കണ്ണീർ തോരാതെ കർഷകർ, മഴ ചതിച്ചു! ഏക്കർ കണക്കിന് കൃഷി വെള്ളത്തിൽ
Mail This Article
ചേർപ്പ് ∙ കാലം തെറ്റി പെയ്ത ശക്തമായ മഴയെ തുടർന്ന് മേഖലയിലെ വിവിധ പടവുകളിലായി 1000 ഏക്കറിലേറെ നെൽക്കൃഷി വെള്ളത്തിലായി. പെരുങ്കുളം പടവിലെ ചാലിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബണ്ട് പൊട്ടി പടവിലേക്ക് വെള്ളം കയറി, ഞാറ്റടിക്കായി തയാറാക്കി വച്ചിരുന്ന 100 ഏക്കറിലെ ഞാർ നശിച്ചു. ജൂബിലി, എട്ടുമന, ഇഞ്ചമുടി, കിള പടവുകളിലെ ആഴ്ചകൾ പ്രായമുള്ള നെൽക്കൃഷി പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഏനാമാവ് ഭാഗത്തേക്കുള്ള നെൽക്കൃഷിക്കായി വെള്ളം കൊണ്ടുപോകുന്നതിന് ഇറിഗേഷൻ വകുപ്പ് കെഎൽഡിസി ചാലിലൂടെ അനിയന്ത്രിതമായ രീതിയിൽ കരുവന്നൂർ പുഴയിൽ നിന്നു വെള്ളം തുറന്നു വിട്ടതും മഴ മുന്നറിയിപ്പ് ലഭിച്ച സമയത്ത് തന്നെ റഗുലേറ്ററുകളുടെ ഷട്ടറുകൾ യഥാസമയത്ത് അടയ്ക്കാത്തതും വെള്ളം തുറന്നു വിടേണ്ട സ്ഥലത്തെ ഷട്ടറുകൾ തുറക്കാത്തതുമാണ് ദുരിതത്തിന് കാരണം.
നെൽക്കൃഷിയിലേക്ക് പുഴയിൽ നിന്നു ശക്തിയായി മഴവെള്ളം ഒഴുകിയെത്തുന്നതിനെ തുടർന്ന് കർഷകർ ഇടപെട്ടാണ് എട്ടുമന ചിറക്കുഴിയിലെ ഷട്ടർ താഴ്ത്തിയത്. കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ, കൊറ്റങ്കോട് റഗുലേറ്ററുകളുടെ ഷട്ടറുകൾ ഉയർത്തുകയും ചെയ്തു. പലയിടത്തും ഇപ്പോഴും കെഎൽഡിസി ബണ്ടുകളിൽ നിന്നു വെള്ളം കവിഞ്ഞ് പാടങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് രൂപ ചെലവാക്കി മിക്ക കർഷകരും പാടത്ത് വളമിടുകയും മരുന്നടിക്കുകയും ചെയ്തതിന് പിന്നാലെയാണ് വെള്ളം കയറിയത് എന്നതിനാൽ വലിയ നഷ്ടം കർഷകർക്ക് ഉണ്ടായി. പടവുകളിലെ മോട്ടറുകൾ തുടർച്ചയായി പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കുവാനുള്ള കഠിനശ്രമത്തിലാണ് കർഷകരും പടവ് കമ്മിറ്റികളും.
പറപ്പൂർ ∙ കനത്ത മഴയിൽ മേഖലയിൽ നെൽക്കൃഷി മുങ്ങി വ്യാപക നാശം. സംഘം കോൾ സൗത്ത് പടവിൽ മാത്രം 632 ഏക്കറിലാണ് കൃഷി വെള്ളത്തിൽ മുങ്ങി കിടക്കുന്നത്. വിതച്ച് 15 ദിവസമേ ആയിട്ടുള്ളൂ. 2 ദിവസമായി വെള്ളം മൂടി കിടക്കുന്നു. 2 ദിവസം കൂടി വെള്ളത്തിൽ കിടന്നാൽ ചെടി പൂർണമായി നശിക്കുമെന്നു പടവ് ഭാരവാഹികളായ പ്രഭാകരൻ ഉൗരകം, കെ.എസ്.അർജുനൻ എന്നിവർ പറഞ്ഞു. പടവിലെ മോട്ടറുകൾ 24 മണിക്കൂറും പമ്പിങ് നടത്തുന്നുണ്ടെങ്കിലും വെള്ളം ഒഴിയുന്നില്ല. പുറം ചാലിലെ ജലനിരപ്പ് ഉയർന്നതാണ് കാരണം. പമ്പ് ചെയ്യുന്ന വെള്ളം തിരിച്ച് പാടശേഖരത്തിലേക്ക് തന്നെ വരുന്ന അവസ്ഥയാണ്.
അത്ര ശക്തിയിലാണ് മലയോര പ്രദേശങ്ങളിൽ നിന്നും വെള്ളം ചാലിലേക്ക് ഒഴുകിയെത്തുന്നതെന്ന് കർഷകർ പറഞ്ഞു. ഇനിയും മഴ തുടരുമെന്ന് പ്രവചനമുള്ളതിനാൽ ആശങ്കയിലാണ് കർഷകർ. സംഘം കോൾ സൗത്ത് കൂടാതെ പോന്നോർതാഴം, വടക്കെ പോന്നോർ താഴം, അടാട്ട് ബാങ്കിന്റെ കീഴിൽ വരുന്ന ചീരുകണ്ടത്ത് പടവ്, കരിക്ക കോൾ തുടങ്ങിയവയെല്ലാം മുങ്ങി കിടക്കുകയാണ്. മിന്നലിൽ മോട്ടർ ഷെഡും മോട്ടറും കത്തിയ സൗത്ത് പടവിലെ പുതുക്കോളിൽ മോട്ടർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതും തിരിച്ചടിയായിട്ടുണ്ട്.
മുളങ്കുന്നത്തുകാവ്∙ കനത്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളം കയറി കോലഴി, പാമ്പൂർ, കുറ്റൂർ മേഖലയിൽ വൻ കൃഷിനാശം. കോലഴി, വിൽവട്ടം കൃഷിഭവനുകൾക്കു കീഴിൽ 30 ഏക്കറോളം നെൽക്കൃഷി വെള്ളത്തിനടിയിലായി. പാറക്കുളം, കൂടപ്പാടം (വിൽവട്ടം), ആര്യംപാടം, കല്ലായി, കുളത്താഴം, തടം (കോലഴി) എന്നീ പാടശേഖരങ്ങളാണ് വെള്ളം കയറി കൃഷി നശിച്ചത്. നെൽച്ചെടികൾ കതിരണിയാൻ തുടങ്ങിയ സമയത്താണ് മഴ ചതിച്ചത്. വെള്ളം വേഗം ഒഴിഞ്ഞില്ലെങ്കിൽ കതിരുകൾ ചീഞ്ഞ് കൃഷി പൂർണമായും നശിക്കാൻ ഇടയാകുമെന്ന് കർഷകർ ആശങ്ക അറിയിച്ചു. വേനൽക്കാലത്ത് വെള്ളം തടഞ്ഞ് നിർത്തുന്നതിനായി ചിറകൾ അടച്ചതാണ് വിനയായത്. കർഷകർ രാത്രിയും പകലും പാടത്തിറങ്ങി ചിറകൾ തുറന്ന് വെള്ളം ഒഴുക്കി വിടാൻ ശ്രമം തുടരുകയാണ്. മേഖലയിൽ പ്രധാനപ്പെട്ട തിരുത്തിന്മേൽ ചിറ തുറക്കാൻ കർഷകർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈ ചിറ തുറന്നാൽ മാത്രമാണ് പാടത്തെ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാനാകുക.
കർഷകർ റോഡ് ഉപരോധിച്ചു
മനക്കൊടി∙ വാരിയം പടവിലെ കൃഷി വെള്ളത്തിൽ മുങ്ങി. കൃഷി നശിക്കുന്നത് ഒഴിവാക്കാൻ റോഡ് ഒരു മീറ്റർ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഇന്നലെ രാവിലെ മനക്കൊടി –പുള്ള് റോഡ് ഉപരോധിച്ചു. ഓമന അശോകൻ ഉദ്ഘാടനം ചെയ്തു. പടവ് സെക്രട്ടറി കെ.കെ.അശോകൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.രാഗേഷ്. ടി.വി.വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു. റോഡ് ഉപരോധിച്ച കർഷകരെ അന്തിക്കാട് പൊലീസ് നീക്കം ചെയ്തു. ഇറിഗേഷൻ ചാലിനേക്കാൾ താഴ്ന്നാണ് പുള്ള് റോഡ് കിടക്കുന്നത്. അതിനാൽ ഇറിഗേഷൻ ചാൽ നിറഞ്ഞ് കവിഞ്ഞ് റോഡിലുടെ വെള്ളം പടവിലേക്ക് ഒഴുകിയാണ് കൃഷി നശിക്കുന്നത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ, കെഎൽഡിസി ബോർഡംഗം എ.എസ്.കുട്ടി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
മഴയിൽ മതിൽ ഇടിഞ്ഞുവീണു
വരാക്കര ∙ ശക്തമായ മഴയിൽ കാളക്കല്ലിൽ കല്ലംകുളം മൂലംകോട്ടിൽ മനോജിന്റെ വീടിനോട് ചേർന്ന് മണ്ണിടിഞ്ഞ് മതിൽ തകർന്നു. ഇതോടെ വീട് അപകടാവസ്ഥയിലായി. മതിൽ വീണ് 2 വൈദ്യുതക്കാലുകളും തകർന്നു. തൊട്ടടുത്ത വീടിനു മുൻപിലും മണ്ണിടിയാവുന്ന സ്ഥിതിയാണ്. ഇന്നലെ പുലർച്ചെ പെയ്ത മഴയിലാണ് സംഭവം. അളഗപ്പനഗർ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.