തിരുവെങ്കിടം റെയിൽവേ അടിപ്പാത: തടസ്സം നീക്കാൻ റെയിൽവേ ജനറൽ മാനേജരുടെ പച്ചക്കൊടി
Mail This Article
ഗുരുവായൂർ ∙ തിരുവെങ്കിടം അടിപ്പാത നടപ്പാക്കാൻ ലളിതമായ പരിഹാരം നിർദേശിച്ച് റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്. അടിപ്പാതയ്ക്കു വേണ്ടി ദേവസ്വത്തിന്റെ 9 സെന്റ് സ്ഥലം വിട്ടു നൽകാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ കേസ് ഉള്ളതിനാൽ പദ്ധതി തടസ്സപ്പെട്ടിരിക്കുകയാണ്. ദേവസ്വം സ്ഥലം ഒഴിവാക്കി നിലവിലെ റോഡിന്റെ സ്ഥലം ഉപയോഗിച്ച് ചെറിയൊരു വളവ് വരുത്തിയാൽ ബോക്സ് മാതൃകയിലുള്ള അടിപ്പാത നടപ്പാക്കാൻ കഴിയുമെന്നു സ്ഥലം പരിശോധിച്ച അദ്ദേഹം ഡിവിഷനൽ റെയിൽവേ മാനേജർ മനീഷ് തപ്ലിയാൽ, റെയിൽവേ എൻജിനീയർമാർ എന്നിവരെ ബോധ്യപ്പെടുത്തി.
ഇതോടെ മുടങ്ങിയ പദ്ധതിക്കു പുതുജീവൻ ലഭിക്കും. തിരുവെങ്കിടം, ഇരിങ്ങപ്പുറം നിവാസികളെ ഗുരുവായൂരുമായി ബന്ധപ്പെടുത്തുന്ന പദ്ധതിക്കായി ഒട്ടേറെ സമരങ്ങൾ നടന്നു. എൻ.കെ.അക്ബർ എംഎൽഎയും നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസും മുൻകൈ എടുത്ത് പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കി. നടത്തിപ്പ് കെ റെയിലിനെ ഏൽപിച്ചു. ഇതിനിടെ കേസ് വന്നതോടെ പദ്ധതി തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1നാണ് ഉന്നത സംഘം ഗുരുവായൂരിൽ എത്തിയത്. ജനറൽ മാനേജർ ആർ.എൻ.സിങ് മെട്രോമാൻ ഇ.ശ്രീധരനെ സന്ദർശിക്കാനായി കാറിൽ പൊന്നാനിക്കു പോയി.ഡിആർഎം ഗുരുവായൂർ സ്റ്റേഷനിൽ അമൃത് ഭാരത് വികസന പ്രവർത്തനങ്ങൾ പരിശോധിച്ചു. ജനറൽ മാനേജർ വൈകിട്ട് 4.15ന് തിരിച്ചെത്തിയ ശേഷമാണ് വീണ്ടും പരിശോധന നടന്നത്.