ക്ഷേത്രങ്ങളും പരിസരങ്ങളും നോട്ടമിട്ട് മോഷണസംഘം; പുള്ള് കാർത്ത്യായനി ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്നു
Mail This Article
പുള്ള്∙ കാർത്ത്യായനി ദേവിക്ഷേത്രത്തിൽ നിന്ന് അഞ്ചരപവനോളം തിരുവാഭരണങ്ങൾ കവർന്നു. ക്ഷേത്രത്തിനുള്ളിൽ തിരുവുടയാടകൾ സൂക്ഷിക്കുന്ന അലമാരയിലെ ലോക്കറിലാണ് തിരുവാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. അലമാരയും ഉള്ളിലെ ലോക്കറും കുത്തിപ്പൊളിച്ചാണ് മോഷണം. തിങ്കളാഴ്ച ദേവിയെ അണിയിക്കാനുള്ള പട്ട് എടുക്കാൻ ഞായറാഴ്ച വൈകിട്ട് മേൽശാന്തി അലമാര തുറന്നപ്പോഴാണ് ലോക്കറിൽ നിന്ന് സ്വർണം മോഷണം പോയ വിവരം അറിഞ്ഞത്. പത്തായത്തിന്റെ ഒരു പാളി തുറന്ന നിലയിലാണ്. അന്തിക്കാട് പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
തൃക്കുന്നത്ത് ക്ഷേത്രത്തിൽ
മണലൂർ∙ തൃക്കുന്നത്ത് മഹാവിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ 3–ാം തവണയും മോഷണം. കഴിഞ്ഞ ദിവസം മഹാവിഷ്ണു ക്ഷേത്രത്തിനു പുറത്തുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് പണം കവർന്നത്. അന്തിക്കാട് പൊലീസ് അന്വേഷണം നടത്തി. മഹാദേവക്ഷത്രത്തിൽ മേയ് 17ന് ഗണപതിയുടെ മുൻപിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചിരുന്നു. ഓഗസ്റ്റ് 21ന് ദേവിക്ക് ചാർത്തുന്ന 2.5 ലക്ഷം രൂപ വിലവരുന്ന വെള്ളിഗോളകയും ക്ഷേത്രത്തിലെ ചെമ്പ് പാത്രങ്ങളും വിളക്കുകളും കിണറിന്റെ ഇരുമ്പ് മൂടിയുമടക്കം കവർന്നിരുന്നു.
ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ 6 പവൻ നഷ്ടമായി
ഗുരുവായൂർ ∙ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ പുലർച്ചെ ട്രെയിൻ കയറാൻ വന്ന 2 സ്ത്രീകളുടെ സ്വർണമാലകൾ മോഷ്ടാവ് പാെട്ടിച്ചുകടന്നു. പുലർച്ചെ 5.50നു പുറപ്പെടുന്ന പുനലൂർ–മധുര ട്രെയിൻ കയറാനായി എത്തിയ കരുനാഗപ്പിള്ളി സ്വദേശിനി ലക്ഷ്മിയുടെ (62) 2 പവന്റെ മാലയും ആറന്മുള സ്വദേശിനി രേഖ നായരുടെ (60) 3 പവന്റെ മാലയും ഒരു പവനോളം തൂക്കമുള്ള ലോക്കറ്റും നഷ്ടപ്പെട്ടു. ലക്ഷ്മിയുടെ മാല പാെട്ടിച്ചു കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ഉദ്യോഗസ്ഥൻ തടഞ്ഞെങ്കിലും തള്ളിയിട്ട് ഓടിയ മോഷ്ടാവ് ഇതിനുശേഷമാണ് ഫുട് ഓവർബ്രജിനു സമീപം രേഖ നായരുടെ മാല പാെട്ടിച്ചത്.
ഇതര സംസ്ഥാനക്കാരനാണ് മോഷ്ടാവെന്നു സൂചനയുണ്ട്. രണ്ടാഴ്ച മുൻപ് ഇതേ രീതിയിൽ ഇതേ സമയത്ത് ക്ഷേത്ര ദർശനത്തിനെത്തിയ ഒരു സ്ത്രീയുടെ മാല പാെട്ടിക്കുകയും പരിസരത്തെ വീട്ടിനകത്ത് അടുക്കളയിൽ നിന്നിരുന്ന വീട്ടമ്മയുടെ മാല പാെട്ടിക്കുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനിൽ പലയിടത്തും വെളിച്ചക്കുറവു യാത്രക്കാർക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സുരക്ഷയ്ക്കായി റെയിൽവേ പാെലീസിലെ ഒരാൾ മാത്രമാണുള്ളത്. സിസിടിവിയും സ്ഥാപിച്ചിട്ടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേക്ക് പലതവണ പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടാക്കിയില്ലെന്ന് നഗരസഭ കൗൺസിലർ വി.കെ.സുജിത്ത് ആരോപിച്ചു.