ADVERTISEMENT

തൃശൂർ ∙ ഗവ. ലോ കോളജിൽ എസ്എഫ്ഐ–കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 10 പേർക്കു പരുക്കേറ്റു. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ ഇൻ ചാർജ് സോണിയ ദാസ് അറിയിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ അവസാനവർഷ വിദ്യാർഥികളുടെ യാത്രയയപ്പു സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സംഘർഷം. 

കെഎസ്‌യു പ്രവർത്തകരായ യൂണിയൻ ചെയർപഴ്സൻ വരുൺ ഗാരി, യൂണിറ്റ് പ്രസിഡന്റ് രുദ്രൻ, വൈസ് പ്രസിഡന്റ് ദീപക്, യൂണിറ്റ് അംഗം കിരൺദാസ്, കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറി അസ്‌ലം, കൊല്ലം ജില്ലാ സെക്രട്ടറി ബോബൻ എന്നിവരെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എസ്എഫ്ഐ പ്രവർത്തകരായ ഭവ്യത്ത്, എബിൻ, സഹീർ എന്നിവർക്കു തലയ്ക്കും അമർസായിക്കു കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിയൻ ചെയർപഴ്സൻ സ്ഥാനം പിടിച്ചെടുത്ത തങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനു 2 ദിവസം മുൻപ് എസ്എഫ്ഐ കരുതിക്കൂട്ടി സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. 

കോളജിൽ കെഎസ്‌യു നാട്ടിയ കൊടിമരം കഴിഞ്ഞ 12നു പുലർച്ചെ എസ്എഫ്ഐ നേതാക്കൾ പിഴുതുമാറ്റി കൊണ്ടുപോയെന്നു കോളജ് അധികൃതർക്ക്  പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് ഇന്നലെ ആക്രമണം നടത്തിയതെന്നും ഇവർ ആരോപിച്ചു. ‍

കോളജ് അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൊടിമരം കൊണ്ടുപോയത് എസ്എഫ്ഐ തന്നെയെന്നു സ്ഥിരീകരിച്ചിരുന്നു. പൂട്ടിയിട്ട കോളജിലേക്കു മതിൽച്ചാടി കടന്നതിനു കോളജ് അധികൃതർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യാത്രയയപ്പു സമ്മേളനത്തിന്റെ നടത്തിപ്പ് പിടിച്ചെടുക്കാനുള്ള കെഎസ്‌യു യൂണിറ്റിന്റെ നീക്കമാണ് സംഘർഷത്തിനു കാരണമെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി സഖിൽ ദീപ് ആരോപിച്ചു.

English Summary:

A farewell function at Thrissur Government Law College turned violent yesterday as SFI and KSU activists clashed, leaving ten injured. Both student groups allege provocation, while the college remains closed indefinitely.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com