ആമ്പല്ലൂരിലെ വീടുകളിലേക്ക് ശുദ്ധജലം: പൈപ്പിടൽ ആരംഭിച്ചു
Mail This Article
ആമ്പല്ലൂർ ∙ ടൗണിനോട് ചേർന്നുള്ള വീടുകളിലേക്ക് ശുദ്ധജല വിതരണത്തിന് പൈപ്പിടൽ ആരംഭിച്ചു. ‘ആമ്പല്ലൂരിനും വേണം കുടിവെള്ളം’ എന്ന തലക്കെട്ടിൽ കഴിഞ്ഞ 19ന് മലയാള മനോരമ നൽകിയ വാർത്തയെ തുടർന്ന് കെ.കെ.രാമചന്ദ്രൻ എംഎൽഎ ഇടപെട്ടതോടെയാണ് പൈപ് കണക്ഷൻ നൽകാൻ തീരുമാനമായത്. 10 ദിവസത്തിനകം ഇവിടേക്ക് വെള്ളം എത്തിക്കാനാകുമെന്നാണ് കരുതുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരിയും വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
പ്രദേശത്തെ ചില കിണറുകളിൽ ഉപയോഗശൂന്യമായ മഞ്ഞ നിറത്തിലുള്ള വെള്ളമാണ് ലഭിക്കുന്നത്. അതിനാൽ വീട്ടുകാരും വ്യാപാരികളും ശുദ്ധജലം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലായിരുന്നു. പതിനായിരങ്ങൾ ചെലവഴിച്ച് ഫിൽറ്ററുകൾ സ്ഥാപിക്കേണ്ടിവന്നു. ശുദ്ധജല വിതരണ പൈപ് സ്ഥാപിക്കണമെന്നത് കാൽ നൂറ്റാണ്ടിലേറെയായുള്ള ആവശ്യമായിരുന്നു. ആദ്യഘട്ടത്തിൽ വീടുകളിലേക്കാണ് കണക്ഷൻ നൽകുന്നത്.
അളഗപ്പനഗർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് പൈപ് ലൈൻ സ്ഥാപിക്കൽ ആരംഭിച്ചത്. കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ പി.എസ്.പ്രീജു, സജ്‌ന ഷിബു, വി.കെ.വിനീഷ് എന്നിവർ പ്രസംഗിച്ചു.