ഗുരുവായൂർ ക്ഷേത്രത്തിൽ 192 വിവാഹങ്ങൾ; വൻ തിരക്ക്, റോഡുകളിൽ ഗതാഗത കുരുക്ക്
Mail This Article
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ രണ്ടു ദിവസമായി ദർശനത്തിന് വൻ തിരക്ക്. ദീപാവലി അവധിക്കെത്തിയവരിൽ തമിഴ് നാട്ടുകാരാണ് ഏറെയും. ഇന്നലെ ക്ഷേത്രത്തിൽ 192 വിവാഹങ്ങൾ നടന്നു. ഇന്നർ ഔട്ടർ റിങ് റോഡുകളിൽ ഗതാഗത കുരുക്കായി.റോഡരികിലടക്കം വാഹനങ്ങളുടെ വൻ നിരയായിരുന്നു ശനിയാഴ്ച രാത്രി മുതൽ മുറി കിട്ടാതെ ഭക്തർ വലഞ്ഞു. ക്ഷേത്രത്തിനു മുന്നിലെ നടപ്പുരകളിലാണ് പലരും രാത്രി ചെലവഴിച്ചത്. ഇന്നലെ മണിക്കൂറുകൾ കാത്തു നിന്നാണ് ഭക്തർ ദർശനം നടത്തിയത്.ക്ഷേത്രത്തിൽ ഇന്നലെ വഴിപാടിനത്തിലെ വരുമാനം 84.33 ലക്ഷം രൂപയാണ്. വരി നിൽക്കാതെ ദർശനം നടത്താനുള്ള നെയ് വിളക്ക് വഴിപാടിൽ നിന്നുള്ള വരുമാനം 28.83 ലക്ഷം രൂപ. നെയ് വിളക്ക് ടിക്കറ്റ് എടുത്തവരും ദർശനത്തിന് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നു. തുലാഭാരം വഴിപാടിൽ നിന്ന് 23 ലക്ഷം രൂപയും പാൽപായസം, നെയ്പായസം വഴിപാടുകളിൽ നിന്ന് 9 ലക്ഷം രൂപയും ലഭിച്ചു.