നാട്ടുകാരെ ആശങ്കയിലാക്കി കോട്ടോലിലെ 2 കുന്നുകളിൽ ഒരേസമയം മണ്ണെടുപ്പ്
Mail This Article
പെരുമ്പിലാവ് ∙ നാട്ടുകാരെ ആശങ്കയിലാക്കി കോട്ടോലിലെ 2 കുന്നുകളിൽ ഒരേസമയം മണ്ണെടുപ്പ് തുടങ്ങി. ദേശീയപാത വികസനത്തിന് എന്ന പേരിലാണു മണ്ണെടുപ്പ്. പട്ടികജാതിയിൽപെട്ട 12 കുടുംബങ്ങൾക്കു സർക്കാർ നൽകിയ വീടുകൾ ഒരു കുന്നിന്റെ മുകളിലുണ്ട്. ഇതിനു സമീപം ഉണ്ടായിരുന്ന ഭാഗത്താണു ഖനനം നടത്തുന്നത്. വടക്കേ കോട്ടോലിലെ സാമൂതിരി കിഴക്കേ കോവിലകം വക അസുരമഹാകാളൻ ക്ഷേത്രത്തിന്റെ സമീപമുള്ള കുന്നിലാണു രണ്ടാമത്തെ മണ്ണെടുപ്പ്. കുന്നിന്റെ താഴെയുള്ള നൂറുകണക്കിനു വീടുകൾക്കും ക്ഷേത്രത്തിനും ഭീഷണിയാണ് ഇപ്പോൾ നടത്തുന്ന ഖനനമെന്നു നാട്ടുകാർ പറഞ്ഞു.
കുന്നുകളുടെ ചുറ്റിലും വിസ്തൃതിയേറിയ നെൽവയലാണ്. മുൻപു നടത്തിയ മണ്ണെടുപ്പു മൂലം കുന്നിന്റെ താഴെയുള്ള വീട്ടു കിണറുകളിൽ ജലക്ഷാമം രൂക്ഷമാണ്. ഈ ജലക്ഷാമം നെൽവയലിനേയും ബാധിച്ചിട്ടുണ്ട്. കുന്നിന്റെ നാശം കടുത്ത വരൾച്ചയ്ക്കു കാരണമാകും എന്നാണു നാട്ടുകാരുടെ ആശങ്ക.മുൻപു മണ്ണെടുത്ത സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിരുന്നു. 3 മാസം മുൻപു കുന്നിന്റെ ഉള്ളിൽ നിന്നുണ്ടായ ജലപ്രവാഹവും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇത്തരം ജലപ്രവാഹം മണ്ണിടിച്ചിലിനുള്ള സാധ്യത വർധിപ്പിക്കും എന്നാണു വിദഗ്ധ അഭിപ്രായം.
മണ്ണെടുപ്പ് തടഞ്ഞ് നാട്ടുകാർ
പെരുമ്പിലാവ് ∙ ആൽത്തറ മുല്ലപ്പിള്ളിക്കുന്നിൽ മണ്ണെടുക്കാൻ എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു. ഞായർ രാത്രി എട്ടോടെയാണു സംഭവം. മതിയായ അനുമതി ഇല്ലാതെയാണു ലോറികൾ എത്തിയതെന്നു നാട്ടുകാർ ആരോപിച്ചു. അമിതഭാരം കയറ്റി എന്നു നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നു ലോറികൾ പൊലീസ് പിടിച്ചെടുത്തു.ദേശീയപാത വികസനത്തിന് മുല്ലപ്പിള്ളിക്കുന്നിൽ നിന്നു മണ്ണെടുക്കാൻ ഖനന കമ്പനിക്ക് ഈയിടെ ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും ദിവസങ്ങൾക്കു മുൻപു മണ്ണെടുപ്പ് തുടങ്ങി.കുന്നിന്റെ ഒരു ഭാഗം മണ്ണെടുപ്പു മൂലം നശിച്ചു. ബാക്കി ഭാഗം കൂടി നശിക്കുന്നതോടെ കടുത്ത പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണു മണ്ണെടുപ്പിനെതിരെ സമരം ചെയ്യുന്ന മുല്ലപ്പിള്ളിക്കുന്ന് സംരക്ഷണസമിതിയുടെ വാദം.