ADVERTISEMENT

എരുമപ്പെട്ടി∙ രണ്ടു വർഷമായി നടന്നു വരുന്ന എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരണം ഇനിയും പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്നത് സ്കൂളിലെ കായിക വിദ്യാർഥികളുടെ കായിക പരിശീലനത്തെ പ്രതികൂലമായി ബാധിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനം നടത്തുന്ന സ്കൂളിലെ ഗ്രൗണ്ട് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 2021-22ലെ സംസ്ഥാന സർക്കാർ ബജറ്റിൽ 2കോടി രൂപയാണ് അനുവദിച്ചിരുന്നത്. 2022 മാർച്ചിൽ ഭരണാനുമതിയും സെപ്റ്റംബറിൽ നിർമാണോദ്ഘാടനവും നടന്നു.

സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നവീകരണ ചുമതല. രണ്ടു വർഷം മുൻപ് നവീകരണ ജോലികൾ ആരംഭിച്ചതു മുതൽ സ്കൂളിലെ കായിക വിദ്യാർഥികളുടെ പരിശീലനം മുടങ്ങി. സ്കൂൾ തലത്തിൽ അത്‌ലറ്റിക്സ്, ഫുട്ബോൾ എന്നീ ഇനങ്ങളിൽ ഒട്ടേറെ ദേശീയ ,സംസ്ഥാന താരങ്ങളെ വാർത്തെടുത്തിട്ടുള്ള സ്കൂളിലാണ് രണ്ടു വർഷമായി കുട്ടികളുടെ പരിശീലനം മുടങ്ങി കിടക്കുന്നത്. കായിക പരിശീലനത്തിന് കിലോമീറ്ററുകൾ സഞ്ചരിച്ച് മറ്റു സ്കൂളുകളിലെ ഗ്രൗണ്ടുകളും പഞ്ചായത്ത് മൈതാനങ്ങളുമാണ് വിദ്യാർഥികൾ ഇപ്പോള്‍ ആശ്രയിക്കുന്നത്.

അതും സ്ഥിരമായി പരിശീലനം നടത്താനുമാകില്ല. ഗ്രൗണ്ട് നിരപ്പാക്കൽ, ഫുട്ബോൾ കോർട്ട് നവീകരണം, ബാസ്കറ്റ് ബോൾ നവീകരണം, ലോങ് ജംപ് ട്രാക്ക് നിർമിക്കൽ, ഹാൻഡ് ബോൾ കോർട്ട് നിർമാണം, വെള്ളം ഒഴുകി പോകുന്നതിനുള്ള കാനകളുടെ നിർമാണം, ഫ്ലഡ് ലിറ്റും അനുബന്ധ വൈദ്യുതി പ്രവൃത്തികളുടെ നിർമാണം, കായിക ഉപകരണങ്ങൾ, ഗാലറി നവീകരണം, ചുറ്റുമതില്‍ നിര്‍മാണം എന്നീ ജോലികളാണ് നവീകരണത്തിന്റ ഭാഗമായി നടപ്പാക്കേണ്ടത്. ഇതിൽ പല പ്രവൃത്തികളും ഇനിയും പൂർത്തിയായിട്ടില്ല.

സ്റ്റോപ് മെമ്മോ ലഭിച്ചതിന്റെ പേരില്‍ കുറച്ചുനാള്‍ നവീകരണ ജോലികള്‍ മുടങ്ങുകയുമുണ്ടായി. കായിക വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ഒരാഴ്ച മുന്‍പ് സ്ഥലത്തെത്തിയ കലക്ടർ അർജുൻ പാണ്ഡ്യൻ നവീകരണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കാൻ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയാണ് മടങ്ങിയത്.

English Summary:

The renovation of Erumapetty Government Higher Secondary School ground, intended to provide state-of-the-art facilities for student athletes, has been plagued by delays. This has severely hampered the training of students, forcing them to seek alternative venues kilometers away. Despite the initial allocation of funds and administrative approvals, the project continues to face hurdles, impacting the school's legacy of producing national and state-level athletes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com