തോളൂരിൽ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം തുടങ്ങി
Mail This Article
തോളൂർ ∙ സുസ്ഥിര നെൽക്കൃഷി വികസന പദ്ധതി പ്രകാരം പഞ്ചായത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം തുടങ്ങി. സമ്പൂർണ സൂക്ഷ്മ മൂലകങ്ങളുടെ മിശ്രിതമായ മൈക്രോ ന്യൂട്രീൻസാണ് ഡ്രോൺ ഉപയോഗിച്ച് തളിക്കുന്നത്. നെൽച്ചെടികളിലെ ഇലകളാണ് ഇത് വലിച്ചെടുത്ത് വളർച്ചയുടെ ഭാഗമാക്കുന്നത്. ചെടികളുടെ ആരോഗ്യവും കീടപ്രതിരോധ ശക്തിയും വർധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. സംഘം കോൾ നോർത്ത് പടവ്, മേഞ്ചിറ പടവ് എന്നിവയിലെ 150 ഏക്കർ സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ ഇത് പരീക്ഷിക്കുന്നത്. 3 ലക്ഷം രൂപയാണ് കൃഷിവകുപ്പ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
സബ്സിഡിയുള്ളതിനാൽ കർഷകർക്ക് ഇത് ഗുണകരമാകും. മനുഷ്യപ്രയത്നം ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നതിനേക്കാൾ ലാഭകരവും മികച്ചതുമാണിതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർപഴ്സൻ ഷീന വിൽസൺ അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എസ്.പ്രതീഷ്, കൃഷി ഓഫിസർ റിയ ജോസഫ്, ജനപ്രതിനിധികളായ കെ.ജി.പോൾസൺ, ഷീന തോമസ്, പറപ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ.സുബ്രഹ്മണ്യൻ, നോർത്ത് പടവ് കൺവീനർ സുനിൽ പോവിൽ എന്നിവർ പ്രസംഗിച്ചു.