ചേലക്കര ഇന്ന് പോളിങ് ബൂത്തിൽ; ക്രമീകരണങ്ങൾ വിലയിരുത്തി കലക്ടർ
Mail This Article
തൃശൂർ ∙ ചേലക്കര ഉപതിരഞ്ഞെടുപ്പിനു പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവർത്തിച്ച ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. പോളിങ് സാമഗ്രികളുമായി ബൂത്തുകളിലേക്കു പുറപ്പെട്ട വാഹനങ്ങൾ കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങൾക്കു പൊലീസും സെക്ടറൽ ഓഫിസർമാരും അകമ്പടിയേകി. ചെറുതുരുത്തി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഒരുക്കിയ കമാൻഡ് കൺട്രോൾ റൂമും കലക്ടർ സന്ദർശിച്ചു.
മണ്ഡലത്തിലെ എല്ലാ പോളിങ് ബൂത്തുകളിലും ഒരുക്കിയിട്ടുള്ള വെബ് കാസ്റ്റിങ് സംവിധാനം നിരീക്ഷിക്കുന്നതു കൺട്രോൾ റൂമിൽ നിന്നാകും. ബൂത്തുകളിലേക്ക് ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പെടെയുളള മുഴുവൻ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തത്സമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും.
ഉപതിരഞ്ഞെടുപ്പ്:ചേലക്കരയിൽ ഇന്ന് അവധി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 20ന് പാലക്കാട് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലെ സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. 13നു നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് 20ലേക്കു മാറ്റുകയായിരുന്നു. 13ലെ അവധി റദ്ദാക്കി. സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്ക് അന്ന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം വേതനത്തോടു കൂടിയ അവധിയാണ്. ചേലക്കര നിയമസഭ, വയനാട് ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിലെ ഇത്തരം സ്ഥാപനങ്ങൾക്ക് ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്നാണ് അവധി.
‘പിടികൂടിയ പണത്തിൽ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം’
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ 20 ലക്ഷം രൂപ പിടിച്ചെടുത്ത വിഷയത്തിൽ സിപിഎം നേതാക്കളായ എം.ആർ.മുരളി, കെ.ബി.ജയദാസ് എന്നിവരുടെ പങ്കാളിത്തവും അന്വേഷിക്കണമെന്ന് കെപിസിസി നിർവാഹക സമിതി അംഗം അനിൽ അക്കര. ലോക്സഭ തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം ഇവരും ജയനും നടത്തിയ ഭൂമി വിൽപന ഉൾപ്പെടെയുള്ള ഇടപാടുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സിപിഎം ശ്രമം: അനീഷ് കുമാർ
പരാജയഭീതി മൂലം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ ആരോപിച്ചു. വോട്ടർമാരെ സ്വാധീനിക്കാനല്ലാതെ തിരഞ്ഞെടുപ്പു തലേന്നു കള്ളപ്പണം കൊണ്ടുവന്നത് എന്തിനാണെന്നു സിപിഎം വ്യക്തമാക്കണം. പണം കൊണ്ടു വന്ന ജയൻ എന്ന വ്യവസായി സിപിഎമ്മുകാരനും സിപിഎം നേതാവ് എം.ആർ.മുരളിയുടെ അടുപ്പക്കാരനുമാണ്. ഇരുവരെയും ചോദ്യം ചെയ്താൽ കള്ളപ്പണത്തിന്റെ കണക്കു പുറത്തു വരുമെന്നും അനീഷ് കുമാർ പറഞ്ഞു.
ചേലക്കര ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫ് കള്ളപ്പണം ഒഴുക്കുന്നെന്നു പരാതി
ചേലക്കര ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സിപിഎമ്മും എൽഡിഎഫും കള്ളപ്പണം ഒഴുക്കുകയാണെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സ്പെഷൽ സ്ക്വാഡ് പിടിച്ചെടുത്ത പണം സിപിഎമ്മിന്റേതാണെന്നും ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തി തിരഞ്ഞെടുപ്പ് സുതാര്യവും അഴിമതിരഹിതവുമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
നിലവിൽ സ്ക്വാഡുകളുടെ എണ്ണം കുറവാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ചീഫ് ഇലക്ടറൽ ഓഫിസർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ എന്നിവർക്കും പരാതി നൽകി. നിയമം ലംഘിച്ചു മണ്ഡലത്തിൽ തമ്പടിച്ചിട്ടുള്ള സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നേതാക്കളെ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.
കെ.രാധാകൃഷ്ണൻ എംപിയുടെ വോട്ട് തോന്നൂർക്കര സ്കൂളിൽ
കെ.രാധാകൃഷ്ണൻ എംപി വീടിന് അടുത്തുള്ള തോന്നൂർക്കര എയുപി സ്കൂളിലെ 75–ാം നമ്പർ ബൂത്തിൽ രാവിലെ 10നു വോട്ട് ചെയ്യും.
യു.ആർ.പ്രദീപ് കൊണ്ടയൂർ സ്കൂളിൽ വോട്ട് ചെയ്യും
ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് ഇന്നു രാവിലെ 7നു കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്കൂളിലെ 25-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യും.
കെ.ബാലകൃഷ്ണന്റെ വോട്ട് പാമ്പാടി ഗവ. സ്കൂളിൽ
ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണൻ ഇന്നു രാവിലെ 7നു തിരുവില്വാമല പാമ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 116–ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യും.