മുന്നണികൾ മാറിയിട്ടും മാറാതെ മാട്ടിൻമുകൾ
Mail This Article
പഴയന്നൂർ ∙ ഒരു ദിവസം കൊണ്ട് ആളുകൾ പാർട്ടി മാറിയത് 2 തവണ; 20 വർഷമായിട്ടും മാറാത്ത ചിലതുണ്ട് ഇവിടെ. ഇത് കുമ്പളക്കോട് മാട്ടിൻമുകൾ ആദിവാസി സങ്കേതത്തിലെ ഒരേക്കർ സ്ഥലത്തെ 19 കുടുംബങ്ങളുടെ കഥയാണ്. ഇവരെ പാർട്ടിയിൽ ചേർക്കാനും വോട്ട് ചോദിക്കാനും എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കൃത്യമായി വിവിധ പാർട്ടികളിൽ നിന്ന് ആളുകൾ എത്തും. ഇത്തവണ ഒരു പാർട്ടിയിലേക്ക് ചേർക്കുകയും പിറ്റേന്ന് തിരികെ പഴയ പാർട്ടിയിലേക്കു തന്നെ മാറുകയും ഉണ്ടായി. എന്നാൽ മാറാത്ത ദുരിതങ്ങളാണ് വർഷങ്ങളായി ഇവർക്ക്. അടച്ചുറപ്പില്ലാത്ത ഷെഡുകളിൽ ആണ് പലരും കഴിയുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ കിട്ടിയെങ്കിലും പണി ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
വനത്തിൽ നിന്ന് ഔഷധസസ്യങ്ങൾ ശേഖരിച്ച് കടകളിൽ കൊണ്ടുപോയി വിൽപന നടത്തിയാണ് ഇവർ ഓരോ ദിവസവും കഴിഞ്ഞുകൂടുന്നത്. അതിന് കിട്ടുന്നതോ തുച്ഛമായ വില. അതുപോലെ മഴക്കാലത്തെ ദുരിതങ്ങൾ വേറെ. വീടുകൾ മഴക്കാലത്ത് ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. ‘‘2018ൽ അനുവദിച്ച് കിട്ടിയതാണ് പുതിയ വീട്. വർഷം ആറു കഴിഞ്ഞു. ഇന്നും പണി പൂർത്തിയായിട്ടില്ല. ജനലിന്റെയും വാതിലിന്റെയും പണികൾ എങ്കിലും പൂർത്തിയായിരുന്നെങ്കിൽ മഴയത്ത് ഈ ഷെഡിൽ കിടക്കാതെ അവിടേക്ക് താമസം മാറാമായിരുന്നു. നിലവിൽ ശുചിമുറി ഉപയോഗത്തിന്റെ കാര്യത്തിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.’’– സഹോദരന്റെ കുടുംബത്തിനൊപ്പം ഷെഡിൽ കഴിയേണ്ടിവരുന്ന അനിത ചന്ദ്രന്റെ വാക്കുകളാണിത്.
2005ൽ പണി കഴിഞ്ഞതാണ് ഇവിടുത്തെ ചുക്രൻ മൂപ്പന്റെ വീട്. മഴ പെയ്താൽ ചോർന്നൊലിക്കും. ‘‘പണി പൂർത്തിയാക്കുന്നതിനെകുറിച്ച് അധികൃതരോട് അന്വേഷിക്കുമ്പോൾ ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് പറയും. ഇതുവരെ പണി പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.’’– മൂപ്പൻ പറയുന്നു. ‘‘കൈക്കുഞ്ഞുമായി താമസിക്കുന്ന ഷെഡിന് മുകളിലേക്ക് കാറ്റിലും മഴയിലും മരം വീണിരുന്നു. അതൊന്നു മാറ്റിത്തരാൻ പോലും ആരും വന്നില്ല. ഞങ്ങൾ സ്വയം അതിനായി ഇറങ്ങേണ്ടിവന്നു.’’ ശാലിനിയുടെ പരാതിയാണിത്. വീടുകളിലേക്ക് വെള്ളമെടുക്കാൻ സ്വന്തമായി പൈപ്പില്ല. പൊതു പൈപ്പിനെയാണ് നിലവിൽ ഈ കുടുംബങ്ങളെല്ലാം ആശ്രയിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പുകാലവും ഇവർക്ക് വാഗ്ദാനങ്ങളുടേതാണ്. അക്കാര്യത്തിൽ ഈ ഉപതിരഞ്ഞെടുപ്പിലും മാറ്റമില്ല.