ഒരു വർഷം രക്ഷാകവചമൊരുക്കിയവർക്ക് നന്ദി പറഞ്ഞ് ബുട്ചി മടങ്ങി; ഭാര്യയ്ക്കും മക്കൾക്കും അരികിലേക്ക്
Mail This Article
മുളങ്കുന്നത്തുകാവ്∙ ഒരു വർഷം മുൻപ് വീട്ടിൽ നിന്ന് അപ്രത്യക്ഷനായി തെരുവിൽ അലയുന്നതിനിടയിൽ റോഡപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിലെത്തിയ ആന്ധ്ര ഗുർള സ്വദേശി ബുട്ചിയെ (42) ഒരു വർഷം നീണ്ട ചികിത്സയിലൂടെ പുതുജീവനേകി വീട്ടുകാരെ കണ്ടെത്തി ഏൽപിച്ച് മെഡിക്കൽ കോളജിലെ ഡോക്ടർമാർ. 2023 നവംബർ 30നാണു വീട്ടിൽ നിന്നു കാണാതായത്. തൃശൂരിൽ ഓട്ടുകമ്പനി തൊഴിലാളിയായി ജോലി നോക്കിയ ബുട്ചി റോഡിൽ അലഞ്ഞുതിരിയുന്നതിനിടയിൽ ഏതോ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ഇദ്ദേഹത്തെ അനാഥനായി രേഖപ്പെടുത്തിയാണു പ്രവേശിപ്പിച്ചത്.
സർജറി വിഭാഗത്തിലും ഓർത്തോ വിഭാഗത്തിലും മാസങ്ങൾ നീണ്ട ചികിത്സയിലൂടെ പരുക്കുകൾ ഭേദമായി. മനോനില വീണ്ടെടുക്കാനായി സൈക്യാട്രി വിഭാഗത്തിൽ ചികിത്സിച്ചു. ഇതിനിടയ്ക്കു ക്ഷയരോഗം കണ്ടെത്തി. മാസങ്ങൾ നീണ്ട ചികിത്സയിലൂടെ അതിൽനിന്നും മുക്തി നേടി. ഓർമയും തിരിച്ചുകിട്ടി. സംസാരിക്കാൻ തുടങ്ങിയപ്പോൾ, റേഡിയോ തെറപ്പി വിഭാഗത്തിൽ പിജിക്ക് പഠിക്കുന്ന തെലുങ്ക് അറിയുന്ന ഡോ. പ്രമദ്വരയെ ഇടപെടുവിച്ചു. മേൽവിലാസം ശേഖരിച്ച് ആന്ധ്ര പൊലീസിന്റെ സഹായത്തോടെ ഡോക്ടർ വീട്ടുകാരെ ബന്ധപ്പെട്ടു. ബന്ധുക്കൾ ആശുപത്രിയിൽ ഓടിയെത്തി. ഒരു വർഷം രക്ഷാകവചമൊരുക്കിയ ഡോക്ടർമാർക്കും ആശുപത്രിക്കും നന്ദി പറഞ്ഞ് ബുട്ചി ഭാര്യയ്ക്കും മക്കൾക്കും അരികിലേക്ക് ബന്ധുക്കളായ നാഗരാജ്, ചിന്ന എന്നിവർക്കൊപ്പം യാത്രയായി.