പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക 99–ാം പ്രതിഷ്ഠാതിരുനാൾ ആഘോഷത്തിനു തുടക്കം; ‘പുത്തൻ’ മാറാതെ 99 വർഷം..!
Mail This Article
തൃശൂർ ∙ പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിലെ 99–ാം പ്രതിഷ്ഠാ തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമായി. 1925 ഒക്ടോബർ 10ന് രൂപതയുടെ അധ്യക്ഷനായിരുന്ന മാർ ഫ്രാൻസിസ് വാഴപ്പിള്ളിയാണ് പ്രതിഷ്ഠ നിർവഹിച്ചത്. ബസിലിക്കയുടെ മുൻപിലുണ്ടായിരുന്ന സെന്റ് തോമസ് കോളജ് ലോവർ പ്രൈമറി സ്കൂളിന്റെ ഹാളായിരുന്നു താൽക്കാലിക ദേവാലയം. പരിശുദ്ധ വ്യാകുല മാതാവിൻ ദേവാലയമെന്നായിരുന്നു പേര്. 1929 ഡിസംബർ 21നാണ് ഇന്നത്തെ ബസിലിക്കയുടെ ശിലാസ്ഥാപനം നടന്നത്. 1940 നവംബർ 24നു ദേവാലയം പുതുക്കിപ്പണിതു. ഇതോടെയാണ് പുത്തൻപള്ളി എന്നറിയപ്പെട്ടു തുടങ്ങിയത്.
തുടർന്നു പല ഘട്ടങ്ങളായാണ് ഇന്നു കാണുന്ന ബസിലിക്ക പൂർത്തിയാക്കിയത്. ഇന്ത്യയിൽ ഏറ്റവും ഉയരമുള്ള പള്ളിമണി ഗോപുരം (ബൈബിൾ ടവർ) ബസിലിക്കയിലാണുള്ളത്. 100–ാം പ്രതിഷ്ഠാ തിരുനാളായ 2025 നവംബർ 30 വരെ ഒരു വർഷത്തെ ‘ദേവാലയ പ്രതിഷ്ഠാ ശതാബ്ദി’ ആഘോഷങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്നു വൈകിട്ട് 5ന് കുർബാനയ്ക്കും നവനാൾ തിരുക്കർമങ്ങൾക്കും ശേഷം കൂടുതുറക്കലും രൂപം എഴുന്നള്ളിപ്പു ശുശ്രൂഷകളും നടക്കും.
മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികനാകും. നാളെ വൈകിട്ട് 6.30 മുതൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പുകൾ ആരംഭിക്കും. 24ന് തിരുനാൾ ദിനത്തിൽ രാവിലെ 7.30ന് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന. തുടർന്ന് അൾത്താരയിൽ പ്രത്യേകം തയാറാക്കിയ ദീപം തെളിച്ച് പ്രതിഷ്ഠാ ശതാബ്ദി വർഷാചരണത്തിനു തുടക്കം കുറിക്കും. വൈകിട്ട് 4.30ന് ബസിലിക്കയിൽ നിന്നു ലൂർദ് കത്തീഡ്രലിലേക്കും തിരികെയും ജപമാല പ്രദക്ഷിണം. തുടർന്നു 6.30ന് വ്യാകുല എഴുന്നള്ളിപ്പ്. 25ന് രാവിലെ 7.30ന് പരേതർക്കുള്ള കുർബാനയും വൈകിട്ട് 6.30ന് സൗഹൃദ ബാൻഡ് മത്സരവും വർണമഴയും നടക്കും.
‘പുത്തൻ’ ഓർമയിൽ 90 വർഷം..!
തൃശൂർ ∙ ‘‘ആദ്യകാലത്ത് പുത്തൻപള്ളി ഓടുമേഞ്ഞ ചെറിയ ദേവാലയമായിരുന്നു. ഗോപുരങ്ങളുള്ള വലിയ പള്ളിയായിട്ടില്ല. പിന്നീട് പല ഘട്ടങ്ങളിലായാണ് ഇന്നു കാണുന്ന പുത്തൻപള്ളി ഉയർന്നുവന്നത്. വിവാഹം പുത്തൻപള്ളിയിലായിരുന്നു.’’ കാതിലെ മേക്കാമോതിരത്തിന്റെ അതേ സുവർണത്തിളക്കത്തിൽ ചീനിക്കൽ പരേതനായ ഔസേപ്പിന്റെ ഭാര്യ കുഞ്ഞില പുത്തൻപള്ളി ഓർമകൾ പങ്കുവച്ചു.
പുത്തൻപള്ളി ശതാബ്ദി ആഘോഷിക്കുമ്പോൾ ബസിലിക്കയുടെ ശിലാസ്ഥാപനത്തിനു 4വർഷം മുൻപു പിറന്ന കുഞ്ഞിലയും സന്തോഷത്തിലാണ്. ഈ മാസം 25നു കുഞ്ഞിലയ്ക്കു 105 വയസ്സ് തികയും. പുത്തൻപള്ളിയിലെ പ്രതിഷ്ഠാ തിരുനാളിന്റെ സമാപനവും അന്നാണ്. 15–ാം വയസ്സിൽ വിവാഹത്തോടെ കുഞ്ഞില പുത്തൻപള്ളിയിലെ സ്ഥിരം സാന്നിധ്യമായി. മുണ്ടും ചട്ടയും ധരിച്ചു കുർബാനകളിലും പെരുന്നാളുകളിലും പങ്കെടുത്തിരുന്ന കാലം പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് കുഞ്ഞില പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പെരുന്നാളിൽ പങ്കെടുത്തിരുന്നു. പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളുള്ളതിനാൽ ഇത്തവണ വീട്ടിൽ തന്നെ. നടക്കാൻ സഹായത്തിന് ചെറിയ വടി കൂട്ടിനുണ്ട്. എങ്കിലും ഓർമകൾക്കു മങ്ങലില്ല. ആദ്യകാലത്ത് പുത്തൻപള്ളി ഇടവകയായിരുന്നില്ല. ലൂർദ് കത്തീഡ്രലിനു കീഴിലെ പള്ളിയായിരുന്നു. അതിനാൽ കുഞ്ഞിലയുടെ മാമോദീസ, ആദ്യ കുർബാന സ്വീകരണം എന്നിവ ലൂർദിലായിരുന്നു. മൈലിപ്പാടത്തെ വീട്ടിൽനിന്നു പുത്തൻപള്ളിയിൽ നടന്നെത്തിയാണു കുർബാനയിൽ പങ്കെടുത്തിരുന്നത്. ഏറെനേരം മുട്ടുകുത്തി പ്രാർഥിച്ചാണു മടങ്ങുക.
അന്നു ദേവാലയത്തിൽ ഇരിക്കാൻ ബെഞ്ചുകളില്ല. മണ്ണിഷ്ടിക വിരിച്ച തറയാണ്. പ്രതിഷ്ഠാരൂപമായ വ്യാകുലമാതാവിന്റെ താരതമ്യേന ദൈർഘ്യമുള്ള ‘വ്യാകുലക്കൊന്ത’ ദിവസവും ചൊല്ലിയേ കുഞ്ഞില മടങ്ങാറുള്ളൂവെന്ന് ഇടവകാംഗവും മുതിർന്ന വൈദികനുമായ ഫാ.ഫ്രാൻസിസ് ആലപ്പാട്ട് പറഞ്ഞു. 10 മക്കളാണു കുഞ്ഞിലയ്ക്ക്. മകൻ സി.ഒ.ജോർജിനും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം മൈലിപ്പാടത്തെ വീട്ടിലാണു താമസം. മക്കളും പേരക്കുട്ടികളും അവരുടെ മക്കളുമായി നൂറിലേറെ അംഗങ്ങളുണ്ട് ഇന്നു കുടുംബത്തിൽ. മൈലിപ്പാടത്തെ വീട്ടിൽ കൊച്ചു മക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കുഞ്ഞിലയുടെ വിഡിയോ 2വർഷം മുൻപു സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.