നെല്ലിന്റെ പണം ഇതുവരെ ലഭിച്ചില്ല; കർഷകർ പ്രതിസന്ധിയിൽ
Mail This Article
എരുമപ്പെട്ടി∙ കഴിഞ്ഞ മുണ്ടകൻ കൃഷിയിലെ നെല്ല് സപ്ലൈകോ വഴി വിറ്റഴിച്ചതിന്റെ പണം കർഷകർക്ക് ഇതുവരെ ലഭിച്ചില്ലെന്ന് പരാതി. ഇതോടെ മേഖലയിലെ നെൽക്കർഷകർ സാമ്പത്തിക പ്രതിസന്ധിയിലായി. നെല്ല് വിറ്റ് 10 മാസം കഴിഞ്ഞിട്ടും പണം ബാങ്ക് അക്കൗണ്ടിൽ വന്നിട്ടില്ല. നെല്ല് സപ്ലൈകോ നൽകി 2024 ഫെബ്രുവരിയിലാണ് കർഷകർ പിആർഎസ് നൽകിയത്. പണം ലഭിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എരുമപ്പെട്ടി ബ്രാഞ്ചിലെ അക്കൗണ്ട് നമ്പറാണ് നൽകിയിരുന്നത്. ഒട്ടേറെ തവണ കർഷകർ നേരിട്ട് ബാങ്കിലും കൃഷി ഭവനിലും എത്തി പരാതിപ്പെട്ടങ്കിലും പണം ഇതുവരെ ലഭിച്ചിട്ടില്ല.
കർഷകരിൽ നിന്ന് അപേക്ഷ വാങ്ങിയ മാനേജർ സ്ഥലം മാറി പോയി. ഓഡിറ്റിങ്, മാനേജർ ലീവിൽ, സൈറ്റ് ഓപ്പൺ അല്ല തുടങ്ങി വിവിധ കാരണങ്ങളാണ് പണം ലഭിക്കുന്നതിന് തടസ്സമായി ബാങ്ക് അധികൃതർ പറയുന്നത്. കഴിഞ്ഞ തവണ കേരള ബാങ്ക് വഴി സപ്ലൈകോ കർഷകർക്ക് പണം നൽകിയിരുന്നു. കേരള ബാങ്കിൽ നിന്ന് കർഷകർക്ക് താമസമില്ലാതെ പണം ലഭിച്ചിരുന്നു. മുൻകൂറായി പണം നൽകുന്ന രീതിയുമുണ്ടായിരുന്നു. എന്നാൽ ഇത്തവണ കേരള ബാങ്ക് വഴി പണം നൽകുന്നില്ല. ഇത് കർഷകർക്ക് ദുരിതമായി. അടുത്ത മാസം ഇൗ സീസണിലെ മുണ്ടകൻ കൊയ്ത്ത് തുടങ്ങാനിരിക്കെ കഴിഞ്ഞ സീസണിലെ നെല്ല് വിറ്റതിന്റെ പണം ലഭിക്കാത്തത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.