2 വെള്ളച്ചാട്ടങ്ങൾ വിനോദസഞ്ചാരികൾക്കായി തുറക്കുന്നു; മാറും, മരോട്ടിച്ചാലിന്റെ ഭാവി
Mail This Article
മരോട്ടിച്ചാൽ ∙ പ്രകൃതി ഒരുക്കി തന്ന 2 മനോഹര വെള്ളച്ചാട്ടങ്ങൾ മരോട്ടിച്ചാലിന്റെ ഭാവിയെ മാറ്റുമോ ? മാറ്റുമെന്നു തന്നെയാണ് ഭരണാധികാരികളും, നാട്ടുകാരും പറയുന്നത്. എലിഞ്ഞിപ്പാറ, ഓലക്കയം വെള്ളച്ചാട്ടങ്ങൾ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുവാൻ ഒരുങ്ങുകയാണ് സർക്കാർ. ഉറച്ച പിന്തുണയുമായി നാട്ടുകാരും കൂടെ ഉണ്ട്. വൈകിപ്പോയ ഈ നടപടി ഉടനെ പ്രാവർത്തികമാകുമെന്ന പ്രത്യാശയിലാണു എല്ലാവരും.അതിരപ്പിള്ളി, വാഴച്ചാൽ പ്രദേശങ്ങളുടെ അതേ കാഴ്ചകളാണ് എലിഞ്ഞിപ്പാറ, ഓലക്കയം വെള്ളച്ചാട്ടങ്ങളിലും ഉള്ളത്. മലമുകളിൽ നിന്നും താഴേക്ക് കുതിച്ച് ചാടുന്ന കാഴ്ചയാണ് എലിഞ്ഞിപ്പാറയിലേത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ മനോഹര കാഴ്ച ഓലക്കയത്തിൽ കാണാം. ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗത്തു നിരവധി ആളുകൾ ഈ കാഴ്ചകൾ കാണാൻ എത്തിയിട്ടുണ്ട്.
എന്നാൽ തുടർച്ചയായുണ്ടായ അപകട മരണങ്ങളെ തുടർന്ന് ഈ പ്രദേശം അടച്ചിടുകയായിരുന്നു. ഇപ്പോൾ ഇവിടെ പ്രവേശിക്കുന്നത് 5000 രൂപ പിഴയീടാക്കാവുന്ന കുറ്റമാണ്.വനം, ടൂറിസം വകുപ്പുകൾ ഒത്തു ചേർന്ന് മരോട്ടിച്ചാലിനെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള നടപടികൾ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി മന്ത്രി കെ. രാജനും, വനം, ടൂറിസം വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ തുടർ നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്.