പാഴായ പദ്ധതികളേറെ; പുതുജീവനേകുമോ പുതിയ എംഎൽഎ.....?
Mail This Article
തൃശൂർ ∙ജില്ലാ പഞ്ചായത്ത് 1996–97ലെ പട്ടികജാതി വികസന ഫണ്ടിലെ കോടികൾ ചെലവഴിച്ചു സ്ഥാപിച്ച പരക്കാട് റൈസ് പാർക്ക് 2 പതിറ്റാണ്ടുകൾക്കിപ്പുറവും പ്രവർത്തന രഹിതമായി കിടക്കുന്നു. മൂന്നര കോടിയോളം രൂപ നഷ്ടം വരുത്തിയെന്നു പതിറ്റാണ്ടു മുൻപു സിഎജി റിപ്പോർട്ട് ചെയ്തിട്ടും ഇതുവരെ ഒരു അന്വേഷണവും ഉണ്ടായില്ല. ആശിർവാദ് സൊസൈറ്റി രൂപീകരണത്തിലെ രാഷ്ട്രീയവും അശാസ്ത്രീയമായ ആസൂത്രണവുമാണു റൈസ് പാർക്കിനു വിനയായത്. പട്ടികജാതി ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതിയുടെ നടത്തിപ്പിനു രൂപീകരിച്ച ആശീർവാദ് സൊസൈറ്റിയിലെ അംഗങ്ങളിൽ പട്ടികജാതി വിഭാഗത്തിൽ പെട്ടവർ കുറവായിരുന്നു. ഇത് പിന്നീടു വിവാദമായിരുന്നു.
അക്കാലത്ത് സിവിൽ സപ്ലൈസ് കോർപറേഷൻ സംസ്ഥാന തലത്തിൽ സംഭരിച്ച ബസുമതി നെല്ല് സംസ്കരിക്കാനായി ഇവിടെ എത്തിച്ചു. റൈസ് പാർക്കിലെ പ്ലാന്റ് ബസുമതി നെല്ലിന്റെ സംസ്കരണത്തിന് അനുയോജ്യമല്ലെന്നു പിന്നീടാണു ബോധ്യമായത്. ബസുമതിയുടെ സംസ്കരണത്തിനായി പുതിയ പ്ലാന്റ് നിർമിച്ചെങ്കിലും നാമ മാത്രമായാണു പ്രവർത്തനം നടന്നത്. സംസ്കരിച്ച ബസുമതി നെല്ലിന്റെ പണം ഇതിനിടെ ജില്ലാ പഞ്ചായത്ത് സർക്കാരിനു കൈമാറേണ്ടിയും വന്നു. പ്രവർത്തനം നിലച്ച പ്ലാന്റിൽ കുന്നകൂടിക്കിടന്ന നെല്ലു വർഷങ്ങളുടെ അനാസ്ഥയ്ക്കിടെ എലി തിന്നു തീർത്തു.
തിരുവില്വാമലയിലെ സർക്കാർ മാന്തോപ്പ്
തിരുവില്വാമല ∙കേരളപ്പിറവി സുവർണ ജൂബിലി സ്മാരകമായി വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു കവി സുഗതകുമാരി സ്വപ്നം കണ്ടതാണു മലാറ കുന്നിലെ നാട്ടുമാന്തോപ്പ്. നാളേക്കു 18 വർഷം പൂർത്തിയാകുമ്പോഴും പദ്ധതി എങ്ങുമെത്തിയിട്ടില്ല. 2006 നവംബർ 1നു കേരളത്തിലെ മന്ത്രിമാരും സുഗതകുമാരിയും അടക്കമുള്ള 50 സാംസ്കാരിക പ്രമുഖർ ചേർന്ന് 50 മാവിൻ തൈകൾ നട്ടാണു പദ്ധതി തുടങ്ങിയത്.
റവന്യു, വനം, ടൂറിസം വകുപ്പുകളുടെ ശീതസമരം മൂലം പദ്ധതി മുളയിലേ നുള്ളിയ മട്ടായി. പിന്നീട് ഇക്കോ ടൂറിസം വകുപ്പിനു ചുമതല നൽകിയെങ്കിലും കാര്യമായി ഒന്നും നടന്നില്ല. ഇപ്പോൾ മണ്ണു പര്യവേഷണ–മണ്ണു സംരക്ഷണ വകുപ്പിനാണു ചുമതല. സ്ഥലം എംഎൽഎമാരുടെ നേതൃത്വത്തിൽ പല ഇടപെടലുകൾ നടന്നെങ്കിലും 18 വർഷം മുൻപു നട്ട കുറച്ചു മാവുകളും നാശാവസ്ഥയിലുള്ള ശുചിമുറി കോംപ്ലക്സും മാത്രമായി മാന്തോപ്പ് മാറി. സാംസ്കാരിക ടൂറിസത്തിനു വഴിയൊരുക്കും വിധം സർവകലാശാല നിലവാരത്തിലുള്ള വായനശാല, പഠനകേന്ദ്രം, ഓപ്പൺ ഓഡിറ്റോറിയം എന്നിവയൊക്കെയായിരുന്നു പ്രഖ്യാപനങ്ങൾ. ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമാണ്.
പിൽഗ്രിം സെന്റർ: അനാസ്ഥയുടെ സ്മാരകം
തിരുവില്വാമല ∙ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപം ഒന്നര പതിറ്റാണ്ടു മുൻപു നിർമാണം പൂർത്തിയായ പിൽഗ്രിം സെന്റർ ചേലക്കര നിയോജക മണ്ഡലത്തിലെ അനാസ്ഥയുടെ മറ്റൊരു സ്മാരകമാണ്. തീർഥാടകർക്കുള്ള ശുചിമുറികളും വിശ്രമത്തിനുള്ള സൗകര്യവും വിഭാവനം ചെയ്തു 30 ലക്ഷത്തോളം അക്കാലത്തു ചെലവിട്ട പദ്ധതി ഇന്നു വരെ പ്രവർത്തിച്ചിട്ടില്ല. സെപ്റ്റിക് ടാങ്ക് നിർമിക്കുകയോ വെള്ളത്തിനു സൗകര്യം ഒരുക്കുകയോ ചെയ്യാതെയാണു കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്ന് ടൂറിസം വകുപ്പു പാട്ടത്തിനെടുത്ത സ്ഥലത്തു കെട്ടിടം നിർമിച്ചത്. കെട്ടിടം ഇപ്പോൾ പലയിടത്തും തകർന്നു തുടങ്ങി.
ബൈപാസ് റോഡുകൾ
ചേലക്കര ∙ നാട്ടിൻചിറ– തോന്നൂർക്കര വഴിയുള്ള ചേലക്കര ബൈപാസ് റോഡ്, പഴയന്നൂർ ബൈപാസ് റോഡ് എന്നെല്ലാം പറഞ്ഞു കേൾക്കാനും ബജറ്റിൽ തുക വകയിരുത്താനും തുടങ്ങിയിട്ടും പതിറ്റാണ്ടിലേറെയായി. പദ്ധതികൾ ഇപ്പോഴും കടലാസിൽ നിന്നു പുറത്തു വരാതെ കിടപ്പാണ്.
ആരോഗ്യമില്ലാത്ത കേന്ദ്രങ്ങൾ
ചേലക്കര ∙ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയർത്തിയിട്ടും പതിറ്റാണ്ടു പിന്നിട്ടു. ഇപ്പോഴും കൃത്യമായ കിടത്തി ചികിത്സയോ രാത്രിയിൽ ഡോക്ടർമാരുടെ സേവനമോ ലഭ്യമല്ല. മണ്ഡലത്തിലെ ഒരു ആരോഗ്യ കേന്ദ്രത്തിലും രാത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. പ്രസവ ചികിത്സയും എവിടെയും ലഭ്യമല്ല.
പ്ലാഴി –വാഴക്കോട് റോഡ്
ചേലക്കര ∙പ്ലാഴി–വാഴക്കോട് റോഡ് പുനർ നിർമാണത്തിനു 120 കോടിയിലേറെ ചെലവിട്ടിട്ടും ഫലമുണ്ടായില്ലെന്ന പരാതി നാട്ടിലുണ്ട്. അപകടകരമായ വളവുകൾ മാത്രമായിരുന്ന റോഡിന്റെ ശാപം.