വയോധികരിൽ നിന്ന് ഒപി ടിക്കറ്റ് ചാർജ് ഈടാക്കുന്നതായി പരാതി
Mail This Article
പുന്നയൂർക്കുളം ∙ അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒപി ടിക്കറ്റ് ചാർജ് വർധിച്ചിപ്പിച്ചതിനു പുറമേ വയോധികർക്കും കുട്ടികൾക്കും ഒപി ടിക്കറ്റ് ചാർജ് ഈടാക്കുന്നതായി പരാതി. 70 വയസ്സ് കഴിഞ്ഞവരിൽ നിന്നും 15 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഒപി ടിക്കറ്റിനു പണം ഈടാക്കരുതെന്ന സർക്കാർ നിർദേശം അവഗണിച്ചാണ് 10 രൂപ വീതം വാങ്ങുന്നത് എന്നാണ് ആരോപണം. നേരത്തെ 5 രൂപയായിരുന്നു ടിക്കറ്റ് ചാർജ്. വയോധികരുടെ ഒപി ടിക്കറ്റ് വിവരം പ്രത്യേക റജിസ്റ്ററിൽ ചേർത്ത് സമർപ്പിച്ചാൽ സർക്കാരിൽ നിന്നു പണം ലഭിക്കും എന്നിരിക്കെയാണ് നിർബന്ധമായി പണം ഇടൗക്കുന്നത്.
മത്സ്യത്തൊഴിലാളികളും സാധാരണക്കാരും ഏറെ ആശ്രയിക്കുന്ന സ്ഥാപനമാണ് തീരദേശത്ത് പ്രവർത്തിക്കുന്ന അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം. പനി സീസൺ ആയതിനാൽ ഒട്ടേറെ പേരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. വീട്ടിലെ മിക്കവർക്കും പനി ബാധിതരായതിനാൽ എല്ലാവർക്കും പ്രത്യേകം ചികിത്സ തേടണം. എണ്ണം കണക്കാക്കി പണം നൽകേണ്ട അവസ്ഥയാണ്. പിഞ്ചു കുഞ്ഞുങ്ങൾക്കു പോലും ഒപി ചാർജ് ഈടാക്കുന്നു. ടിക്കറ്റ് എടുക്കാത്തവർക്ക് ചികിത്സ നിഷേധിക്കുന്നതായും പറയുന്നു.
കുട്ടികൾക്കും വയോധികർക്കും ഒപി ചാർജ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം കെ.എച്ച്.ആബിദ് ജില്ലാ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകി. അതേ സമയം വയോധികരിൽ നിന്നും 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ നിന്നും ഒപി ടിക്കറ്റ് ചാർജ് നിർബന്ധമായി വാങ്ങുന്നില്ലെന്നു മെഡിക്കൽ ഓഫിസർ പറഞ്ഞു. ആശുപത്രി മാനേജ്‌മന്റ് കമ്മിറ്റി തീരുമാന പ്രകാരമാണ് ഒപി ടിക്കറ്റ് ഫീസ് എല്ലാവരിൽ നിന്നും വാങ്ങാൻ തീരുമാനിച്ചത്.