കനത്ത മഴ: ഏനാമാവ് റെഗുലേറ്ററിന്റെ 3 ഷട്ടറുകൾ തുറന്നു
Mail This Article
ഏനാമാവ് ∙ കനത്ത മഴയിൽ ഫെയ്സ് കനാലിൽ ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാവുകയും ചെയ്തതോടെ റെഗുലേറ്ററിന്റെ 3 ഷട്ടറുകൾ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെത്തി തുറന്നു. ഉപ്പുവെള്ളം കടക്കാതിരിക്കാനായി നിർമാണത്തിലുള്ള വളയം ബണ്ടിന്റെ തെങ്ങിൻകുറ്റികളും മുളങ്കുറ്റികളും ശക്തമായ ഒഴുക്കിൽ പലയിടത്തും തള്ളിപ്പോയി. പനമ്പ് കൊണ്ട് മറച്ച് ബണ്ടിൽ മണ്ണ് നിറക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത്. എല്ലാ പാടശേഖരങ്ങളിലും വെള്ളം നിറഞ്ഞതിനാൽ കൃഷിയെ രക്ഷിക്കുന്നതിനായി 24 മണിക്കൂറും പമ്പിങ്ങ് നടത്തുകയാണ്. ഇൗ വെള്ളവും കൂടി ഫെയ്സ് കനാലിലെത്തിയതോടെയാണ് ഒഴുക്ക് ശക്തമായത്. 37 ലക്ഷം രൂപ ചെലവിൽ 187 മീറ്റർ നീളത്തിൽ നിർമിക്കുന്ന വളയംബണ്ടിന്റെ നിർമാണമാണ് അപ്രതീക്ഷിതമായി എത്തിയ മഴ അവതാളത്തിലാക്കിയത്.
കനത്ത മഴ: ഇടിയഞ്ചിറയിൽ പെട്ടിക്കഴ തുറന്നു
മുല്ലശേരി ∙ കനത്ത മഴയെ തുടർന്ന് ഒഴുകിയെത്തിയ അധിക വെള്ളം കളഞ്ഞ് വെള്ളക്കെട്ട് ഒഴിവാക്കാൻ ഇടിയഞ്ചിറയിൽ നിർമാണം പൂർത്തിയാക്കിയ വളയം ബണ്ടിന്റെ പെട്ടിക്കഴ തുറന്നു. ജലനിരപ്പ് നോക്കി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് പെട്ടിക്കഴ തുറന്നത്. ഏതാനും ദിവസം മുൻപാണ് പെരിങ്ങാട് പുഴയിൽ നിന്ന് ഉപ്പുവെള്ളം കടക്കാതിരിക്കാൻ വളയം ബണ്ടിന്റെ നിർമാണം പൂർത്തീകരിച്ചത്. 16 ലക്ഷം രൂപ ചെലവിട്ടായിരുന്നു നിർമാണം. മഴ ഇനിയും കനത്താൽ പെട്ടിക്കഴയ്ക്ക് പുറമേ ബണ്ട് തന്നെ പൊളിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കർഷകരും നാട്ടുകാരും.
പൊളിച്ചതിനു ശേഷം മഴ നിൽക്കുകയും കനാലിലെ ജലനിരപ്പ് കുറയുകയും ചെയ്താൽ തിരിച്ച് ഉപ്പുവെള്ളം വീണ്ടും കയറുമെന്നുള്ളതാണ് ആശങ്കയ്ക്ക് കാരണം. വളയം ബണ്ട് നിർമാണത്തിന് മുൻപ് കനാലിലേക്ക് ഉപ്പുവെള്ളം കടന്നതിനെ തുടർന്ന് ഏതാനും പാടശേഖരങ്ങൾ തരിശിടുകയും എളവള്ളി പഞ്ചായത്തിന്റെ ജലനിധി ശുദ്ധജല പദ്ധതി അവതാളത്തിലാകുകയും ചെയ്തിരുന്നു.