സംസ്ഥാന പാത നവീകരണത്തിന്റെ ഗുണം ലഭിക്കാതെ നാട്ടുകാർ; കല്ലുംപുറത്തല്ല, അതിർത്തിക്കല്ല് കടവല്ലൂരിലാണ്
Mail This Article
പെരുമ്പിലാവ് ∙ തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയുടെ നവീകരണത്തിനുള്ള റീടെൻഡർ നടപടികൾ പൂർത്തിയായപ്പോഴും ജില്ലാ അതിർത്തി കല്ലുപുറം സെന്റർ തന്നെ. പഴയ കരാറിലും കല്ലുംപുറം വരെയാണു നവീകരണം പ്രഖ്യാപിച്ചിരുന്നത്. യഥാർഥ ജില്ലാ അതിർത്തിയായ കടവല്ലൂർ പാടം വരെ പദ്ധതി നീട്ടണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ നവകേരള സദസ്സിൽ അടക്കം പരാതി നൽകിയിരുന്നെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല.
കല്ലുംപുറം സെന്ററിൽ നിന്നു കടവല്ലൂർ പാടത്തേക്ക് 1.3 കിലോ മീറ്ററുണ്ട്. ഇത്രയും ദൂരം പലഭാഗത്തും കാനകൾ ഇല്ല. ഉള്ള കാനകൾ അടഞ്ഞ നിലയിലാണ്. ഉയർന്ന ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം ഒന്നാകെ എത്തുന്നതു കടവല്ലൂർ പഞ്ചായത്തിലെ 2ാം വാർഡിലെ വീടുകൾ നിൽക്കുന്ന ഭാഗത്തേക്കാണ്. ചെളിയും മാലിന്യവും വെള്ളക്കെട്ടും മൂലം ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളാണു നേരിടുന്നതെന്നു നാട്ടുകാർ പറയുന്നു. റീബിൽഡ് കേരള പദ്ധതിയിൽ തൃശൂർ മുതൽ 33.2 കിലോമീറ്റർ ഹൈവേ നവീകരണം നടത്തുമ്പോൾ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ.
എന്നാൽ പദ്ധതി പ്രാബല്യത്തിൽ വന്നപ്പോൾ കല്ലുംപുറം വരെ മാത്രമാണു നവീകരണത്തിനു കരാർ നൽകിയത്. ഈ ഭാഗത്തെല്ലാം കാന നിർമാണം പൂർത്തിയാക്കുകയും ചെയ്തു. പാതിവഴിയിൽ നിലച്ച പദ്ധതിക്കു പുതിയ കരാർ ഉണ്ടാക്കുമ്പോൾ ഈ ഭാഗം കൂടി ഉൾപ്പെടുത്തും എന്നു പ്രതീക്ഷ ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ ഇല്ലാതായത്. വർഷങ്ങൾക്കു മുൻപു നടത്തിയ നവീകരണത്തിന്റെ പരിപാലന കാലാവധി നിലനിൽക്കുന്നതു കൊണ്ടാണ് ഈ ഭാഗം പദ്ധതിയിൽ ഉൾപ്പെടുത്താതിരുന്നതെന്നു കെഎസ്ടിപി അധികൃതർ പറഞ്ഞു.