കല്ലംപാറയിൽ വർഷങ്ങളായി പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറി പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ
Mail This Article
വടക്കാഞ്ചേരി ∙ കല്ലംപാറയിൽ വർഷങ്ങളായി പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറി പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമിതി രൂപീകരിച്ച് നാട്ടുകാർ. ക്വാറികൾ പ്രവർത്തന സജ്ജമാക്കാമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണു പനങ്ങാട്ടുകര ക്വാറിയുടെ പ്രവർത്തനം വീണ്ടും തുടങ്ങാൻ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ക്വാറിയുടെ സമീപത്ത് ഒട്ടേറെ വീടുകളും സ്കൂളും അങ്കണവാടിയും സ്ഥിതി ചെയ്യുന്നുണ്ട്.
ഇവിടെ ക്വാറിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് ജനങ്ങളുടെ സമാധാന ജീവിതത്തിനു ഭീഷണിയാകുമെന്നു ബോധ്യപ്പെട്ടാണു തങ്ങൾ ജനകീയ സമിതി രൂപീകരിച്ച് ക്വാറിക്കെതിരെ നീങ്ങാൻ തീരുമാനിച്ചതെന്നു നാട്ടുകാർ പറഞ്ഞു. സമീപത്തെ കുടിവെള്ള പദ്ധതിക്കും ക്വാറി ഭീഷണയാകുമെന്നാണു വിലയിരുത്തൽ. ക്വാറിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജനകീയ സമിതി കലക്ടർക്കു പരാതി നൽകിയിട്ടുണ്ട്. വിഷയം പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജിയോളജി വകുപ്പിനു കലക്ടർ നിർദേശം നൽകിയിട്ടുണ്ടെന്ന് സമിതി പ്രസിഡന്റ് ശശികുമാർ മങ്ങാടൻ, സെക്രട്ടറി ഹേമ മാലിനി എന്നിവർ പറഞ്ഞു.