നെൽവില കേന്ദ്രം കൂട്ടിയപ്പോൾ കേരളം കുറച്ചു; കർഷകരുടെ പ്രതിഷേധം ശക്തം
Mail This Article
ഏനാമാവ് ∙ നെൽവിലയുടെ ഉൽപാദന ബോണസ് കേന്ദ്രം കൂട്ടിയപ്പോൾ കേരളം കുറച്ചു. ഫലത്തിൽ കൂടിയ തുക കേരളത്തിലെ നെൽക്കർഷകർക്ക് ലഭിക്കില്ല. സംഭവത്തിൽ മുല്ലശേരി - ഏനാമാവ് കോൾ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധിച്ചു. 2021 – 2022 കാലഘട്ടത്തിൽ കേന്ദ്ര വിഹിതം 19 രൂപ 40 പൈസയും സംസ്ഥാന വിഹിതം 8 രൂപ 60 പൈസയും ചേർത്ത് ഒരു കിലോ നെല്ലിന് കർഷകർക്ക് 28 രൂപയാണ് ലഭിച്ചിരുന്നത്. 2022 – 2023ൽ കേന്ദ്ര വിഹിതം 20 രൂപ 40 പൈസയായി വർധിപ്പിച്ചപ്പോൾ സംസ്ഥാന വിഹിതം 8രൂപ 60 പൈസയിൽ നിന്ന് 7 രൂപ 80 പൈസയായി കുറച്ചു. നെല്ലിന്റെ വില കിലോയ്ക്ക് 28 രൂപ 20 പൈസ മാത്രമായി. ഒരു കിലോ നെല്ലിന് കേന്ദ്രം കൂട്ടിയ ഒരു രൂപയിൽ 80 പൈസ കർഷകന് നഷ്ടമായി. 2023 – 2024 ൽ കേന്ദ്ര വിഹിതം 21 രൂപ 83 പൈസയായി വർധിപ്പിച്ചപ്പോൾ സംസ്ഥാന വിഹിതം 6 രൂപ 37 പൈസയായി വീണ്ടും കുറച്ചു. ഫലത്തിൽ നെല്ലിന്റെ വില കർഷകന് കൂടിയില്ല. കഴിഞ്ഞ വർഷം ലഭിച്ച അതേ 28 രൂപ 20 പൈസയാണ് കർഷകന് ഇത്തവണയും ലഭിക്കുക.
ഇത്തവണ കേന്ദ്രം കൂട്ടിയ ഒരു രൂപ 43 പൈസയും കർഷകന് നഷ്ടമായി. ഇതാണ് കർഷക പ്രതിഷേധത്തിനു കാരണം. കഴിഞ്ഞ സീസണിൽ ഉഷ്ണ തരംഗം മൂലം വിളവ് ഗണ്യമായി കുറഞ്ഞതിനാൽ ഭൂരിഭാഗം കർഷകർക്കും കൃഷി ലാഭകരമായിരുന്നില്ല. ഇൗ സാഹചര്യത്തിൽ സംസ്ഥാനം വെട്ടിക്കുറച്ച ഉൽപാദന ബോണസ് കർഷകന് വർധിപ്പിച്ച് നൽകുക, നെല്ല് വില കിലോയ്ക്ക് 35 രൂപയാക്കുക, വളയം ബണ്ട് നിർമാണം ഉടൻ പൂർത്തിയാക്കുക, റഗുലേറ്ററുകളുടെ നവീകരണം യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു. ഏനാമാവ് റഗുലേറ്ററിന് സമീപം നടന്ന പ്രതിഷേധ പ്രകടനം മതുക്കര തെക്ക് കോൾപ്പടവ് പ്രസിഡന്റ് ഇ.ഡി.യേശുദാസ് ഉദ്ഘാടനം ചെയ്തു. കോൾ കർഷക കൂട്ടായ്മ ചെയർമാൻ പി.പരമേശ്വരൻ അധ്യക്ഷനായി. ടി.ഐ.ജോബി, കെ.കെ.ഗൗതമൻ, സി.എഫ്.ഷിന്റോ, കെ.കെ.അനീഷ്, ടി.വി.വിശ്വംഭരൻ, എൻ.ആർ.ഉണ്ണിക്കൃഷ്ണൻ, അക്ബർ കെട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.