നറുനെയ് ശോഭയിൽ ചുറ്റുവിളക്കു തെളിഞ്ഞു; ഗുരുവായൂരിൽ ഏകാദശിക്കാലം
Mail This Article
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഏകാദശി വിളക്കിന്റെ ആദ്യ ദിവസം വിളക്കു മാടത്തിലെ എണ്ണായിരത്തോളം ഓട്ടു വിളക്കുകളിൽ നറുനെയ് ദീപം തെളിഞ്ഞു. ശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തിൽ കൊമ്പൻ ഗുരുവായൂർ രാജശേഖരൻ കണ്ണന്റെ തങ്കത്തിടമ്പും കോലവും എഴുന്നള്ളിച്ചു. കൊമ്പന്മാരായ വിനായകനും രവികൃഷ്ണനും ഇടംവലം നിരന്നു. മുന്നിൽ ഗുരുവായൂർ കൃഷ്ണകുമാർ, ഗുരുവായൂർ കൃഷ്ണപ്രസാദ് എന്നിവരുടെ ഇടയ്ക്ക വാദനത്തിന്റെ അകമ്പടിയിൽ മാവേലിക്കര അഖിൽകൃഷ്ണ, നവനീത് കൃഷ്ണൻ എന്നിവർ നാഗസ്വരം വായിച്ചു.
സന്ധ്യയ്ക്ക് പനമണ്ണ ശശി, ഗുരുവായൂർ ശശി എന്നിവരുടെ തായമ്പക അരങ്ങേറി. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ മീര ഹരിയുടെ സംഗീത കച്ചേരിയും ഉണ്ടായി. ഡിസംബർ 11നാണ് ഏകാദശി. 30 ദിവസം വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും നടത്തുന്ന ഏകാദശി വിളക്കുകളുണ്ട്. ഇന്നലെ ആദ്യ ദിവസം പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണിയമ്മയുടെ കുടുംബത്തിന്റെ വകയായിരുന്നു ഏകാദശി വിളക്ക്. ഇന്ന് ഗുരുവായൂർ ദേവസ്വം നടത്തുന്ന ഉദയാസ്തമയ പൂജയും ഏകാദശി വിളക്കുമാണ്.
ഉദയാസ്തമയ പൂജയുടെ അരിയളവ് ഇന്നലെ ദീപാരാധനയ്ക്കു ശേഷം നടന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതിയംഗം സി.മനോജ്, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ എന്നിവർ പങ്കെടുത്തു. നാളെ ബെംഗളൂരു കെ.വി.ഗോപിനാഥ് ആൻഡ് കമ്പനിയുടെയും വ്യാഴാഴ്ച അയ്യന്തോൾ പൽപുവിന്റെയും വെള്ളിയാഴ്ച പോസ്റ്റൽ ജീവനക്കാരുടെയും വകയായി ഏകാദശി വിളക്ക് ആഘോഷിക്കും.