ജില്ലാ സ്കൂൾ കലോത്സവത്തിന് ഇനി മൂന്നു നാൾ
Mail This Article
കുന്നംകുളം ∙ സകലകലകളുടെയും കൗമാരസൗഹൃദങ്ങളുടെയും വേദിയാകുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് ഇനി മൂന്നു നാൾ കൂടി. ഡിസംബർ 3, 5, 6, 7 തീയതികളിൽ കുന്നംകുളത്തെ 17 വേദികളിലാണ് കലാമത്സരങ്ങൾ. 4ന് കേന്ദ്ര സർക്കാരിന്റെ നാഷനൽ അച്ചീവ്മെന്റ് സർവേ (എൻഎഎസ്) നടക്കുന്നതിനാൽ അന്നു മത്സരങ്ങളില്ല. കലോത്സവത്തിന്റെ പ്രധാന പന്തൽ നിർമാണത്തിന് ഇന്നലെ തുടക്കമായി. കൂടുതൽ വേദികളും പ്രോഗ്രാം–ട്രോഫി കമ്മിറ്റി ഓഫിസുകളും പ്രവർത്തിക്കുന്ന ഗവ.ബോയ്സ് എച്ച്എസ്എസിലാണ് പന്തൽ ഉയരുന്നത്. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ പന്തൽ കാൽനാട്ടുകർമം നിർവഹിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.കെ. ഷെബീർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ പി.എം. സുരേഷ്, സജിനി പ്രേമൻ, ടി.സോമശേഖരൻ, കൗൺസിലർമാരായ മിഷ സെബാസ്റ്റ്യൻ, ബിജു സി.ബേബി, മിനി മോൻസി, പുഷ്പ മുരളി, വി.കെ. സുനിൽകുമാർ, പ്രിയ സജീഷ്, കലോത്സവ കമ്മിറ്റികളുടെ കൺവീനർമാരായ എം.എ. സാദിഖ്, ഇ.പി. ഖമറുദ്ദീൻ, ബിനോയ് ടി.മോഹൻ, എം.എ. ജാബിർ, പി.ടി. കിറ്റോ, സൈമൺ ജോസ്, ജോൺസൺ നമ്പഴിക്കാട്, എൻ.എ. അനുരാഗ്, പി.എ. അൻവർ, എൻ.എം. നസീം, ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ പി.ഐ. റസിയ, ഹെഡ്മിസ്ട്രസ് ഡാർലിമോൾ ഐസക്, മുഹ്‌സിൻ പാടൂർ, അക്ബർ ഫൈസൽ എന്നിവർ പ്രസംഗിച്ചു. 17 വേദികൾ കൂടാതെ വൈഎംസിഎ ഹാളിനു സമീപം ഭക്ഷണ പന്തലും ഒരുക്കും. ഉദ്ഘാടന–സമാപന സമ്മേളനങ്ങൾ ഒന്നാം വേദിയായ രാജീവ്ഗാന്ധി സ്മാരക ടൗൺഹാളിലാണ്.
ഘോഷയാത്ര 3ന്
ജില്ലാ കലോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക ഘോഷയാത്ര ആദ്യ ദിനമായ ഡിസംബർ 3ന് നടക്കും. കുന്നംകുളം ഗവ.ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു വൈകിട്ടു 3ന് ഘോഷയാത്ര ആരംഭിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഉപജില്ലയ്ക്കു സമ്മാനിക്കാനുള്ള സ്വർണക്കപ്പ് യാത്രയിൽ അവതരിപ്പിക്കും. രാഷ്ട്രീയ-കലാ-സാംസ്കാരിക-സഹിത്യ രംഗത്തെ പ്രമുഖരും വിവിധ സന്നദ്ധ സംഘടനകളും അണിനിരക്കും.
പ്ലാസ്റ്റിക് ഇല്ലേയില്ല
ജില്ലാ കലോത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉപയോഗിക്കുക പേപ്പർ ഫയലുകളും തുണി സഞ്ചികളും. മാള ഉപജില്ലയിലെ അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിലെ കുട്ടികൾ ഇവ തയാറാക്കി കലോത്സവ റജിസ്ട്രേഷൻ കമ്മിറ്റിക്കു കൈമാറി. 100 വീതം പേപ്പർ പേനകളും തുണികൾക്കുമൊപ്പം വിത്തു പേനകളും കൈമാറി.
മത്സരങ്ങൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ
കുന്നംകുളം ∙ മൂന്നിന് ആരംഭിക്കുന്ന ജില്ലാ സ്കൂൾ കലോത്സവ മത്സരങ്ങൾ ഇത്തവണ സംഘടിപ്പിക്കുക മൂന്ന് ഉപജില്ലകൾ വീതം അടങ്ങുന്ന നാലു ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ. സുഗമമായ നടത്തിപ്പിനും സമയനിഷ്ഠ പാലിക്കാനും ക്ലസ്റ്റർ ക്രമീകരണം സഹായിക്കും. ജില്ലയിൽ ആകെ 12 വിദ്യാഭ്യാസ ഉപജില്ലകളാണുള്ളത്. ഒരു ക്ലസ്റ്ററിൽ മൂന്ന് ഉപജില്ലകൾ ഉൾപ്പെടുത്തിയാണു നാലു ക്ലസ്റ്ററുകൾ തിരിച്ചിട്ടുള്ളത്.
രാവിലെയുള്ള ഇനങ്ങൾക്ക് ആദ്യ ക്ലസ്റ്ററിലെ മൂന്ന് ഉപജില്ലകളിൽ നിന്നുള്ളവർ എത്തിയാൽ മത്സരം ആരംഭിക്കും. ഒപ്പന, സംഘനൃത്തം, നാടകം, കോൽക്കളി തുടങ്ങിയ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള മത്സരയിനങ്ങൾക്കാണ് ക്ലസ്റ്റർ സംവിധാനം ഏറെ ഗുണം ചെയ്യുക. 12 ഉപജില്ലകളിൽ നിന്നുള്ള ടീമുകൾ ഒരേസമയം മേക്കപ്പ് ചെയ്തു കാത്തുനിൽക്കേണ്ടി വരില്ല. ദൂരസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ അൽപം വൈകിയെത്തിയാലും അവസരം നഷ്ടപ്പെടില്ല.
ക്ലസ്റ്റർ അടിസ്ഥാനത്തിലായതിനാൽ ആദ്യത്തെ മൂന്ന് ഉപജില്ലകളിൽ നിന്നുള്ളവർ നിർബന്ധമായും നമ്പർ കൈപ്പറ്റി മത്സരത്തിന് തയാറാകണം. വേദികളിൽ മത്സരങ്ങൾ വൈകാനിടയാകുന്നത് ഇതുവഴി ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രോഗ്രാം കമ്മിറ്റിയുടെ വിലയിരുത്തൽ. വ്യക്തിഗതമായി മൂന്നിനത്തിനും ഗ്രൂപ്പ് അടിസ്ഥാനത്തിൽ രണ്ടിനത്തിലുമാണ് ഒരു വിദ്യാർഥിക്ക് കലോത്സവത്തിൽ പങ്കെടുക്കാനാകുക.
ഒരേ ദിവസം മത്സരങ്ങൾ വിവിധ വേദികളിലുണ്ടെങ്കിൽ ഈ വിവരം നേരത്തെ പ്രോഗ്രാം കമ്മിറ്റിയെ ബന്ധപ്പെട്ട അധ്യാപകർക്ക് അറിയിക്കാം. ഇത്തരം കുട്ടികൾക്കു പ്രത്യേക പരിഗണന നൽകി ഇളവുകൾ നൽകാൻ കഴിയും. ഒരിനത്തിൽ 12 പേരാണ് മത്സരത്തിനുണ്ടാകേണ്ടത്. അപ്പീലുകൾ കൂടി പരിഗണിച്ച് 15 പേർ എന്ന രീതിയിലാണു പ്രോഗ്രാം തയാറാക്കിയിട്ടുള്ളത്.
∙ക്ലസ്റ്ററുകൾ ഇങ്ങനെ
1.ക്ലസ്റ്റർ ഒന്ന്
കുന്നംകുളം, ചാവക്കാട്, മുല്ലശ്ശേരി
2.ക്ലസ്റ്റർ രണ്ട്
വടക്കാഞ്ചേരി, തൃശൂർ വെസ്റ്റ്, വലപ്പാട്
3.ക്ലസ്റ്റർ മൂന്ന്
തൃശൂർ ഈസ്റ്റ്, ചേർപ്പ്, ഇരിങ്ങാലക്കുട
4.ക്ലസ്റ്റർ നാല്
ചാലക്കുടി, മാള, കൊടുങ്ങല്ലൂർ