വലതുകര കനാലിലെ അണ്ടർ ടണൽ പൊട്ടി; കൊന്നക്കുഴിയിൽ നിലയ്ക്കാത്ത ചോർച്ച
Mail This Article
പരിയാരം∙ തുമ്പൂർമുഴി വലതുകര കനാലിലെ അണ്ടർ ടണൽ പൊട്ടി കൊന്നക്കുഴിയിൽ വലിയ അളവിൽ വെള്ളം പാഴാകുന്നു. ഒരു വർഷം മുൻപ് തുടങ്ങിയ ചോർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇറിഗേഷൻ വകുപ്പിനു പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിച്ചില്ല.പാഴാകുന്ന വെള്ളം കെട്ടിനിന്നു പരിസര പ്രദേശങ്ങളിലെ വീട്ടുകാർക്കു ഭീഷണിയാകുന്നതായി പറയുന്നു.
കനാലിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനു വേണ്ടത്ര ഫണ്ട് ലഭിക്കാത്തതാണ് ചോർച്ച തടയാൻ കഴിയാത്തതിനു കാരണമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. കനാലുകളുടെ വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിനു മാത്രമാണ് നിലവിൽ സർക്കാർ ഫണ്ട് അനുവദിക്കുന്നത്. കനാലിന്റെ ഇടിഞ്ഞ ഭാഗങ്ങളിൽ പുനർനിർമാണം വൈകിയതു മൂലം ബ്രാഞ്ച് കനാലുകളുടെ വാലറ്റത്തു വെള്ളം എത്തുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ മാസം കൊടകര പഞ്ചായത്തിലെ വയലുകളിൽ കനാൽ വെള്ളം ലഭിക്കാതെ ഉണക്ക് ബാധിച്ചിരുന്നു. ചോർച്ച കാർഷിക മേഖലയെ പ്രതിസന്ധിയിലാകും.