ADVERTISEMENT

പുല്ലഴി കോൾപടവിൽ വിത വെള്ളം മുങ്ങി
തൃശൂർ ∙ 2 ദിവസമായി തുടരുന്ന അപ്രതീക്ഷിത മഴയിൽ പുല്ലഴി കോൾപടവിലെ 750 ഏക്കറിലെ വിത വെള്ളത്തിനടിയിലായി. ഞാറുനട്ട 50 ഏക്കർ മാത്രമേ മുങ്ങാത്തതുള്ളൂ. 900 ഏക്കർ കോൾപടവിൽ 100 ഏക്കറിലെ ഇനി കൃഷിയിറക്കാനുള്ളൂ. 6 മോട്ടറുകൾ നിരന്തരം പ്രവർത്തിപ്പിച്ചിട്ടും വെള്ളം കുറയുന്നില്ല. പൂമല, പുഴയ്ക്കൽ തുടങ്ങിയ ഭാഗത്തു നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് പടവിലേക്കാണ്. പുറംചാലിൽ വെള്ളം കൂടിയതിനാൽ വെള്ളം ഒഴുകിപ്പോവുന്നില്ല. കുളവാഴയും ചണ്ടിയും ഒഴുക്കിനു തടസ്സമാണ്. 

മഴ തുടർന്നാൽ വെള്ളം വറ്റിക്കാൻ കഴിയാതെ വരും. ഏക്കറൊന്നിനു 12,000 രൂപ ചെലവു ചെയ്തു കഴിഞ്ഞു. ആദ്യവളം ചെയ്ത 20% പേർക്ക് 5000 രൂപ വേറെയും ചെലവായി. കഴിഞ്ഞ വിളയും കർഷകർക്കു നഷ്ടമായിരുന്നു. ഇതിന്റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോൾപടവ് സഹകരണസംഘം പ്രസിഡന്റ് കെ.ഗോപിനാഥൻ ആവശ്യപ്പെട്ടു.

ശക്തമായ മഴയെ തുടർന്ന് മനക്കൊടി വാരിയം പടവിലെ നെൽകൃഷിയിൽ വെള്ളം ഉയർന്നപ്പോൾ.
ശക്തമായ മഴയെ തുടർന്ന് മനക്കൊടി വാരിയം പടവിലെ നെൽകൃഷിയിൽ വെള്ളം ഉയർന്നപ്പോൾ.

താമരച്ചാൽ കോൾപടവിൽ കൃഷി വെള്ളം മുങ്ങി
നന്തിക്കര ∙ 2 ദിവസമായി തുടരുന്ന അപ്രതീക്ഷിത മഴയിൽ താമരച്ചാൽ കോൾപടവിലെ വിതയും ഞാറും വെള്ളത്തിനടിയിലായി. ഈ ദിവസങ്ങളിൽ വിതയ്ക്കാനായി വിത്ത് പാകമാക്കിയവർക്ക് അതും നഷ്ടമായി. ഞാറു പാകിയതും വെള്ളം മുങ്ങി. പടവിൽ 5 ഏക്കറിൽ കൃഷിയിറക്കുന്ന നിറവ് പുരുഷ സംഘത്തിന്റെ വിത ഉദ്ഘാടനം 5ന് കെ.കെ. രാമചന്ദ്രൻ എംഎൽഎ നിർവഹിക്കാനിരുന്നതാണ്. 

കേടുവന്ന പെട്ടീംപറയും അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചെങ്കിലും മോട്ടർ പ്രവർത്തിപ്പിക്കാനായിട്ടില്ല. സമീപ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് പടവിലേക്കാണ്. നെടുംതോട്ടിൽ വെള്ളം കൂടിയതിനാൽ ഒഴുകിപ്പോവുന്നില്ല. മഴ തുടർന്നാൽ വെള്ളം വറ്റിക്കാൻ സമയമെടുക്കും. ഏക്കറൊന്നിനു പതിനായിരത്തോളം രൂപ ചെലവു ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വിളയും കർഷകർക്കു നഷ്ടമായിരുന്നു. സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വിത്ത് നഷ്ടമായവർക്ക് സൗജന്യമായി ലഭ്യമാക്കണമെന്നും കോൾപടവ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

വിലങ്ങൻകുന്നിനു സമീപം മണ്ണിടിഞ്ഞ് പള്ളിയാനിൽ രാജേഷ് കൈമളുടെ വീടിന്റെ മതിൽ തകർന്ന നിലയിൽ.
വിലങ്ങൻകുന്നിനു സമീപം മണ്ണിടിഞ്ഞ് പള്ളിയാനിൽ രാജേഷ് കൈമളുടെ വീടിന്റെ മതിൽ തകർന്ന നിലയിൽ.

വിലങ്ങൻകുന്നിന് സമീപം മണ്ണിടിഞ്ഞു
അമലനഗർ∙ കനത്ത മഴയിൽ വിലങ്ങൻകുന്നിനു സമീപം വില്ല പ്രോജക്ടിന്റെ ഉള്ളിൽ മണ്ണിടിഞ്ഞു. ഇതോടെ ‌കുന്നിനു താഴെ താമസിക്കുന്ന പള്ളിയാനിൽ രാജേഷ് കൈമളുടെ മതിൽ തകർന്ന് മണ്ണും വെള്ളവും വീടിനടുത്തേക്ക് ഒഴുകി എത്തി. ഇന്നലെ വൈകിട്ട് 3നായിരുന്നു സംഭവം. വൈദ്യുതകാൽ തകരുകയും വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ മണ്ണിടിഞ്ഞതിനെത്തുടർന്ന് അടാട്ട് പഞ്ചായത്ത് അധികൃതർക്കും വില്ല പ്രോജക്ട് അധികൃതർക്കും പരാതി നൽകിയിരുന്നതായി വീട്ടുടമ പറഞ്ഞു.

ദേശീയപാതയിൽ വെള്ളക്കെട്ട്
ആമ്പല്ലൂർ ∙ അടിപ്പാത നിർമാണവും അഴുക്കുച്ചാലുകൾ അടഞ്ഞതും മൂലം ഒറ്റ ദിവസത്തെ മഴയിൽ ദേശീയപാതയിൽ വെള്ളക്കെട്ട്. ആറുവരിപ്പാതയിലെ ഒരു ട്രാക്ക് വെള്ളത്തിൽ മുങ്ങിയ സ്ഥിതിയിലായിരുന്നു. മണലി – നെന്മണിക്കര റോഡ് മുതൽ കെഎസ്ആർടിസി സ്റ്റാൻഡ് വരെ പലയിടത്തും വെള്ളക്കെട്ടായിരുന്നു. ചെറുവാഹനങ്ങളെയും ഇരുചക്ര വാഹന യാത്രികരെയും വെള്ളക്കെട്ട് വലച്ചു. സർവീസ് റോഡും വെള്ളക്കെട്ടിൽ തകർന്നു. കാനകളിലൂടെ വെള്ളം ഒഴുകിപ്പോകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വാരിയംപടവിലെ നെൽക്കൃഷിക്ക് മഴ ഭീഷണി
മനക്കൊടി∙ ശക്തമായ മഴയെ തുടർന്ന് വാരിയംപടവിൽ വെള്ളം ഉയർന്നു. മഴ ഇനിയും തുടർന്നാൽ കൃഷി മുഴുവനായും മുങ്ങുമെന്ന ആശങ്കയിലാണ് കർഷകർ. സമീപ പടവുകളിൽ നിന്നു വെള്ളം പമ്പ് ചെയ്ത് കയറ്റിയത് മെയിൻ ചാലിലേക്കാണ്. നിറഞ്ഞ് കിടക്കുന്ന മെയിൻ ചാലിൽ നിന്നാണു പടവിലേക്ക് വെള്ളം വരുന്നത്. 118 ഏക്കർ പാടം നട്ടത് ഒന്നര ആഴ്ച മുൻപാണ്. ഏനാമാവ് വളയംകെട്ട് പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നുണ്ടെങ്കിലും ഇന്നലെ വൈകിട്ട് കെട്ട് മുഴുവനായും തള്ളിപ്പോയി. പുള്ള് –മനക്കൊടി റോഡിലെ അരിമ്പൂർ പ‍ഞ്ചായത്തിന്റെ  ഭാഗങ്ങളി‌ൽ കനാലിൽ നിന്നു വെള്ളം കവിഞ്ഞൊഴുകുകയാണ്.  മഴ തുടർന്നാൽ റോഡിൽ വെള്ളം ഉയരും. 

റോഡ് ഉപരോധം ഇന്ന്
പുള്ള്–മനക്കൊടി റോഡ് ഉയർത്തി വാരിയംപടവിലെ നെൽക്കൃഷി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ഇന്നു രാവിലെ റോഡ് ഉപരോധിക്കും. റോഡ് ഒരു മീറ്ററെങ്കിലും ഉയരം കൂട്ടി പണിയണമെന്ന് 14 വർഷമായി സർക്കാരിനോട് ആവശ്യപ്പെടുന്നതാണെന്നു പടവ് സെക്രട്ടറി കെ.കെ. അശോകൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com