പീച്ചി ഡാമിൽ കുട്ടവഞ്ചി സവാരി തുടങ്ങി; 20 മിനിറ്റ് യാത്രയ്ക്കു 400 രൂപ നിരക്ക്
Mail This Article
പീച്ചി ∙ ഡാമിൽ കുട്ടവഞ്ചി സവാരി മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കുട്ടവഞ്ചിയിൽ സഞ്ചരിച്ചായിരുന്നു ഉദ്ഘാടനം . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അധ്യക്ഷത വഹിച്ചു. വനംവകുപ്പിനു കീഴിലെ പീച്ചി വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ ചിമ്മിനിയിലാരംഭിച്ച കുട്ടവഞ്ചി പദ്ധതിയുടെ മാതൃകയിലാണു പീച്ചിയിൽ കുട്ടവഞ്ചി സവാരി ആരംഭിച്ചത്. പീച്ചി വനത്തിൽ ശീതൾ ഭാഗത്തു നിന്ന് ആരംഭിച്ചു വള്ളിക്കയം വരെ വനയാത്രയും തുടർന്നു വള്ളിക്കയത്തു കുട്ടവഞ്ചി സഞ്ചാരവുമാണ് ഒരുക്കിയിട്ടുള്ളത്. 20 മിനിറ്റ് യാത്രയ്ക്കു 400 രൂപയാണു നിരക്ക്. 4 പേർക്ക് സഞ്ചരിക്കാം. 40 മിനിറ്റിന് 800 രൂപയും ആനത്താര വരെയുള്ള യാത്രയ്ക്കു 900 രൂപയുമാണു നിരക്കുകൾ.
വിദഗ്ധരായ തുഴച്ചിലുകാരും കുട്ടവഞ്ചിയിൽ ഉണ്ടാവും. പീച്ചി വനത്തിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ട്രക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. കുട്ടവഞ്ചി ടൂറിസം ആരംഭിക്കുന്നതോടെ പീച്ചിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.രമേഷ്, പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, സ്വപ്ന രാധാകൃഷ്ണൻ, സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ഡോ.ആർ.ആടലരസൻ, കെഇആർഐ ഡയറക്ടർ കെ.ബാലശങ്കർ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ വി.ജി.അനിൽകുമാർ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സുമു സ്കറിയ എന്നിവർ പ്രസംഗിച്ചു.