റോഡിൽ പതിക്കാൻ പഴയ ഇന്റർലോക്ക്; റോഡ് നിർമാണം വീണ്ടും തടഞ്ഞു
Mail This Article
പുന്നയൂർക്കുളം ∙ ഉപ്പുങ്ങൽ റോഡിൽ പതിക്കാൻ എത്തിച്ച ഇന്റർലോക്ക് കട്ട പഴയതാണെന്ന് ആരോപിച്ച് നാട്ടുകാർ പണി തടഞ്ഞു. 2 ടോറസ് ലോറിയിൽ ഇന്നലെ രാവിലെയാണ് കട്ട കൊണ്ടുവന്നത്. പണി തുടങ്ങും മുൻപ് നാട്ടുകാർ ഇടപെട്ടു. വിവിധ കാരണങ്ങളാൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇവിടെ പണി നിർത്തിവയ്ക്കുന്നത്. പാലായ്ക്കൽ കടവിൽ പാടത്തിനു കുറുകെ പോകുന്ന 230 മീറ്റർ ഭാഗം കട്ട വിരിക്കുന്ന പണിയാണ് 3 ദിവസമായി നടക്കുന്നത്. 100 മീറ്ററിലധികം പണി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പതിച്ചത് പുത്തൻ കട്ടയാണ്. ഇന്നലെ ഇറക്കിയത് മറ്റ് എവിടെയോ നിന്നു അടത്തിയെടുത്തതാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കട്ടയുടെ ഒരു വശം മണ്ണും ചെളിയും പതിഞ്ഞിട്ടുണ്ട്. ചിലഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. യന്ത്രം ഉപയോഗിച്ച് അടർത്തിയതിന്റെ അടയാളങ്ങളും കട്ടയിൽ കാണാം. ഇടപെടൽ ഉള്ള പ്രദേശമാണ് എന്നറിഞ്ഞിട്ടും റോഡ് പണിക്ക് പഴയ കട്ട ഇറക്കിയത് മരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് സൂചിപ്പിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പണി നടക്കുന്ന ദിവസമായിട്ടും ഉദ്യോഗസ്ഥർ സ്ഥലത്തില്ലായിരുന്നു. പഴയ കട്ടയായതിനാൽ വിരിക്കാൻ തൊഴിലാളികളും തയാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പാടത്തിനു വശത്തിലൂടെ പോകുന്ന റോഡിന്റെ ഇരുവശവും 120 മീറ്റർ ദൂരം കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിക്കാൻ എസ്റ്റിമേറ്റിൽ പറഞ്ഞിട്ടും തുക തികഞ്ഞില്ലെന്ന് പറഞ്ഞ് ഒരു വശം മാത്രം പണിതു എന്ന് ആരോപിച്ചാണ് കഴിഞ്ഞ ആഴ്ച പണി തടഞ്ഞത്. കോൺക്രീറ്റ് ഭിത്തി കെട്ടാത്ത ഭാഗത്ത് പഴയ കരിങ്കൽ ഭിത്തി നവീകരിക്കാനാണ് നീക്കം. മഴ കനത്താൽ ഈ വശം ഇടിഞ്ഞ് റോഡ് തകരുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്ലാന്റിൽ കട്ട ഇല്ലാത്തതിനാൽ പഴയ സ്റ്റോക്ക് എത്തിച്ചതാണെന്നും ഇത് തിരിച്ചുകൊണ്ടുപോയി പുതിയത് കൊണ്ടുവരുമെന്നും മരാമത്ത് അധികൃതർ പറഞ്ഞു.