ആനമല പാതയിൽ കാട്ടാന വിനോദസഞ്ചാരികളുടെ കാർ ആക്രമിച്ചു
Mail This Article
മലക്കപ്പാറ ∙ ആനമല പാതയിൽ തോട്ടാപ്പുര ഭാഗത്ത് ഇരുവശങ്ങളിൽ നിന്നും വന്ന വാഹനങ്ങളുടെ ഇടയിൽ കുടുങ്ങിയ കാട്ടാന കാർ ആക്രമിച്ചു. കാർ യാത്രികരായ ഏഴംഗ കുടുംബം ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുപ്പൂർ സ്വദേശികളായ വിനോദസഞ്ചാരികളാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഷോളയാർ വ്യൂ പോയിന്റ് പരിസരത്തു കാട്ടാനയുടെ മുൻപിൽ അകപ്പെട്ടത്. ബന്ധുക്കൾ അടങ്ങുന്ന സംഘം 2 കാറുകളിലായിരുന്നു യാത്ര ചെയ്തിരുന്നത്. കാട്ടാന പാഞ്ഞടുത്തപ്പോൾ പിറകിലുണ്ടായിരുന്ന കാർ പിന്നോട്ടെടുത്തു രക്ഷപ്പെട്ടു.
മുൻപിലുണ്ടായിരുന്ന കാർ പിന്നോട്ടെടുത്തപ്പോൾ റോഡരികിൽ കുടുങ്ങി. കാറിന്റെ മുൻഭാഗത്ത് ആനയുടെ തുമ്പിക്കൈ കൊണ്ടടിച്ചു. എതിർദിശയിൽ നിന്നു വന്ന ലോറി അടുത്തേക്കു കൊണ്ടു ചെന്നപ്പോഴാണ് ആന പിന്മാറിയത്. ഇരുവശങ്ങളിൽ നിന്നും ഒരേസമയം വാഹനങ്ങൾ വന്നപ്പോഴാണ് റോഡിൽ നിന്നിരുന്ന ആന ചെറിയ വാഹനത്തിനു നേരെ തിരിഞ്ഞതെന്നു വനംവകുപ്പ് അറിയിച്ചു.