ഗുരുവായൂരിൽ സ്വർണക്കോലം എഴുന്നള്ളിച്ചു; ഇന്ന് നവമി നെയ് വിളക്ക്
Mail This Article
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഏകാദശി ആഘോഷം പ്രധാന ഘട്ടത്തിൽ. ഇന്നലെ രാത്രി അഷ്ടമി വിളക്കിന് കൊമ്പൻ ഗോകുലിന്റെ പുറത്ത് സ്വർണക്കോലം എഴുന്നള്ളിച്ചു. ഇടയ്ക്ക, നാഗസ്വര പ്രദക്ഷിണത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ്പ് നീങ്ങിയപ്പോൾ ചുറ്റുവിളക്കുകളിൽ നറുനെയ്ത്തിരികൾ തെളിഞ്ഞു. പുളിക്കിഴെ വാരിയത്ത് കുടുംബം വകയായിരുന്നു അഷ്ടമി വിളക്ക്. സാധാരണ 3 ആനകളെ വിളക്കിന് എഴുന്നള്ളിച്ചിരുന്നത് ഇന്നലെ ഒരാന മാത്രമായി. ഇന്നു കൊളാടി കുടുംബം വക നവമി നെയ് വിളക്കാണ്. ഇത് പണ്ടത്തെ ഏക നെയ് വിളക്കായിരുന്നു. നമസ്കാര സദ്യയും പ്രധാനമാണ്. ഡോ. കെ.ജയകൃഷ്ണന്റെ പേരിലുള്ള വിളക്കിന് രാത്രി ചുറ്റുവിളക്കുകൾ നെയ് നിറച്ച് തെളിക്കും. ഗുരുവായൂർ ശശി മാരാരുടെ മേളവുമുണ്ട്.
നാളെ ദശമി വിളക്ക്
ഗുരുവായൂർ ∙ നാളെ ദശമി പുലർച്ചെ 3 മുതൽ ദ്വാദശി ദിവസമായ വ്യാഴം രാവിലെ 9 വരെ ക്ഷേത്രനട തുറന്നിരിക്കും. പൂജകൾക്കു മാത്രമേ നട അടയ്ക്കൂ. ഭക്തർക്ക് സുഗമമായ ദർശനത്തിനാണിത്. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ പേരിൽ ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് നടത്തുന്ന ദശമി നെയ് വിളക്ക് നാളെയാണ്. 3 നേരം എഴുന്നള്ളിപ്പ്, മേളം, പഞ്ചവാദ്യം, നമസ്കാര സദ്യ, സാധുക്കൾക്ക് നാരായണാലയത്തിൽ അന്നദാനം, നാമയജ്ഞം, ദീപാലങ്കാരം, പുഷ്പാലങ്കാരം എന്നിവയുണ്ടാകും.
ചെമ്പൈ സംഗീത മണ്ഡപത്തിൽ പഞ്ചരത്ന കീർത്തനാലാപനം നാളെ രാവിലെ 9ന് ആരംഭിക്കും. നൂറോളം കലാകാരന്മാർ ഒരുമിച്ച് ത്യാഗരാജ ഭാഗവതരുടെ 5 കീർത്തനങ്ങൾ ആലപിക്കും. ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം നാളെയാണ്. കാലത്ത് 6.30ന് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് 5 ആനകളോടെ ഗജഘോഷയാത്ര ആരംഭിച്ച് തെക്കേനടയിലെ കേശവ പ്രതിമയ്ക്കു മുന്നിലെത്തും. കൊമ്പൻ ഇന്ദ്രസെൻ ആദരം അർപ്പിക്കും.
മൂന്നാനകളോടെ വിളക്കെഴുന്നള്ളിപ്പ് ഇനി ഓർമകളിൽ
ഗുരുവായൂർ ∙ ശനിയാഴ്ച രാത്രി നെന്മിനി മന വക സപ്തമി വെളിച്ചെണ്ണ വിളക്കിന് 3 ആനകളെ എഴുന്നള്ളിച്ചത് ക്ഷേത്രത്തിൽ 3 ആനകളോടെയുള്ള അവസാനത്തെ എഴുന്നള്ളിപ്പായി മാറി. അപൂർവമായി മാത്രം കോലം എഴുന്നള്ളിക്കാറുള്ള കൊമ്പൻ പീതാംബരൻ നടുവിൽ നിന്നു കോലമേറ്റി. ഗോപീകൃഷ്ണനും വിനായകനും ഇടംവലം നിരന്നു. ഹൈക്കോടതി നിർദേശം അനുസരിച്ച് ക്ഷേത്രത്തിൽ വിളക്കിനും കാഴ്ചശീവേലിക്കും ഒരാന മാത്രം മതിയെന്ന ദേവസ്വം തീരുമാനം ഇന്നലെ നടപ്പായി. അഷ്ടമി വിളക്കിന് കോലം എഴുന്നള്ളിക്കാൻ കൊമ്പൻ ഗോകുൽ മാത്രം. ഇടംവലം നിരക്കാൻ ആനകളില്ല.
സാധാരണ വിളക്കിനും കാഴ്ചശീവേലിക്കും മൂന്നാനകൾ പതിവുണ്ട്. മണ്ഡലകാലത്ത് ആദ്യത്തെ 30 ദിവസം രാവിലത്തെ ശീവേലിക്കും 3 ആനകൾ പതിവുണ്ടായിരുന്നു. ഇതെല്ലാം നിർത്തലാക്കി. ദേവസ്വം തീരുമാനത്തെ തുടർന്ന് ഏകാദശി ദിവസം രാവിലെ 9ന് പതിവുള്ള പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30ന് ആക്കി. ദശമി ദിവസത്തെ ഗജരാജൻ കേശവൻ അനുസ്മരണ ഗജ ഘോഷയാത്രയ്ക്ക് ആനകളുടെ എണ്ണം 5 ആക്കി കുറച്ചു. സാധാരണ 15 ആനകൾ പങ്കെടുക്കാറുണ്ട്.