സ്വകാര്യ പറമ്പിൽ മാലിന്യം തള്ളി; മാള സർക്കാർ ആശുപത്രിക്ക് 10000 രൂപ പിഴ
Mail This Article
മാള ∙ കെഎസ്ആർടിസി ഡിപ്പോയുടെ പിറകിലെ സ്വകാര്യ പറമ്പിൽ വൻതോതിൽ സർക്കാർ ആശുപത്രിയിലെ മാലിന്യം തള്ളി. പൊയ്യ പഞ്ചായത്തു പരിധിയിലാണ് മാലിന്യം തള്ളിയത്. മാള സർക്കാർ ആശുപത്രിക്ക് പൊയ്യ പഞ്ചായത്ത് ആരോഗ്യവിഭാഗം 10000 രൂപ പിഴ ചുമത്തി. നവംബർ 18 മുതലുള്ള ഒപി ടിക്കറ്റുകളും ബില്ലുകളും കുറിപ്പടികളും ഉപയോഗിച്ച സിറിഞ്ചുകളും രക്തക്കറ പുരണ്ട പഞ്ഞിയും ഡയപ്പറുകളും മാലിന്യത്തിലുണ്ടായിരുന്നു. അങ്ങനെയാണ് മാലിന്യം ആരുടേതെന്നു തെളിഞ്ഞത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ് അടക്കമുള്ളവർ സ്ഥലത്തെത്തി.
ആശുപത്രിയിലെ ആരോഗ്യവിഭാഗം ജീവനക്കാരും സൂപ്രണ്ടും എത്തിയിരുന്നു. സർക്കാർ ആശുപത്രിയിലേതടക്കമുള്ള മാലിന്യങ്ങൾ ഐഎംഎയുടെ കീഴിലുള്ള ' ഇമേജ്' വഴിയാണ് സാധാരണ നീക്കം ചെയ്യുന്നത്. ഇതിനു പുറമേ ഹരിതകർമസേനയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റെടുക്കാറുണ്ട്. ഏതാനും ആഴ്ചകളായി ഹരിതകർമസേന മാലിന്യം ആശുപത്രിയിൽ നിന്ന് ഏറ്റെടുത്തിട്ടില്ലെന്നാണു പറയപ്പെടുന്നത്. മാലിന്യം ആശുപത്രിയിൽ നിന്ന് ഇവിടെ എങ്ങനെയെത്തി എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.