സവാള വില കുറഞ്ഞു തുടങ്ങും, പക്ഷേ ഒരു മാസം കഴിയണം: നാസിക്കിലെ മഴ കേരളത്തിന് ‘പണി’യായി
Mail This Article
തൃശൂർ ∙ സംസ്ഥാനത്തു സവാളയുടെയും ഉള്ളിയുടെയും വില വർധന ഒരു മാസത്തേക്കു തുടരുമെന്നു വ്യാപാരികൾ. കഴിഞ്ഞ രണ്ടാഴ്ചയായി സവാള, ഉള്ളി എന്നിവയുടെ വില കൂടി നിൽക്കുകയാണ്. തൃശൂർ മാർക്കറ്റിൽ ഇന്നലെ സവാളയുടെ മൊത്തവില കിലോഗ്രാമിന് 75 രൂപയാണ്. ചില്ലറവില 85 രൂപയും. ചെറിയ ഉള്ളി മൊത്തവില 60 രൂപ. ചില്ലറ വില 75.
വടക്കേ ഇന്ത്യയിലെ ഖാരിഫ് വിളവെടുപ്പിൽ നിന്നുളള പുതിയ ഉള്ളി ഡിസംബർ പകുതിയോടെയേ വിപണിയിലെത്തൂ എന്നു വ്യാപാരികൾ പറയുന്നു. അതുവരെ വില താഴാനിടയില്ല. മഹാരാഷ്ട്രയിൽ നിന്നുളള ഉള്ളി വിതരണത്തിൽ കാര്യമായ തടസ്സം നേരിട്ടതാണ് ഉള്ളി വിലയിലെ കുതിച്ചുചാട്ടത്തിനു കാരണം. ഒക്ടോബറിൽ നാസിക് ജില്ലയിൽ പെയ്ത വ്യാപകമായ മഴയാണു വിളകളെ ബാധിച്ചത്. എല്ലാ വർഷവും ഈ സീസണിൽ സവാള, ഉള്ളിവില വർധിക്കാറുണ്ട്.
ഉള്ളിക്കു പകരക്കാർ
ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്തതാണു സവാളയും ഉള്ളിയും. ഉള്ളിക്കു പകരം മറ്റെന്തെങ്കിലും ഉപയോഗിച്ചു പാചകം ചെയ്യുന്ന രീതി നമ്മുടെ നാട്ടിലും പരിചയമില്ല. കറികളിൽ കട്ടിയുള്ള ഗ്രേവി ഇഷ്ടപ്പെടുന്നവരാണു മലയാളികൾ. ഗ്രേവിക്കു രുചിയും കൊഴുപ്പും നൽകാനാണു സവാള ഉപയോഗിക്കുന്നതും. ഉള്ളിവില വർധിക്കുമ്പോൾ കുടുംബ ബജറ്റ് താളം തെറ്റും. എന്നാൽ ഗ്രേവിക്കു കൊഴുപ്പ് നൽകാൻ ഉളളിക്കു പകരം തക്കാളി, ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത്, പനീർ അരച്ചത് എന്നിവ ഉപയോഗിക്കാനാകും.
ഇഡലിയും ദോശയുമാണ് മലയാളികളുടെ പ്രധാന പ്രഭാതഭക്ഷണം. ഇവയ്ക്കുപയോഗിക്കുന്ന തേങ്ങാച്ചമ്മന്തിയിൽ ഉള്ളി ചേർക്കാറുണ്ട്. എന്നാൽ കടലപ്പരിപ്പ് അരച്ചു ചേർത്താലും ചട്നിക്കു കൊഴുപ്പ് കിട്ടും. രാവിലെ പുട്ടിനൊപ്പമുളള കോംബിനേഷനാണു കടലക്കറിയും ഗ്രീൻപീസുകറിയുമെല്ലാം. അതിലും ഉള്ളിയുടെ അളവ് കുറച്ച് തക്കാളി ചേർക്കാം. ചിക്കൻ കറിയിലും സവാളയ്ക്കു പകരം തക്കാളിയും ഉരുളക്കിഴങ്ങ് ഉടച്ചതും ചേർക്കാം. പല കറികളിലും പനീർ ചേർക്കുന്നതു കറിക്കു കൊഴുപ്പ് കൂട്ടാൻ നല്ലതാണ്.