പണി തുടങ്ങി, പാലം ഉയരും; കൊമ്പിച്ചാൽ-കുറുപ്പം റോഡിലെ തകർന്ന പാലം നിർമാണം ആരംഭിച്ചു
Mail This Article
മേലൂർ ∙ കാത്തിരിപ്പിനൊടുവിൽ നിർമാണം ആരംഭിച്ചു. പൂലാനി കൊമ്പിച്ചാൽ - കുറുപ്പം റോഡിൽ മാസങ്ങളായി തകർന്നു കിടക്കുന്ന പാലത്തിന്റെ പുനർനിർമാണമാണ് ആരംഭിച്ചത്. പാലത്തിനു കേടുപാടുണ്ടായതോടെ ബസ് ഗതാഗതം അടക്കം നിലച്ചിരുന്നു. 2018ലെ പ്രളയത്തിൽ റോഡും പാലവും മുങ്ങിയിരുന്നു. ഇതേത്തുടർന്നു പാലത്തിനു കേടുപാടുണ്ടായതായി നാട്ടുകാർ പരാതിപ്പെട്ടെങ്കിലും അറ്റകുറ്റപ്പണികൾക്ക് പഞ്ചായത്ത് മുതിർന്നില്ല. ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും ഈ റോഡ് മുങ്ങി.
തുടർന്നു മണ്ണിടിച്ചിലുണ്ടാകുകയും ചെയ്തു. അതോടെയാണു പാലത്തിനു സമീപം വലിയ ദ്വാരം ശ്രദ്ധയിൽപെട്ടത്. തുടർന്ന് അതുവഴിയുള്ള ഗതാഗതം നിരോധിച്ചു പഞ്ചായത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചു. പഞ്ചായത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് നാട്ടുകാർ തകർച്ചാ ഭീഷണി നേരിടുന്ന അപകടാവസ്ഥയിലുള്ള പാലത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ ചെലവഴിച്ചാണു പാലം പുനർനിർമാണം നടത്തുന്നത്. 2 മാസത്തിനകം നിർമാണം പൂർത്തിയാക്കി പുതുവത്സര സമ്മാനമായി നാട്ടുകാർക്കു തുറന്നു കൊടുക്കാനാണു പദ്ധതിയെന്നു പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത അറിയിച്ചു. കൊമ്പിച്ചാൽ, കുറുപ്പം ഭാഗങ്ങളിൽ നിന്നു പൂലാനി, പുഷ്പഗിരി ഭാഗത്തേക്കു പോകുന്ന റോഡിലെ യാത്രാതടസ്സം ഇതോടെ നീങ്ങും.