ചേലക്കരയിലും പാലക്കാട്ടും താമര വിരിയും, വയനാട്ടിൽ ചരിത്ര മുന്നേറ്റം നടത്തും: ജാവഡേക്കർ
Mail This Article
ചേലക്കര ∙ ചേലക്കരയിലും പാലക്കാട്ടും താമര വിരിയുമെന്നും വയനാട്ടിൽ ബിജെപി സ്ഥാനാർഥി ചരിത്ര മുന്നേറ്റം നടത്തുമെന്നും മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ പറഞ്ഞു. ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുലാക്കോട്ടു നടന്ന എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട് ഒരു കുടുംബത്തിനും തീറെഴുതി കൊടുത്തിട്ടുള്ള മണ്ഡലമല്ല. അവിടെ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് ചരിത്രമുന്നേറ്റം നടത്തും. കേരളത്തിൽ ബിജെപിയുടെ വളർച്ച കണ്ട് യുഡിഎഫും എൽഡിഎഫും നിരാശരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്ത് എൽഡിഎഫും യുഡിഎഫും സഖ്യ കക്ഷികളാണ്. ഇവർ തമ്മിലാണ് കേരളത്തിലും ഡീൽ ഉള്ളത്. കേരളത്തിൽ തൊഴിൽ അവസരം സൃഷ്ടിക്കപ്പെടുന്നില്ല, യുവാക്കൾ ജോലി തേടി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പേവുകയാണെന്നും ദാരിദ്ര്യമാണ് കേരളത്തിൽ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഇത്തരത്തിലുള്ള നിയമങ്ങളിലാണ് കേന്ദ്രം മാറ്റം വരുത്താൻ ശ്രമിക്കുന്നതെന്നും ജാവഡേക്കർ പറഞ്ഞു. ബിജെപി മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രൻ, മേജർ രവി, തിരുവനന്തപുരം മേഖല പ്രസിഡന്റ് സോമൻ ആലപ്പുഴ, മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പി. എസ്.കണ്ണൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ജിജി മോൾ എന്നിവർ പ്രസംഗിച്ചു.