എടത്തിരുത്തി ഏറാക്കലിൽ പൈപ്പ് പൊട്ടി 10 പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങി
Mail This Article
കയ്പമംഗലം ∙ എടത്തിരുത്തി ഏറാക്കലിൽ പ്രധാന പൈപ്പ് പൊട്ടിയതിനെത്തുടർന്ന് തീരദേശത്തെ 10 പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങി. കഴിഞ്ഞ ദിവസമാണ് 700 എംഎം വ്യാസമുള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴായത്. ഇന്നലെ ജലവിതരണം നിർത്തിവച്ച് റോഡ് പൊളിച്ച് പരിശോധിച്ചപ്പോൾ 2 മീറ്റർ നീളത്തിൽ പൈപ്പ് പൊട്ടിയതായി കണ്ടെത്തി. കഴിഞ്ഞ മാസം ഇതേ റോഡിൽ പൈപ്പ് പൊട്ടി ദിവസങ്ങൾ ശുദ്ധജല വിതരണം തടസ്സപ്പെട്ടിരുന്നു.
ഏങ്ങണ്ടിയൂർ,വാടനപ്പള്ളി,തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം എന്നീ പഞ്ചായത്തുകളിലാണ് കുടിവെള്ളം മുടങ്ങിയത്. ശുദ്ധജല വിതരണം നിലച്ചതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്. മതിലകം സെക്‌ഷന്റെ കീഴിലെ ചില ഇടങ്ങളിൽ നേരത്തെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിരുന്നു. ഇവിടെ വിതരണം നിർത്തിയാണ് കേടായ പൈപ്പ് നന്നാക്കുന്നതിനാൽ ദിവസങ്ങളായി വെള്ളം ഇല്ലായിരുന്നു.
വാടാനപ്പള്ളി, മതിലകം എന്നീ സെക്‌ഷന്റെ കീഴിൽ വരുന്ന മേഖലയിൽ കാലപ്പഴക്കം ചെന്ന പൈപ്പാണ് അടിക്കടി പൊട്ടുന്നത്. എറാക്കലിലെ പൈപ്പ് നന്നാക്കുന്നതിനായി ജീവനക്കാർ കുഴിയിലെ കെട്ടിക്കിടുക്കുന്ന വെള്ളം വറ്റിച്ച് തുടങ്ങി. സമീപത്ത് കുളം ഉള്ളതിനാൽ പണിയും ദുഷ്കരമാണ്. തുടർച്ചയായി പൈപ്പ് പൊട്ടുന്ന റോഡിലൂടെ ഭാരവാഹനങ്ങൾ പോകുന്നതിനു നിയന്ത്രണം വേണമെന്ന് പഞ്ചായത്തിനോട് വാട്ടർ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പണികൾ പൂർത്തിയാക്കി നാളെ ജലവിതരണം പുനഃരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.
കാലാവധി കഴിഞ്ഞ് 32 വർഷം പിന്നിട്ട പൈപ്പുകളിലൂടെയാണ് ഇപ്പോൾ തീരദേശത്ത് കുടിവെള്ള വിതരണം നടത്തുന്നത്. അതുകൊണ്ട് തന്നെ പ്രധാന പൈപ്പ് ലൈൻ എവിടെയെങ്കിലും പൊട്ടിയാൽ രണ്ട് മൂന്ന് ദിവസത്തേക്ക് തീരദേശത്ത് വെള്ളം മുടങ്ങുന്നത് പതിവാണ്. അഞ്ച് വർഷം മുൻപ് കിഫ്ബിയിൽ ഉൾപ്പെടുത്തി 70 കോടിയോളം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും കോവിഡിനെ തുടർന്ന് പണി തുടങ്ങിയില്ല. പിന്നീട് കരാറുകാരൻ പണിയിൽ നിന്നു പിന്മാറി. കഴിഞ്ഞ വർഷം 133 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക തടസ്സം മൂലം പണി നീളുകയാണ്.