കൈക്കൂലി: സ്പെഷൽ വില്ലേജ് ഓഫിസർ റിമാൻഡിൽ
Mail This Article
ഒല്ലൂക്കര ∙ അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ഒല്ലൂക്കര സ്പെഷൽ വില്ലേജ് ഓഫിസർ മുറ്റിച്ചൂർ പടിയത്ത് ഓലക്കോട്ടിൽ വീട്ടിൽ പി.എ.പ്രസാദ് (45), വില്ലേജ് അസിസ്റ്റന്റ് പുറനാട്ടുകര പൊങ്ങാക്കോട്ടിൽ ആശിഷ് (36) എന്നിവരെ റിമാൻഡ് ചെയ്തു. ഇരുവരെയും ജില്ലാ ജയിലിലേക്കു മാറ്റി.മണ്ണുത്തി പൊലീസ് പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം വിട്ടുകിട്ടുന്നതിന് അനുകൂലമായ റിപ്പോർട്ടു നൽകുന്നതിന് 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഒല്ലൂർ സ്വദേശി വിജിലൻസിനു പരാതി നൽകിയത്. ആദ്യം 5.5 ലക്ഷം രൂപ ആവശ്യപ്പെടുകയും ചുരുങ്ങിയത് 2 ലക്ഷം വേണമെന്നു നിർബന്ധംപിടിക്കുകയും ചെയ്തിരുന്നു. അതേസമയം, ഇരുവർക്കുമെതിരെ വ്യാപകമായി കൈക്കൂലി ആരോപണമുള്ളതായി വില്ലേജ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവർ പറയുന്നു.
കഴിഞ്ഞ തൃശൂർ താലൂക്ക് വികസന സമിതി യോഗത്തിൽ ഒരു വികസന സമിതി അംഗം അറസ്റ്റിലായ 2 ഉദ്യോഗസ്ഥരും വൻതോതിൽ കൈക്കൂലി വാങ്ങുന്നതായി പരാതി ഉന്നയിച്ചിരുന്നു. വില്ലേജിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിലും വിവിധ കക്ഷി പ്രതിനിധികൾ ഇക്കാര്യം ഉന്നയിച്ചിരുന്നു.സ്ഥലം തരംമാറ്റി നൽകുന്നതിനായി പ്രദേശത്തിന്റെ സ്വഭാവം കണക്കാക്കി തരംമാറ്റിയതിനുശേഷം ഭൂമിക്കുണ്ടാവുന്ന വിലയുടെ 50 ശതമാനം കൈക്കൂലിയായി വാങ്ങുന്നതായാണ് ആരോപണം.