കുറഞ്ഞ ഫീസിൽ ഡ്രൈവിങ് പഠിക്കാം; കെഎസ്ആർടിസി പരിശീലന കേന്ദ്രം തയാർ
Mail This Article
ചാലക്കുടി ∙ കെഎസ്ആർടിസി ഡിപ്പോ വളപ്പിൽ ആരംഭിച്ച കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളിൽ ഡ്രൈവിങ് പരിശീലനം തുടങ്ങി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ആർടിഒ ജോയ്സൺ, എടിഒ കെ.ജെ.സുനിൽ, എ.ഡി.റഷീദ്, സിനോ ജോസഫ് എന്നിവർ പ്രസംഗിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്‌കർഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണു കെഎസ്ആർടിസിയും സ്വീകരിക്കുന്നത്. ഡ്രൈവിങ് പാഠപുസ്തകം, ഡ്രൈവിങ് പഠനത്തിനുള്ള ആപ്പ്, മോക് എക്സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയവയടക്കം എല്ലാ ആധുനിക സൗകര്യങ്ങളോടെയാണു സ്‌കൂൾ പ്രവർത്തിക്കുക. കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാകും പരിശീലനം ലഭ്യമാക്കുക.
കെഎസ്ആർടിസി ഡിപ്പോയിൽ തന്നെ സജ്ജമാക്കിയ ഗ്രൗണ്ടിലാണു പരിശീലനം. കെഎസ്ആർടിസി ഡ്രൈവർമാർക്കു പരിശീലനം നൽകിയിരുന്നവരെയാണ് ഈ സ്‌കൂളുകളിൽ പരിശീലകരായി നിയോഗിച്ചിട്ടുള്ളത്. സ്ത്രീകൾക്കായി വനിതാ പരിശീലകരും ഉണ്ടാകും. പ്രാക്ടിക്കൽ ക്ലാസുകൾക്കു പുറമേ വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവു പകരുന്ന തിയറി ക്ലാസുകളും ഉണ്ടാകും. സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കാണ് ഇവിടെ പരിശീലന ഫീസായി ഈടാക്കുകയെന്ന് അധികൃതർ അറിയിച്ചു.
ഹെവി വാഹനങ്ങൾക്കുള്ള ഡ്രൈവിങ് പരിശീലനമാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. 9,000 രൂപയാണു ഫീസ്. ഇതേ ഫീസിൽ നാലുചക്ര, ഇരുചക്ര വാഹന പരിശീലനവും ഉൾപ്പെടും. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കു കുറഞ്ഞ നിരക്കും അനുവദിക്കും. ലൈസൻസ് നേടിയവർക്കു റോഡ് പരിശീലനവും നടത്തും. 0480 2701638, 9847974847.