ആറുവരി പാത: പൊടി ശല്യത്തിൽ വലഞ്ഞ് വ്യാപാരികളും നാട്ടുകാരും; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നെന്ന് പരാതി
Mail This Article
കൊടുങ്ങല്ലൂർ ∙ ദേശീയപാത ആറുവരി പാത നിർമാണം പുരോഗമിക്കുന്ന പ്രദേശത്തു പൊടിശല്യം മൂലം യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതം. മഴ മാറിയതോടെ ചന്തപ്പുരയിലും സമീപത്തും നിർമാണ സ്ഥലത്തു നിന്നു പൊടി നിറയുകയാണ്. മേൽപാലത്തിന്റെ പ്രവർത്തനങ്ങൾ പിന്നിടുന്ന ചന്തപ്പുരയിൽ കുഴികളും ചെളിയും മണ്ണും കലങ്ങിയിട്ടുണ്ട്. ഇവിടെ നിന്നു ഉയരുന്ന പൊടിപടലങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിറഞ്ഞു. ചെറുതും വലുതുമായ നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്നതിനാൽ ഏതു സമയത്തും പൊടിയാണ്.
ആറുവരി പാത നിർമാണം അനന്തമായി നീളുന്നതിനാൽ പൊടി ശല്യവും നീളുകയാണ്. ഇതു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടി. ചന്തപ്പുര, കോതപറമ്പ്, പൊരിബസാർ എന്നിവിടങ്ങളിലാണ് ഏറെയും പൊടി ശല്യം. വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ പുറത്തേക്ക് എടുത്ത് വയ്ക്കാൻ പോലും കഴിയുന്നില്ല. ബസ് സ്റ്റോപ്പുകളിലും ചന്തപ്പുര ബസ് സ്റ്റാൻഡിലും കാത്തു നിൽക്കുന്ന യാത്രികരും പൊടിശല്യം മൂലം വലയുകയാണ്.
തുടർച്ചയായി വാഹനങ്ങളിൽ വെള്ളം തളിച്ചാൽ മാത്രമേ പൊടിശല്യത്തിനു താൽക്കാലികമായെങ്കിലും പരിഹാരമാകൂ. ചന്തപ്പുരയിൽ നിന്നു ഉഴുവത്ത്കടവിലേക്കുള്ള റോഡിലേക്ക് റോഡ് നിർമാണത്തിന്റെ ഭാഗമായി പുറന്തള്ളുന്ന ചെളിവെള്ളം പതിവായി ഒഴുക്കി വിടുകയാണ്. പൊതുജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ ദേശീയപാത അധികൃതർ നടപടിയെടുക്കണമെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ.ആർ.ജൈത്രൻ ആവശ്യപ്പെട്ടു.