കുംഭാരനഗറിൽ വെറുതേ കിടന്നു നശിക്കാനോ മൺപാത്രനിർമാണ യൂണിറ്റ് ?
Mail This Article
കൊടകര∙ പിന്നാക്ക വിഭാഗ വികസന വകുപ്പ് കുംഭാര നഗറിൽ നിർമിച്ച മൺപാത്ര നിർമാണ യൂണറ്റ് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടും പാതിവഴിയിൽ തന്നെ. 2018 ലാണ് യൂണിറ്റിന്റെ നിർമാണോദ്ഘാടനം നടത്തിയത്. മെഷിനറികൾ പ്രവർത്തിപ്പിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നും കൊടകര മൺപാത്ര വ്യവസായ സഹകരണ സംഘാംഗങ്ങൾ ആരോപിക്കുന്നു.
കൊടകര പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഒരു കോടി രൂപ ചെലവിൽ നടത്തിയ യൂണിറ്റ് നിർമാണത്തിൽ ഒട്ടേറെ അപാകതകളുണ്ട്. മൺപാത്രനിർമാണ യൂണിറ്റിനായി നിർമിച്ച കെട്ടിടത്തിന് അടച്ചുറപ്പുള്ള ചുമരുകളോ, ചുറ്റുമതിലോ ഇല്ല. ഓഫിസിന് സമീപത്തായുള്ള രണ്ട് ഷെഡുകൾ തമ്മിൽ അഞ്ച് അടിയിലധികം അകലമുണ്ട്. ഇതിനിടയിലൂടെ മഴ പെയ്താൽ വെള്ളം വീഴും.
25 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച മണ്ണ് അരയ്ക്കുന്നതിനുളള പഗ് മിൽ ഇതുവരെ പ്രവർത്തിപ്പിട്ടില്ല.പഗ് മിൽ തുരുമ്പെടുത്ത് കാടുകയറി കിടക്കുകയാണ്.പഗ് മില്ലിന് സമീപത്തെ മീറ്റർ ബോർഡിന്റെ ചുമർ തകർന്നു വീണ നിലയിലാണ്. മൺപാത്രം നിർമിക്കാൻ ചക്രം തിരിക്കുന്നതിനായി വാങ്ങിയ ഒരു എച്ച്പിയുടെ മൂന്ന് മോട്ടറുകൾ ഒരു വർഷം മുൻപ് മോഷണം പോയി.
കൊടകര പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല. ഉദ്ഘാടനത്തിന് മുൻപായി വൈദ്യുതി കണക്‌ഷൻ ലഭിച്ചെങ്കിലും ഇതുവരെ ഉപയോഗമുണ്ടായിട്ടില്ല. ബിൽ തുക 65000 കവിഞ്ഞതിനാൽ വൈദ്യുതി വിഛേദിച്ചു. ഈ തുക അടയ്ക്കാനായി മുൻപുണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോൾ ബിൽ അടയ്ക്കാം എന്ന് പറഞ്ഞ് പരാതിക്കാരെ മടക്കിയെങ്കിലും ഇതുവരെയും അടച്ചിട്ടില്ല.
എഴുപതോളം അംഗങ്ങളുള്ള മൺ പാത്രവ്യവസായ സഹകരണ സംഘത്തിന്റെ കീഴിലുള്ള 38 സെന്റ് സ്ഥലത്താണ് പദ്ധതിക്കായുള്ള കെട്ടിടം നിർമിച്ചിരിക്കുന്നത്.പാതി വഴിയിലായ ഈ പദ്ധതിപൂർത്തീകരിക്കണമെങ്കിൽ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിന് കൂടി നൽകണമെന്നാണ് അധികൃതർ പറയുന്നതെന്ന് സംഘത്തിലെ അംഗമായ രാജൻ വെങ്ങലശേരി പറയുന്നു.
എന്നാൽ മാത്രമേ സർക്കാർ ഫണ്ട് നൽകാനാവൂ എന്നും പഞ്ചായത്തധികൃതർ പറഞ്ഞതായും എന്നാൽ സഹകരണ സംഘാംഗങ്ങൾ ഇതിന് തയാറല്ലെന്നും പറയുന്നു. എത്രയും വേഗം പദ്ധതി പൂർത്തീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാവണമെന്നും മൺപാത്ര വ്യവസായത്തെ നിലനിർത്താനുള്ള ഫണ്ട് അനുവദിക്കണമെന്നും സംഘാംഗങ്ങൾ ആവശ്യപ്പെട്ടു.