കോൺഗ്രസിന്റെ നാശത്തിന് കാരണം പവർഗ്രൂപ്പ്: പത്മജ
Mail This Article
തൃശൂർ ∙ ഇപ്പോൾ മനസ്സമാധാനം ഉണ്ടെന്നും ചിരിച്ച മനസ്സോടെയാണ് കോൺഗ്രസിലെ അടി കാണുന്നതെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാൽ. മണ്ഡലാടിസ്ഥാനത്തിൽ വരെ കോൺഗ്രസിൽ ഗ്രൂപ്പുകളുണ്ട്. ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ആണ് കോൺഗ്രസിൽ ഗ്രൂപ്പ് മാറുന്നത്. പവർഗ്രൂപ്പ് ആണ് കോൺഗ്രസിന്റെ നാശത്തിനു കാരണം. ഉമ്മൻചാണ്ടിക്കൊപ്പം നിന്ന് ഇപ്പോഴത്തെ പവർഗ്രൂപ്പുമായി ബന്ധം പുലർത്തുകയും വിവരങ്ങൾ ചോർത്തുകയും ചെയ്ത ആളാണ് ഷാഫി പറമ്പിൽ. ഇപ്പോൾ യുഡിഎഫ് വരും, മന്ത്രിയാകും എന്നു കരുതിയിരിക്കുന്ന ആളാണ് ഷാഫി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്നു കരുതിയാണ് കെ.മുരളീധരനെ പാലക്കാട് മത്സരിക്കുന്നതിൽ നിന്നു വെട്ടിയത്. വടകരയിൽ നിർത്തിയിരുന്നെങ്കിൽ അദ്ദേഹം ജയിക്കുമായിരുന്നു. തൃശൂരിലേക്കു വരരുതെന്ന് അന്നേ ഞാൻ പറഞ്ഞിരുന്നു. കൊടകര കുഴൽപ്പണക്കേസിൽ കാര്യമില്ല. കോൺഗ്രസുകാരും പണ്ട് പണം കൊണ്ടുവന്നിട്ടുണ്ട്. കൊടകര കുഴൽപ്പണക്കേസ് പാലക്കാട് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പത്മജ പറഞ്ഞു.
ബിജെപി–സിപിഎം ഡീൽ ഉണ്ടെന്ന് ചെന്നിത്തല
ചേലക്കര ∙ പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി – സിപിഎം പൊളിറ്റിക്കൽ ഡീൽ നടക്കുന്നുണ്ടെന്നു രമേശ് ചെന്നിത്തല. പാലക്കാട്ട് സിപിഎം വോട്ടുകൾ ബിജെപിക്കും ചേലക്കരയിൽ ബിജെപി വോട്ടുകൾ സിപിഎം സ്ഥാനാർഥിക്കും മറിച്ചു നൽകാൻ രഹസ്യധാരണയായിട്ടുണ്ട്. കൊടകരയിലെ കുഴൽപണ കേസ് ഇത്ര നാളായിട്ടും പൊലീസ് അന്വേഷിക്കാതിരിക്കുന്നതു കെ.സുരേന്ദ്രനെ രക്ഷിക്കാനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 69 മണ്ഡലങ്ങളിലെ ബിജെപി വോട്ടുകൾ സിപിഎമ്മിനു പോയതാണു തുടർഭരണത്തിനിടയാക്കിയത്. സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയായ പിണറായി വിജയൻ പാർലമെന്റ് തിരഞ്ഞെടുപ്പു കാലത്ത് എവിടെയും പ്രസംഗിക്കാൻ പോകാഞ്ഞതു നരേന്ദ്ര മോദിയെയും അമിത് ഷായെയും പിണക്കാൻ പറ്റാത്തതു കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
‘വയോധികരുടെയും ഭിന്നശേഷിക്കാരുടെയും വോട്ട് സുതാര്യമാകണം’
ചേലക്കര ∙ ഉപതിരഞ്ഞെടുപ്പിൽ 85 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകൾ അവരുടെ വീടുകളിൽ വന്ന് പ്രിസൈഡിങ് ഓഫിസർമാർ രേഖപ്പെടുത്തുന്നത് സുതാര്യമല്ലാതെ ചെയ്താൽ അവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ വി.ഡി.സതീശൻ മുന്നറിയിപ്പ് നൽകി. ഇന്നു മുതൽ 9 വരെയാണ് വീടുകളിൽ ചെന്ന് വോട്ട് ചെയ്യിക്കുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സംഘടനകളിൽപ്പെട്ട ചില ഉദ്യോഗസ്ഥർ ഈ സാഹചര്യം ദുരുപയോഗം ചെയ്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി
തൃശൂർ ∙ ചീഫ് ഇലക്ടറൽ ഓഫിസർ പ്രണബ് ജ്യോതിനാഥിന്റെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. കലക്ടർ അർജുൻ പാണ്ഡ്യൻ മുന്നൊരുക്കങ്ങളെക്കുറിച്ചു വിശദീകരിച്ചു. പോളിങ് ബൂത്തുകളിലെ സൗകര്യങ്ങൾ, പ്രശ്നബാധിത ബൂത്തുകളിലെ സുരക്ഷാ മുന്നൊരുക്കങ്ങൾ, പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം എന്നിവ അവലോകന യോഗത്തിൽ വിലയിരുത്തി. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഇവിഎം മെഷീനുകളുടെ കമ്മിഷനിങ്ങും സ്ട്രോങ് റൂമും വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങളും ചെമ്പൂക്കാവ് ഇവിഎം വെയർഹൗസും ചീഫ് ഇലക്ടറൽ ഓഫിസറും സംഘവും സന്ദർശിച്ചു.
ആദിവാസി മൂപ്പൻ ബിജെപിയിൽ ചേർന്നു
പഴയന്നൂർ ∙ കുമ്പളക്കോട് മാട്ടിൻമുകൾ ആദിവാസി സങ്കേതത്തിലെ മൂപ്പൻ ചുക്രൻ അടക്കം 15 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നതായി നേതാക്കൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ പുതിയ അംഗങ്ങൾക്കു സ്വീകരണം നൽകി.
പൂരം കലക്കി ബിജെപിക്ക് നേട്ടമുണ്ടാക്കിയത് മുഖ്യമന്ത്രി: കെ.മുരളീധരൻ
ചേലക്കര∙ തൃശൂർ പൂരം കലക്കി ബിജെപിക്കു നേട്ടമുണ്ടാക്കിയതു മുഖ്യമന്ത്രി പിണറായി വിജയനെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പൂരം കലങ്ങിയില്ലെന്നു പറയുന്ന പിണറായി വിജയൻ പൂരം കണ്ടിട്ടുണ്ടോ എന്നും മുരളീധരൻ ചോദിച്ചു. ചേലക്കരയിലെ യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടിക്കുന്നിൽ സുരേഷ് എംപി, രമ്യ ഹരിദാസ്,പി.എം.നിയാസ്, ടി.എം.കൃഷ്ണൻ, ടി.എ.രാധാകൃഷ്ണൻ, ടി.ഗോപാലകൃഷ്ണൻ, ടി.എസ്.രാമദാസ്, പി.എം.റഷീദ്, പി.സുധീർ എന്നിവർ പ്രസംഗിച്ചു.
രമ്യ ഹരിദാസ് ഇന്ന് മുള്ളൂർക്കരയിൽ
ചേലക്കര ∙ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഇന്നു മുള്ളൂർക്കര പഞ്ചായത്തിൽ പര്യടനം നടത്തും. രാവിലെ 8നു മണലാടിയിൽ തുടങ്ങി രാത്രി 8.15ന് ആറ്റൂർ മനപ്പടിയിൽ സമാപിക്കും. നാളെ പാഞ്ഞാളിലാണു വോട്ട് അഭ്യർഥന.