ADVERTISEMENT

തൃശൂർ ∙ വാട്സാപ് വിഡിയോ കോളിലൂടെ നഗ്നശരീരം കാണിച്ച് തൃശൂരിലെ വ്യാപാരിയെ പെൺകെണിയിൽപെടുത്തി 2.5 കോടി രൂപ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി ഒറ്റയിൽപടിതറ്റിൽ ഷെമി (ഫാബി -38), ഭർത്താവ്  പെരിനാട് മുണ്ടക്കൽ തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരാണ് അറസ്റ്റിലായത്.

2020ൽ വ്യാപാരിയെ വാട്സാപ് വഴി പരിചയപ്പെട്ട ഷെമി എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്നാണ് വിശ്വസിപ്പിച്ചത്. ഹോസ്റ്റൽ ഫീസിനും മറ്റുമെന്നും പറഞ്ഞ് വ്യാപാരിയിൽനിന്ന് കടം വാങ്ങിത്തുടങ്ങി. പിന്നീട് വിഡിയോ കോളുകളിലൂടെ നഗ്നശരീരം കാണിച്ച് വ്യാപാരിയെ കുടുക്കുകയും ചാറ്റുകളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വലിയ തുകകൾ കൈപ്പറ്റാൻ തുടങ്ങുകയുമായിരുന്നു.

പണം തീർന്നതോടെ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള സ്ഥിരനിക്ഷേപങ്ങൾ വരെ പിൻവലിച്ചും ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ചും വ്യാപാരി പണം നൽകി. 2.5 കോടി രൂപയോളം യുവതി ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് കൈമാറി. ഭീഷണി തുടരുകയും പണം നൽകാൻ വഴിയില്ലാതാകുകയും ചെയ്തതോടെയാണ് വ്യാപാരി വെസ്റ്റ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.

ഇൻസ്പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ 2 ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. പ്രതിയുടെയും വ്യാപാരിയുടെയും ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകളെപറ്റി അന്വേഷിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിൽ പ്രതികൾ കൊല്ലം പനയത്തെ അഷ്ടമുടിമുക്കിൽ ആഡംബര ജീവിതം നയിക്കുകയാണെന്ന് പൊലീസ് കണ്ടെത്തി. സ്വത്തുക്കളെകുറിച്ച് പൊലീസ് തെളിവുകൾ ശേഖരിക്കുന്നതു മനസ്സിലാക്കിയ പ്രതികൾ ഒളിവിൽ പോയി. 

ഇവർ വയനാട്ടിൽ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും അവിടെനിന്നു കടന്നുകളഞ്ഞു. പിന്നീട് അങ്കമാലിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 82 പവനോളം സ്വർണാഭരണങ്ങൾ, 2 ആഡംബര കാറുകൾ, 2 ജീപ്പുകൾ, ഒരു ബൈക്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്.സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.സുധീഷ്കുമാർ, വെസ്റ്റ് എസ്ഐ സെസിൽ ക്രിസ്ത്യൻ രാജ്, എഎസ്ഐ പ്രീത്, സിപിഒമാരായ ദീപക്, ഹരീഷ്, അജിത്ത്, അഖിൽ വിഷ്ണു, നിരീക്ഷ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

English Summary:

In a shocking case of online fraud, a Thrissur businessman was honey-trapped and extorted of ₹2.5 crores through nude video calls on WhatsApp. The perpetrators, a woman posing as a young student and her husband, threatened to leak the videos unless he paid them.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com