ടാറിങ് അവശിഷ്ടം കൂനകൂട്ടിയിട്ടത് യുവാവിന്റെ ജീവനെടുത്തു; ദേശീയപാതയിലെ പണികൾ കെണികളാകുന്നു
Mail This Article
പുതുക്കാട് ∙ തിരക്കേറിയ ദേശീയപാതയോരത്ത് അറ്റകുറ്റപ്പണികൾക്കുള്ള ടാറിങ് അവശിഷ്ടങ്ങൾ കൂനയായി നിക്ഷേപിച്ചതാണ് കഴിഞ്ഞ ദിവസം യുവാവിന്റെ ജീവനെടുത്തതെന്ന് ആക്ഷേപം. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു 2 റോഡുകൾക്കും നടുവിൽ അവശിഷ്ടങ്ങൾ കൂനയായിട്ടത്. രാത്രിയിലെ വെളിച്ചക്കുറവും വില്ലനായി. കറുത്ത നിറത്തിലുള്ള അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെടാതെ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് കൂനയിലേക്ക് ഇടിച്ചുമറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
അവശിഷ്ടങ്ങളിട്ട ഭാഗവും റോഡാണെന്ന് തെറ്റിദ്ധരിച്ചാകാം അപകടമുണ്ടായതെന്ന് വ്യാപാരികളും പറഞ്ഞു. 2 റോഡുകൾക്കും ഇടയിൽ അവശിഷ്ടങ്ങൾ നിരത്തുകയായിരുന്നു കരാർ കമ്പനി ജീവനക്കാരുടെ ഉദ്ദേശ്യം. അപകടമുന്നറിയിപ്പ് സംവിധാനങ്ങൾ ഇവിടെ സ്ഥാപിച്ചിരുന്നില്ല. അപകടം നടന്ന് മണിക്കൂറുകൾക്കകം ജീവനക്കാരെത്തി ഇവ നിരത്തി. ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന പാതയ്ക്കും സർവീസ് റോഡിനും ഇടയിൽ ഉയരവ്യത്യാസവും കുഴികളും കല്ലുകളും അപകടഭീഷണിയായിട്ട് വർഷങ്ങളായി.
ഇത് പരിഹരിക്കുന്നതിനാണ് കരാർ കമ്പനി ദേശീയപാതയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി ചുരണ്ടിയെടുത്ത ടാറിങ് അവശിഷ്ടങ്ങൾ ഇവിടെ നിക്ഷേപിച്ചത്. പുതുക്കാട് മേൽപാലം വരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് സർവീസ് റോഡ് ഇവിടെ പൂർണമായി നിർമിച്ചിരുന്നില്ല. ദേശീയപാതയ്ക്കും സർവീസ് റോഡിനും ഇടയിൽ ഡിവൈഡർ സ്ഥാപിക്കാത്തതിനാൽ വലിയ അപകടഭീഷണിയും നിലവിലുണ്ട്. ടോൾ നൽകി പോകുന്ന പ്രദേശമായ ഇവിടെ ആകെ ഇരുട്ടാണ്. ആവശ്യത്തിന് തെരുവുവിളക്കുകളും പ്രദേശത്ത് സ്ഥാപിച്ചിട്ടില്ല. ടാറിങ് അവശിഷ്ടങ്ങളുടെ കൂനയിൽ ബൈക്ക് ഇടിച്ചുമറിഞ്ഞ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.