രാമവർമപുരത്ത് റോബോ പാർക്ക്; സ്റ്റാർട്ട് , ആക്ഷൻ, അപ്, അപ്
Mail This Article
തൃശൂർ ∙ ആശയം സ്റ്റാർട്ടപ് ആക്കി വളർത്തിയെടുക്കാമോയെന്നു സംശയിച്ചു നടക്കുന്നവർക്കു സന്തോഷവാർത്ത. യുനെസ്കോ ലേണിങ് സിറ്റിയായി അംഗീകരിച്ച തൃശൂരിൽ അത്യാധുനിക ‘റോബോ പാർക്ക്’ വരുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള രാമവർമപുരത്തെ വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്കിനു സമീപം 10 ഏക്കറിലാണു റോബോ പാർക്ക് ഉയരുക.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻകർ റോബട്ടിക്സ് കമ്പനിയാണ് ഇന്ത്യയിലെ തന്നെ ആദ്യ റോബോ പാർക്ക് സ്ഥാപിക്കുന്നത്. കേരള സ്റ്റാർട്ടപ് മിഷൻ തിരുവനന്തപുരം കോവളത്ത് സംഘടിപ്പിച്ച ‘ഹഡിൽ ഗ്ലോബൽ’ സ്റ്റാർട്ടപ് ഉച്ചകോടിയിൽ ഇതു സംബന്ധിച്ച് ഇൻകർ റോബട്ടിക്സും സ്റ്റാർട്ടപ് മിഷനും കരാർ ഒപ്പിട്ടു. ജില്ലാ പഞ്ചായത്തിന്റെ തന്നെ രാമവർമപുരത്തെ ഭൂമിയാണു പാർക്കിനായി വിട്ടുനൽകിയത്. ആകെ 350 കോടി രൂപയുടെ നിക്ഷേപത്തോടെയാണു പാർക്ക് സ്ഥാപിക്കുക.
റോബോ ലാൻഡ്, ടെക്നോളജി അക്കാദമി, ഫ്യൂച്ചറിസ്റ്റെക്, ഇൻകുബേറ്റർ എന്നീ നാലു വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇൻകർ റോബട്ടിക്സ് 50 കോടി രൂപ നിക്ഷേപിക്കും. സാങ്കേതിക ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വ്യവസായ സഹകരണം എന്നിവയ്ക്കായി ആധുനിക ഹബ് സൃഷ്ടിക്കുകയാണ് പാർക്കിന്റെ ലക്ഷ്യം.
അക്കാദമിക രംഗത്തെ വിദഗ്ധരുമായി ചർച്ചകൾ ആരംഭിച്ചെന്നും ഓരോ വർഷവും പത്തിലധികം സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തു ധനസഹായം, മാർഗനിർദേശം, വിപണി പിന്തുണ തുടങ്ങിയവ പാർക്ക് നൽകുമെന്നും ഇൻകർ റോബട്ടിക്സ് സ്ഥാപകൻ രാഹുൽ പി.ബാലചന്ദ്രൻ പറഞ്ഞു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം തൃശൂരിനെ സാങ്കേതിക ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടത്തുമെന്നു സിഇഒ അമിത് രാമൻ പറഞ്ഞു. റോബട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), 3ഡി പ്രിന്റിങ്, ആപ്പ് ഡവലപ്മെന്റ് തുടങ്ങിയ സാങ്കേതിക വിദ്യകളിൽ വൈദഗ്ധ്യമുള്ള കമ്പനിയാണ് ഇൻകർ റോബട്ടിക്സ്.
റോബോ ലാൻഡ്
"വിദ്യാഭ്യാസവും വിനോദവും സംയോജിപ്പിച്ചുള്ള സാങ്കേതിക കേന്ദ്രമാണ് പാർക്കിലെ റോബോ ലാൻഡ്. എല്ലാ പ്രായക്കാർക്കും പ്രയോജനപ്പെടും.
ടെക്നോളജി അക്കാദമി
സാങ്കേതിക വിദ്യയിൽ കഴിവുകളുള്ള പുതുമുഖങ്ങൾ, പ്രഫഷനലുകൾ, സംരംഭകർ തുടങ്ങിയവരെ സഹായിക്കുന്ന വിദ്യാഭ്യാസ കേന്ദ്രമാണ് ടെക്നോളജി അക്കാദമി.
ഫ്യൂച്ചറിസ്റ്റെക്
ഗവേഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന സ്ഥലമാണ് ഫ്യൂച്ചറിസ്റ്റെക്. വാണിജ്യവൽക്കരണം, വ്യവസായ സഹകരണം, നൂതന ഗവേഷണ വികസനം, ഉൽപന്ന വികസനം എന്നിവയ്ക്കായി ഈ കേന്ദ്രം പ്രവർത്തിക്കും.
ഇൻകുബേറ്റർ
സംരംഭകരെയും നൂതന ആശയങ്ങളുള്ളവരെയും വിപണിയിലെത്തിക്കാൻ സഹായിക്കുന്നതാണു റോബോപാർക്കിലെ ഇൻകുബേറ്റർ.