അപകട ഭീതിയിൽ അഴീക്കോട് – മുനമ്പം ബോട്ട് സർവീസ്: യാത്രക്കാർക്ക് കരയിലേക്ക് ഇറങ്ങാൻ ബുദ്ധിമുട്ട്
Mail This Article
അഴീക്കോട് ∙ അപകട സാധ്യത നിലനിൽക്കെ അഴീക്കോട് – മുനമ്പം ഫെറിയിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു. കടുത്ത പ്രതിസന്ധിയിൽ യാത്രക്കാർ ഭീതിയോടെ മറുകര കടക്കുകയാണ്. 115 ദിവസത്തിനു ശേഷം ബോട്ട് സർവീസ് തിങ്കളാഴ്ച പുനരാരംഭിച്ചെങ്കിലും മുനമ്പത്തെ ബോട്ട് ജെട്ടിയിൽ ബോട്ട് അടുപ്പിക്കാൻ ആകാത്തതിനാൽ പൊടുന്നനെ നിർത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ ബോട്ട് സർവീസ് തുടങ്ങിയെങ്കിലും ആശങ്ക നിലനിൽക്കുകയാണ്.യാത്രക്കാർക്കു ബോട്ടിൽ നിന്നു കരയിലേക്ക് ഇറങ്ങാൻ വലിയ പ്രയാസം നേരിടുന്നുണ്ട്. ഇതിനു പുറമേ താൽക്കാലിക ജെട്ടിയിലെ കുറ്റികൾ ഇളകിയ നിലയിലാണ്.
ബോട്ട് അടുപ്പിക്കുന്ന സ്ഥലത്ത് മണ്ണ് അടിഞ്ഞു കൂടിയിട്ടുള്ളതിനാൽ ബോട്ട് താൽക്കാലിക ബോട്ട് ജെട്ടിയിലേക്ക് അടുപ്പിക്കാൻ കഴിയുന്നില്ല. വേലിയിറക്ക വേളയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ ആണ് കടുത്ത പ്രതിസന്ധി. ഇൗ സമയം യാത്രികർ ബോട്ടിൽ നിന്നു ബോട്ട് ജെട്ടിയിലേക്കും തിരിച്ചു ജെട്ടിയിൽ നിന്നു ബോട്ടിലേക്കും ചാടുകയാണ്.
ഇതു വൻ അപകടം സംഭവിച്ചേക്കുമെന്നു തൊഴിലാളികൾ തന്നെ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളും കുട്ടികളും ഏറെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. താൽക്കാലിക ബോട്ട് ജെട്ടി പരിസരത്ത് നിന്നു മണൽ നീക്കം ചെയ്താൽ മാത്രമേ ബോട്ട് അടുപ്പിക്കാനാകൂ. ഇതു ജില്ലാ പഞ്ചായത്ത് ചെയ്താൽ ബോട്ട് സുഖമമായി ഓടിക്കാനാകുമെന്നു പറയുന്നു. എറണാകുളം – തൃശൂർ ജില്ലകളുടെ തീരദേശ മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാ മാർഗമാണ് അഴീക്കോട് – മുനമ്പം ബോട്ട് സർവീസ്. തീരദേശത്തെ ആയിരങ്ങളാണ് ഇതുവഴി യാത്ര ചെയ്യാറുള്ളത്.