കൃഷി മുടക്കി സ്ലൂസ് തകരാർ: കർഷകർ ആശങ്കയിൽ
Mail This Article
ചെങ്ങാലൂർ ∙ കുറുമാലി പുഴയിൽനിന്നു മങ്ങാട്ടുപാടത്തെ കൃഷിയിടത്തിലേക്ക് വെള്ളം ക്രമീകരിക്കുന്ന ചെങ്ങാലൂർ കാനത്തോട് സ്ലൂസ് തകരാർ പരിഹരിക്കാൻ വൈകിയതോടെ 5 ഏക്കർ കൃഷിയിടം തരിശായി. തകരാർ പരിഹരിക്കുമെന്നു പ്രതീക്ഷിച്ച് മങ്ങാട്ടുപാടത്തെയും കൊളക്കാട്ടുപാടത്തെയും ചിലയിടങ്ങളിൽ കൃഷിയിറക്കിയെങ്കിലും അവ വരണ്ട നിലയിലാണ്. കഴിഞ്ഞ ആഴ്ചകളിൽ മണൽച്ചാക്കുകൾ ഉപയോഗിച്ച് സ്ലൂസ് തകരാർ താൽക്കാലികമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമല്ലെന്നു കർഷകർ പറയുന്നു. ജൂലൈ 17ന് നൽകിയ പരാതിയിൽ നടപടിയെടുക്കാൻ വൈകിയതാണ് 5 ഏക്കറിൽ കൃഷിയിറക്കാനാകാതെയായത്. ശക്തമായ ഒരു മഴ പോലും താങ്ങാനാവാത്തതാണ് മണൽച്ചാക്ക് നിർമിതിയെന്നു കർഷകർ പറയുന്നു.
മണൽച്ചാക്കുകൾ ഇട്ടതോടെ കാനത്തോടിന്റെ വീതി കുറഞ്ഞു. ഇത് കിഴക്കുഭാഗത്ത് സ്ലൂസിനോട് ചേർന്ന തോടിന്റെ ഓരം പൊട്ടുന്നതിന് കാരണമാകുമെന്നു പരിഷത്ത് പ്രവർത്തകൻ കെ.കെ.അനീഷ്‌കുമാർ പറഞ്ഞു. 3 മാസത്തിനകം സ്ലൂസിന്റെ പണി പൂർത്തിയാക്കാമെന്നു മൈനർ ഇറിഗേഷൻ തൃശൂർ എക്സിക്യൂട്ടീവ് എൻജിനീയർ കർഷകർക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും പരിഷത്ത് പ്രവർത്തകൻ പറഞ്ഞു. സ്ലൂസ് വീണ്ടും തകർന്നാൽ ചെങ്ങാലൂർ മങ്ങാട്ടുപാടത്തെയും നന്തിപുലം കൊളക്കാട്ടുപാടത്തെയും 40 ഹെക്ടറോളം നെൽക്കൃഷി പ്രതിസന്ധിയിലാകും. കൃഷിക്കും കുടിവെള്ളത്തിനുമുള്ള ഉറാംകുളം പമ്പിങ്ങും മുടങ്ങും. കാലങ്ങളായി ശോച്യാവസ്ഥയിലുള്ള സ്ലൂസ് ഇത്തവണയെങ്കിലും പുനർനിർമിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ .