന. കോർപറേഷൻ എൻജിനീയറിങ് വിഭാഗമാണു നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.

ആകാശപ്പാതയുടെ ഉദ്ഘാടനത്തിന് ശേഷം മന്ത്രി എം.ബി.രാജേഷ്, വർഗീസ് കണ്ടംകുളത്തി, കെ.ബാലചന്ദ്രൻ എംഎൽഎ, മന്ത്രി കെ. രാജൻ, മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, പി.കെ.ഷാജൻ എന്നിവർക്കൊപ്പം ആകാശപാതയിൽ നിന്ന് സെൽഫി എടുക്കുന്നു. ചിത്രം: മനോരമ.
ആകാശപ്പാതയുടെ ഉദ്ഘാടനത്തിന് ശേഷം മന്ത്രി എം.ബി.രാജേഷ്, വർഗീസ് കണ്ടംകുളത്തി, കെ.ബാലചന്ദ്രൻ എംഎൽഎ, മന്ത്രി കെ. രാജൻ, മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, പി.കെ.ഷാജൻ എന്നിവർക്കൊപ്പം ആകാശപാതയിൽ നിന്ന് സെൽഫി എടുക്കുന്നു. ചിത്രം: മനോരമ.

2019ലായിരുന്നു നിർമാണോദ്ഘാടനം. ആദ്യഘട്ടം പൂർത്തിയാക്കി 2023ൽ തുറന്നു നൽകിയെങ്കിലും നവീകരണത്തിനായി അടച്ചിടുകയായിരുന്നു. ആകാശപ്പാതയിലൂടെ നഗരഗതാഗത മേഖലയിൽ നടപ്പാക്കിയ മാതൃകാ പ്രവൃത്തിക്കു കോർപറേഷനു ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് കോർപറേഷന്റെ (ഹഡ്കോ) 2022–23ലെ അവാർഡ് ലഭിച്ചിരുന്നു.

അരലക്ഷം ജനങ്ങൾ
ശക്തൻ പഴം–പച്ചക്കറി മാർക്കറ്റ്, മത്സ്യ–മാംസ മാർക്കറ്റ്, ശക്തൻ ബസ് സ്റ്റാൻഡ്, ശക്തൻ ഷോപ്പിങ് കോംപ്ലക്സ്, ഗോൾഡൻ ഫ്ലീ മാർക്കറ്റ് എന്നിവ ഉൾപ്പെടുന്ന ജനത്തിരക്കിലാണു പലപ്പോഴും ശക്തൻ നഗർ. ചുരുങ്ങിയത് അൻപതിനായിരത്തിലധികം ജനങ്ങൾ ദിനംപ്രതി ശക്തൻ നഗറിൽ വന്നു പോകുന്നു എന്നാണു കോർപറേഷന്റെ കണക്ക്. ഇതോടൊപ്പം പ്രധാന ജംക്‌ഷനായതിനാൽ പല സമയങ്ങളിലും വാഹനത്തിരക്കും ഗതാഗതക്കുരുക്കുമുണ്ട്. ഈ തിരക്കുകളിൽ അപകടങ്ങളും പതിവാണ്. ഇതു മനസ്സിലാക്കിയാണു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു സുഗമമായി റോഡ് കുറുകെ കടക്കാൻ ബദൽ സംവിധാനമായി ആകാശപ്പാത നിർമിച്ചത്.

കാൽനട സംസ്കാരം
ആകാശപ്പാത വീണ്ടും തുറക്കുന്നതോടെ തിരക്കേറിയ ശക്തനിലെ തെരുവുകളിലൂടെയുള്ള കാൽനടയാത്ര അവസാനിക്കുമെന്നാണു കോർപറേഷന്റെ പ്രതീക്ഷ. ഇതോടൊപ്പം അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിന് ആകാശപ്പാത വിനിയോഗിക്കുന്നതു വഴി പുതിയ യാത്രാ സംസ്കാരം രൂപപ്പെടുത്തുന്നതിനും കോർപറേഷൻ ലക്ഷ്യമിടുന്നു. കാൽനടയാത്രക്കാർ ഫലപ്രദമായി ഉപയോഗിച്ചാൽ ശക്തൻ നഗറിലെ കാൽനടയാത്രാ അപകടങ്ങൾ കുറയുമെന്നാണു ട്രാഫിക് പൊലീസിന്റെയും കോർപറേഷന്റെയും കണക്കുകൂട്ടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com