ചാലക്കുടി നഗരസഭ ക്രിമറ്റോറിയം പ്രവർത്തനം ഇന്ന് പുനരാരംഭിക്കും
Mail This Article
ചാലക്കുടി ∙പുകക്കുഴൽ ഒടിഞ്ഞു വീണതിനെ തുടർന്ന് രണ്ടു മാസമായി പ്രവർത്തനരഹിതമായിരുന്ന നഗരസഭ ക്രിമറ്റോറിയം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായും അവിടെ താൽക്കാലികമായി നിർത്തി വച്ച മൃതദേഹ സംസ്കാരം ഇന്നു മുതൽ പുനരാരംഭിക്കുമെന്നും നഗരസഭാധ്യക്ഷൻ എബി ജോർജ് നഗരസഭ കൗൺസിൽ യോഗത്തിൽ അറിയിച്ചു.അതേസമയം, ക്രിമറ്റോറിയം പ്രവർത്തനക്ഷമമാക്കാൻ വൈകുന്നതായി ആരോപിച്ചു പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
14.67 ലക്ഷം രൂപ ചെലവിലാണു 100 അടി ഉയരമുള്ള പുകക്കുഴൽ പുന:സ്ഥാപിച്ചത്. അനുബന്ധ ജോലികളും പൂർത്തിയാക്കി. പുകക്കുഴൽ പ്രവർത്തനം പുനരാരംഭിക്കുന്നതിനു വിവിധ സമുദായ സംഘടനകളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണയ്ക്ക് നഗരസഭാധ്യക്ഷൻ നന്ദി അറിയിച്ചു. നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, മുൻ നഗരസഭാധ്യക്ഷൻ വി.ഒ.പൈലപ്പൻ, നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ ബിജു എസ്.ചിറയത്ത്, ദീപു ദിനേശ്, കൗൺസിലർമാരായ കെ.വി പോൾ, ജോർജ് തോമസ്, വൽസൻ ചമ്പക്കര എന്നിവർ പ്രസംഗിച്ചു.
നഗരസഭാ വാർഷിക പദ്ധതി ഭേദഗതികൾക്കു കൗൺസിൽ അംഗീകാരം നൽകി. വിവിധ മരാമത്ത് ജോലികളുടെ ടെൻഡർ കൗൺസിൽ അംഗീകരിച്ചു. ക്രിമറ്റോറിയം തുറന്നു കൊടുക്കുന്നതുവരെ കൗൺസിൽ യോഗം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു എൽഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം. ഇന്നലെ കൗൺസിൽ യോഗത്തിൽ നിന്നു വിട്ടുനിന്നതു ജനങ്ങളെ ബാധിക്കുന്ന പദ്ധതി രൂപീകരണവും ടെൻഡർ നടപടികളുടെ അനുമതിയും കേരളോത്സവവും ഉൾപ്പെടെയുള്ള അജൻഡകൾ ഉള്ളതിനാലാണെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്.സുരേഷ് പറഞ്ഞു.
ക്രിമറ്റോറിയം പ്രവർത്തനം ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചുവെന്നു പറയുന്നുണ്ടെങ്കിലും അതു ജനങ്ങളെ അറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും പുകക്കുഴൽ ഒടിഞ്ഞു വീണതിനെ തുടർന്നു തകർന്ന ക്രിമറ്റോറിയത്തിന്റെ ബോർഡ് ഇതുവരെ പുന:സ്ഥാപിച്ചില്ലെന്നും പ്രതിപക്ഷാംഗങ്ങളായ ഡപ്യൂട്ടി ലീഡർ ബിജി സദാനന്ദൻ, ഷൈജ സുനിൽ, ബിന്ദു ശശികുമാർ, ലില്ലി ജോസ്, കെ.എസ്.സുനോജ്, ടി.ഡി.എലിസബത്ത് എന്നിവർ പറഞ്ഞു.