‘ചേച്ചിയേയ്, ചേച്ചീടേം കുടുംബത്തിന്റേം വോട്ടെല്ലാം എനിക്കു തരണേ..’ ; പരിചയം പുതുക്കി രമ്യയുടെ പര്യടനം
Mail This Article
പ്ലാസ്റ്ററിട്ട കാൽ നിലത്തുകുത്താതെ ഒറ്റക്കാലിലൂന്നി മതിലിൽ പിടിച്ചുനിൽക്കുകയാണ് അമീർഅലി. പര്യടനവാഹനത്തിൽ നിന്നു ചാടിയിറങ്ങി അമീർ അലിക്കരികിലെത്തി രമ്യ ഹരിദാസ് ചോദിച്ചു, ‘എന്തുപറ്റി?’. ചിരിച്ചുകൊണ്ട് അമീർ അലി പറഞ്ഞു, ‘ഫുട്ബോൾ കളിക്കുമ്പോൾ കാൽ മടങ്ങി.’ ഒറ്റക്കാലിൽ നിൽപ്പുതുടരുന്ന ആറാംക്ലാസുകാരനോടു സ്ഥാനാർഥി വീണ്ടും ചോദിച്ചു, ‘ഫുട്ബോൾ ആണോ ഏറ്റവുമിഷ്ടം?’ ആണെന്നു കുട്ടിയുടെ മറുപടി. ‘അമീറിനു വോട്ട് ചെയ്യാൻ പ്രായമായിട്ടില്ലല്ലോ. അതുകൊണ്ടു ഫുട്ബോളിനു കൊടുത്തു കഴിഞ്ഞു ബാക്കിയുള്ള സ്നേഹം ചേച്ചിക്കു തരാമോ?’ തരാമെന്ന് അമീർ അലി. തിരികെ പര്യടന വാഹനത്തിലേക്കു കയറി വയറില്ലാത്ത മൈക്ക് കയ്യിലെടുത്ത് അമീറിനോടുള്ള സ്നേഹം നാട്ടിൽ പാട്ടാക്കി സ്ഥാനാർഥി മുന്നോട്ട്.
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പ്രചാരണത്തിന്റെ സ്വഭാവം ഇങ്ങനെയാണ്. എല്ലാവരോടും വോട്ടഭ്യർഥിക്കും, വോട്ടില്ലാത്തവരോടു സ്നേഹമഭ്യർഥിക്കും. രണ്ടിലൊന്നെങ്കിലും നൽകാനില്ലാത്ത ആരെയും കണ്ടുമുട്ടാറില്ലെങ്കിലും പ്രാർഥനയിലെങ്കിലും തന്നെയോർക്കണേ എന്നു രമ്യ സൗമ്യമായി പറയും. മുള്ളൂർക്കര പഞ്ചായത്തിലെ കൊടക്കാടിക്കാവ് നായാടിക്കോളനിയിലേക്കുള്ള വഴിയിൽ രാവിലെ പത്തുമണിയോടെയാണു സ്ഥാനാർഥിയെ ആദ്യം കണ്ടുമുട്ടുന്നത്. വെയിലിനു ചൂടേറിയിരുന്നെങ്കിലും സ്ഥാനാർഥി ‘കൂൾ’ ആയി പ്രചാരണ വാഹനത്തിൽ നിന്നും ഇരുന്നും ഇറങ്ങിയും കയറിയും ഓടിയും നടന്നും ചടുലമായ വോട്ടഭ്യർഥനയിൽ.
കോളനിയിലേക്കുള്ള ചെറുവഴിയുടെ തുടക്കത്തിലെ കലുങ്കിൽ പ്രചാരണ വാഹനമെത്തിയപ്പോൾ പ്രദേശവാസി വന്നു പറഞ്ഞു, ‘അങ്ങോട്ട് വണ്ടി പോകില്ല കേട്ടോ’. വണ്ടിയിലെ സ്പീക്കറിന്റെ ശബ്ദം കൂട്ടാൻ സഹായിക്കു നിർദേശം നൽകിയ ശേഷം സ്ഥാനാർഥി മൈക്ക് കയ്യിലെടുത്തു. കോളനിയുടെ ദിശയിലേക്കു നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, ‘എന്റെ പ്രിയപ്പെട്ട അമ്മമാരേ, എന്റെ വാക്കുകൾ നിങ്ങൾക്കു കേൾക്കാൻ കഴിയുന്നുണ്ടെന്നറിയാം. ഇങ്ങനെ എല്ലാക്കാലവും ജീവിച്ചാൽ മതിയോ നിങ്ങൾക്ക്? മാറ്റമുണ്ടാകേണ്ടേ ജീവിതത്തിൽ. ആ മാറ്റത്തിനു വേണ്ടി നിങ്ങൾ എനിക്കു വോട്ട് ചെയ്യൂ..’
വണ്ടി കലുങ്കിൽ കഷ്ടപ്പെട്ടു തിരിച്ചു സ്ഥാനാർഥി ചേലക്കര റോഡിലെ വളവു ഭാഗത്തേക്കു നീങ്ങി. ആകസ്മികമെന്നോണം വണ്ടിയിലെ സ്പീക്കറിൽ ട്രെൻഡ് ഗാനത്തിന്റെ പാരഡി മുഴങ്ങി: ‘മാറ്റം വേണം, മാറീടേണം, മാറ്റത്തിനായ് വോട്ടേകാം.. നൽകാം വോട്ടെല്ലാം രമ്യയ്ക്കായ്..’ വണ്ടി മെയിൻറോഡിലേക്കു കയറിയതും കടയുടെ തിണ്ണയിൽ ചിരിച്ചുനിൽക്കുന്ന ചേച്ചിയെ കണ്ടു സ്ഥാനാർഥി വീണ്ടും മൈക്കെടുത്തു: ‘ചേച്ചിയേയ്, ചേച്ചീടേം കുടുംബത്തിന്റേം വോട്ടെല്ലാം എനിക്കു തരണേ..’ ചേച്ചി ചിരിച്ചുകൊണ്ടു കൈവീശി.
വളവ് ജംക്‌ഷനിൽ മാലയിടാൻ കാത്തുനിന്നവരുടെ കൂട്ടത്തിലൊരാൾ പറഞ്ഞു: ‘ഞാൻ അങ്ങ് പുതുപ്പള്ളിയിൽ നിന്നാ..’ തന്നെ കാണാൻ വേണ്ടി മാത്രം ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ നിന്നു ബസ് കയറിയെത്തിയ ആളുടെ കയ്യിൽ ചേർത്തുപിടിച്ചു രമ്യ അനുഗ്രഹം തേടി. തൊട്ടടുത്തു യൂണിയൻ തൊഴിലാളികളുടെ ഷെഡ്. സിഐടിയു യൂണിഫോം അണിഞ്ഞു നിന്ന ഉമ്മറിനരികിലെത്തി രമ്യ പറഞ്ഞു, ‘സ്നേഹവും വേണം, വോട്ടും വേണം.’ ഉമ്മർ നിറഞ്ഞുചിരിച്ചു.
എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിനരികിലെത്തിയപ്പോഴാണു ‘സീൻ’ മാറിയത്. പ്രചാരണത്തിലുടനീളം സ്വയം അനൗൺസറുടെ വേഷമണിയുന്ന സ്ഥാനാർഥിയുടെ ശബ്ദം കേട്ടു സ്കൂളിന്റെ മുകൾ നിലയിൽ നിന്നു കുട്ടികളുടെ ആരവം. ‘ചേച്ചീ ഒരു പാട്ടുപാടാമോ?’ സ്ഥാനാർഥി ഒരുനിമിഷം ചിരിച്ചുകൊണ്ടു നിന്ന ശേഷം പാടി: ‘പൊന്നുവിളയുന്ന പാടത്തും നാട്ടിലും നാനായിടത്തും നീ പാറിയില്ലേ..’ ക്ലാസ് മുറികളിൽ നിന്ന് ആരവമേറി. ഓടി സ്കൂൾ വളപ്പിലെത്തി പുറത്തു നിന്ന കുട്ടികളുടെ കൈപിടിച്ചു പറഞ്ഞു, ‘രമ്യച്ചേച്ചിക്കു വോട്ട് ചെയ്യാൻ വീട്ടിൽ എല്ലാവരോടും പറയണേ..’ വാഴക്കോട് സെന്ററിലെത്തിയപ്പോഴതാ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സ്നേഹം. അവർക്കു വേണ്ടി ഒരു തണ്ണിമത്തൻ മുറിച്ചു സ്ഥാനാർഥി എല്ലാവർക്കുമൊപ്പം സ്നേഹം പങ്കുവച്ചു.
റോഡിന്റെ മറുവശത്തു ബസ് നിർത്തിയപ്പോൾ ഇടംവലം നോക്കി റോഡ് പാഞ്ഞുമുറിച്ചു കടന്ന് ബസിനരികിലെത്തി വോട്ടഭ്യർഥന. സഹായികൾ പാടുപെട്ടു റോഡ് മുറിച്ചുകടക്കുമ്പോഴും അതിവേഗം സ്ഥാനാർഥി തിരിച്ചെത്തിയിരുന്നു. വാകപ്പാറ കോളനിയിലെത്തിയപ്പോൾ ഭാനുവെന്ന പ്രദേശവാസിയുടെ വീട്ടിൽ കയറി.
‘ഭാനുവേച്ചിയേ രമ്യാ ഹരിദാസാ’ എന്ന് ഉള്ളിലേക്കു നോക്കി സ്ഥാനാർഥി വിളിച്ചു. ‘കുളിക്കുവാണല്ലോ മോളേ, ഒന്നു നിൽക്കേ’ എന്ന് അകത്തു നിന്നു മറുപടി. ‘സമാധാനായിട്ടു കുളിച്ചോളൂ, ഇനിയും ഞാൻ വരുമെന്ന്’ മറുപടിയോടെ രമ്യ അടുത്ത വീട്ടിലേക്ക്. എല്ലാവരോടും ആവർത്തിച്ചത് ഒരേ അഭ്യർഥന: ‘മാറ്റമുണ്ടാക്കണം നമുക്ക്. സ്നേഹവും വോട്ടും വേറെയാർക്കും കൊടുക്കുകയുമരുത്..’