ചെറുപ്പക്കാർ രാഷ്ട്രീയത്തിൽ ഇടപെടണം: തരൂർ
Mail This Article
ചേലക്കര ∙ ‘‘ഞാൻ പ്രധാനമന്ത്രിയാകുമോ എന്നു ചോദിച്ചാൽ അതിന് എനിക്കു മറുപടിയില്ല. രാജ്യം നന്നാകട്ടെ. അതല്ലേ വേണ്ടത്...’’– ചേലക്കര സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ച ‘മീറ്റ് തരൂർ’ പരിപാടിയിൽ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അംഷാനയുടെ ചോദ്യത്തിന് ശശി തരൂരിന്റെ മറുപടിയായിരുന്നു ഇത്. വിദ്യാർഥികളും വിവിധ തൊഴിൽ മേഖലകളിൽപെട്ടവരും തരൂരുമായി സംവദിച്ചു. രാഷ്ട്രീയത്തിൽ തന്റെ സഹപാഠികൾക്കു താൽപര്യമില്ലെന്ന് പറഞ്ഞ വിദ്യാർഥിയോട്, രാഷ്ട്രീയത്തിന് അവരിൽ താൽപര്യമുണ്ട് എന്നു പറയാനായിരുന്നു തരൂരിന്റെ നിർദേശം.
അവരുടെ ഭാവി നിർണയിക്കുന്നത് രാഷ്ട്രീയക്കാർ എടുക്കുന്ന തീരുമാനങ്ങളാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അവർ എന്തു തൊഴിൽ ചെയ്യണമെന്ന്, എത്ര നികുതി അടയ്ക്കണമെന്ന് ഒക്കെ നിർണയിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇക്കാര്യം അവർ തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് അവർ രാഷ്ട്രീയത്തിൽ താൽപര്യമില്ല എന്നു പറയുന്നത്. കഴിവുള്ളവർ അധികാരത്തിൽ വരണമെങ്കിൽ ചെറുപ്പക്കാർ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതുണ്ട്.– തരൂർ പറഞ്ഞു.
സങ്കുചിത രാഷ്ട്രീയ താൽപര്യം വച്ചു പുലർത്തിയാൽ നാടു നന്നാകില്ലെന്നും യുവാക്കൾ നാടു വിട്ടുപോകാതിരിക്കാൻ ഇവിടെ നല്ല പദ്ധതികൾ വരേണ്ടതുണ്ടെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കുട്ടികൾ വിദേശത്തേക്കു പോകുന്നത് തെറ്റായി കാണേണ്ടതില്ല. അവർ തിരികെ വരാതിരിക്കുന്നതാണ് രാജ്യത്തിന്റെ നഷ്ടം. കുട്ടികൾ പഠിച്ചതിന്റെ ഗുണം നാടിനു കിട്ടണം. അതിനുള്ള തൊഴിൽ അവസരങ്ങൾ ഇവിടെ ഉണ്ടാകണം. സർക്കാർ അതനുസരിച്ച് നയത്തിൽ മാറ്റം വരുത്തണം.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത് പാർലമെന്റ് സംവിധാനത്തിന്റെ അന്തസ്സത്ത മനസ്സിലാക്കാതെയാണ്. സഖ്യം തകരുമ്പോൾ സർക്കാർ വീണാൽ അവിടെ വേറെ തിരഞ്ഞെടുപ്പു നടത്തേണ്ടി വരില്ലേ? ഇടയ്ക്കിടെ തിരഞ്ഞെടുപ്പു വരുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്നു പറയുന്നതിൽ കാര്യമില്ല. ഭരിക്കാനാണ് ജനം ഏൽപിച്ചതെങ്കിൽ നിങ്ങൾ ഭരിക്കുക. എന്തിനാണ് തിരഞ്ഞെടുപ്പിൽ ഇടപെടുന്നത്. അതു നടത്താൻ കമ്മിഷൻ ഉണ്ടല്ലോ. ശശി തരൂർ പറഞ്ഞു.
മുള്ളൂർക്കര മഹാജൂബിലി ട്രെയ്നിങ് കോളജ്, ചെറുതുരുത്തി പിഎൻഎം ആയുർവേദ കോളജ്, മായന്നൂർ ലക്ഷ്മി നാരായണ കോളജ്, കിള്ളിമംഗലം അൽ ഇർഷാദ് ഇംഗ്ലിഷ് സ്കൂൾ, ചേലക്കര ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും ചോദ്യങ്ങൾക്ക് തരൂർ മറുപടി നൽകി. എൽദോ പൂക്കുന്നേൽ, അജിത് താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.
ബിജെപി കുഴൽപണം; വിവാദത്തിലേക്ക് കടക്കാൻ ആവശ്യപ്പെടരുതെന്ന് തരൂർ
ചേലക്കര ∙ ബിജെപിയുടെ കുഴൽപണ ഇടപാടുകളെപറ്റി അന്വേഷണം നടത്തണമെന്നും ഏത് ഏജൻസി വേണമെന്ന് താൻ പറയുന്നില്ലെന്നും ശശി തരൂർ എംപി. തന്റെ മണ്ഡലത്തിൽ അവർ കള്ളപ്പണം ഒഴുക്കിയോ എന്നതിൽ അഭിപ്രായം പറഞ്ഞാൽ അവർ അതിൽ പുതിയ കേസ് എടുക്കും. നേരത്തെ കള്ളപ്പണത്തെക്കുറിച്ച് പറഞ്ഞതിന് തനിക്കെതിരെ 4 കേസ് ഉണ്ട്. വിവാദത്തിലേക്ക് കടക്കാൻ ആവശ്യപ്പെടരുത്.
വയനാട് ദുരന്തം കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും കേന്ദ്രത്തിൽ നിന്ന് ഒരു പൈസയും കിട്ടിയിട്ടില്ല. ഗുജറാത്തിന് 600 കോടി രൂപ കൊടുത്തു. പിഎം കെയർ അല്ല പിഎം ഡസ്നോട്ട് കെയർ എന്നു വേണം പദ്ധതിക്ക് പേരിടാൻ.തിരഞ്ഞെടുക്കപ്പെട്ടാൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ വരില്ല എന്ന ആരോപണം വിലപ്പോവില്ല. അവർ തന്നെ ഇക്കാര്യത്തിൽ വയനാട്ടുകാർക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ പങ്കെടുക്കാനാണു പ്രിയങ്ക കേരളത്തിൽ വോട്ട് ചോദിക്കുന്നത്.
പാർലമെന്റിൽ പഠിച്ചുവന്ന് പ്രവർത്തിച്ചിരുന്ന രമ്യ ഹരിദാസ് നല്ലൊരു നിയമസഭാ സാമാജിക ആയിരിക്കും. ചെറുപ്പക്കാരിയായ എംഎൽഎ, ഈ സമയത്ത് ദുർഭരണത്തിനെതിരായ നല്ലൊരു മറുപടിയാണ്. –തരൂർ പറഞ്ഞു. പാലക്കാട്ടെ തിരഞ്ഞെടുപ്പു മാറ്റിവച്ചത് ബിജെപി രാഷ്ട്രീയായുധമാക്കും എന്ന് ശശി തരൂർ പറഞ്ഞതിനു പിന്നാലെ, യുഡിഎഫും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അദ്ദേഹത്തോട് ചൂണ്ടിക്കാട്ടിയപ്പോൾ മാറ്റിവച്ചത് സ്വാഗതം ചെയ്യുന്നതായി തരൂർ പറഞ്ഞു.