തൃശൂർ ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പ്; മലയോര മേഖലയിൽ ശക്തമായ മഴയും മൂടൽമഞ്ഞും
Mail This Article
തൃശൂർ ∙ ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴയും കനത്ത മൂടൽമഞ്ഞും. അതിശക്തമായ മഴയ്ക്കു സാധ്യത അറിയിച്ച് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 115 മുതൽ 204 മില്ലീമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. കൊടുങ്ങല്ലൂർ, പട്ടിക്കാട്, അതിരപ്പിള്ളി, ചിമ്മിനി, പെരിങ്ങൽക്കുത്ത് മേഖലകളിൽ സാമാന്യം ശക്തമായ മഴയുണ്ടായി. ഇന്നു കനത്ത ഇടിമിന്നലും കാറ്റും തീവ്രമഴയുമുണ്ടാകുമെന്നാണു പ്രവചനം. ദിവസങ്ങളോളം കനത്ത ചൂടും വെയിലും പ്രകടമായ അന്തരീക്ഷത്തിൽ നിന്നു പെട്ടെന്നു മാറുന്ന മട്ടിലായിരുന്നു ജില്ലയുടെ ഇന്നലത്തെ കാലാവസ്ഥ. മലയോര മേഖലയിൽ രാവിലെ ശക്തമായ വെയിലുണ്ടായിരുന്നെങ്കിലും ഉച്ചയോടെ സ്ഥിതി മാറി.
പട്ടിക്കാട്, കുതിരാൻ, വാഴാനി, പീച്ചി, ചിമ്മിനി തുടങ്ങിയ മലയോര മേഖലകളിലും വനപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് പ്രകടമായി. കുതിരാനിൽ ദേശീയപാതയുടെ ഭാഗത്തെല്ലാം ഉച്ചയ്ക്കു ശേഷം മൂടൽമഞ്ഞ് ശക്തമായി. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ഭാഗത്താണ് ഉച്ചവരെ ഏറ്റവുമധികം മഴ ലഭിച്ചത്. 22 മി.മീറ്റർ മഴ പെയ്തു. പട്ടിക്കാട് ഭാഗത്ത് അഞ്ചര മി.മീറ്റർ, പെരിങ്ങൽക്കുത്തിൽ എട്ടര മി. മീറ്റർ എന്നിങ്ങനെയും മഴ പെയ്തു. ഇന്നത്തെ മഴ കൂടി പെയ്തൊഴിഞ്ഞാൽ അന്തരീക്ഷം അൽപം തെളിയുമെന്നാണു കാലാവസ്ഥാ പ്രവചനം. നാളെ യെലോ അലർട്ടുണ്ടെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിൽ മഴ പ്രവചിച്ചിട്ടില്ല.
പുഴയിലിറങ്ങേണ്ട
അതിതീവ്ര മഴയിൽ കുറഞ്ഞ സമയത്തിനുള്ളിൽ വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. മിന്നൽ പ്രളയത്തിനും സാധ്യതയേറെ. തുടർന്നു പെയ്യുന്ന മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാം.
∙ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണം.
∙സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിൽ കഴിയുന്നവർ സാഹചര്യത്തിന്റെ തീവ്രത അനുസരിച്ചു ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറണം.
∙ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും ബലക്കുറവുള്ള മേൽക്കൂരയുള്ളതുമായി വീടുകളിൽ കഴിയുന്നവർ മാറിത്താമസിക്കണം.
∙പൊതു–സ്വകാര്യ ഇടങ്ങളിലെ അപകടകരമായി നിൽക്കുന്ന ബോർഡുകൾ, മരങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ നിന്ന് അകലം പാലിക്കണം.
∙തീരദേശത്തു കടലാക്രമണത്തിനു സാധ്യതയേറെ. ജാഗ്രത വേണം. മഴ ശക്തമായാൽ പുഴയിലിറങ്ങരുത്.
∙മലയോര മേഖലയിലേക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങളിൽ നിന്ന് അകലം പാലിക്കുക. രാത്രിയാത്ര കുറയ്ക്കുക.